Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോവൈകല്യം ജ്യോതിഷ വീക്ഷണത്തിൽ

Mental illness in astrology മുൻജന്മത്തില്‍ ചെയ്ത പാപകർമ്മങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ രോഗത്തിന് കാരണമായി തീരുന്നത്

ലോക സംസ്കാരങ്ങളിൽ വെച്ച് ഉന്നതിയിൽ നിൽക്കുന്ന ഒന്നാണ് ഭാരതസംസ്കാരം. എന്തുകൊണ്ടെന്നാൽ സംപൂജ്യരും ജ്ഞാനികളുമായിരുന്ന ഋഷിവര്യന്മാർ അധിവസിച്ചിരുന്ന രാജ്യമാണ് ഭാരതം. വിവിധ ഭാഷകൾ, പല തരത്തിലുള്ള ആചാരങ്ങൾ, വ്യത്യസ്തമായ അനുഷ്ഠാനങ്ങൾ, വിവിധ ശാസ്ത്രങ്ങൾ.... എല്ലാം ഇവിടെ ഇന്നും അസ്തമിക്കാതെ കെടാവിളക്ക് പോലെ നിലനിൽക്കുന്നു. അക്കൂട്ടത്തിലൊരു പുരാതന ശാസ്ത്രശാഖയാണ് ഭാരതീയ ജ്യോതിഷവും.

മനുഷ്യനന്മയ്ക്കായി ഭാരതീയ ഋഷീശ്വരന്മാരാൽ ജ്ഞാനദൃഷ്ടികൊണ്ട് രൂപപ്പെടുത്തിയെടുത്ത അതിവിസ്തൃതമായ ജ്യോതിശ്ശാസ്ത്രത്തിൽ അനവധി വിഷയങ്ങൾ അടങ്ങിയിട്ടുള്ളതും നിരവധി ശാസ്ത്രങ്ങളുടെ സമ്മേളനവുമാണ്. ജ്യോതി–ജ്യോതിഷ സംവാദം സംഘടിപ്പിച്ച ഈ സെമിനാറിൽ ചിന്തനീയമായ വിഷയം മനോവൈകല്യം ജ്യോതിഷ വീക്ഷണത്തിൽ.

വിവിധ ജ്യോതിഷ ഗ്രന്ഥങ്ങളിൽ അനവധി പ്രമാണങ്ങളിൽ കൂടി അതിവിപുലമായി പറഞ്ഞിട്ടുള്ള ഒരു പ്രധാന വിഷയമാണ് രോഗ നിർണ്ണയം. അതി സങ്കീർണ്ണമായ ഈ വിഷയം ജാതകത്തിലൂടെയും പ്രശ്നത്തിലൂടെയും ഒറ്റ നോട്ടത്തിൽ ഒരു ജ്യോത്സ്യന് മനസ്സിലാക്കുക എന്നത് ദുഷ്കരമാണ്. എന്നാൽ ദൈവാനുഗ്രഹവും ശാസ്ത്രജ്ഞാനവും കൂടി സമ്മേളിക്കുമ്പോൾ സാധിക്കുകയും ചെയ്യും.

ഇവിടെ ചർച്ച ചെയ്യേണ്ട “മനോവൈകല്യം” എന്ന വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് രോഗത്തിനെ സംബന്ധിച്ച് പൊതുവായി ജ്യോതിഷ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള ചില കാര്യങ്ങൾ ഒന്ന് വിശദീകരിക്കാം.

ഒരു പ്രമാണത്തിൽ ഇങ്ങനെ പറയുന്നു.

രോഗം ത്രീദോഷജനിതം, ഭിഷജോ വദന്തി

ജ്യോതിർവിദോ ഗ്രഹപീഡനമാമനന്തി

ബാധാഭിവേശമിതി, മന്ത്രവിദോവദന്തി

പ്രാരബ്ധകർമ്മ ഫലമാത്മ വിദോവദന്തി

ലോകത്തിൽ രോഗ പീഡിതരുടെ രോഗത്തിന്റെ കാരണം പലതായിട്ടാണ് പറയുന്നത്.

ഒന്നാമത് പറയുന്നത് വാത–പിത്ത–കഫങ്ങൾ കോപിച്ചാണ് രോഗം ഉണ്ടാകുന്നതെന്ന്, മറ്റൊന്ന് ഗ്രഹചാരജന്യ ദോഷം കൊണ്ടാണ് രോഗത്തിന്റെ കാരണമെന്ന്, ഭൂതങ്ങള്‍ ആവേശിക്കുന്നത് കൊണ്ടാണ് രോഗം ഉണ്ടാകുന്നത് എന്ന് മറ്റൊരു തരത്തിൽ പറയുന്നു, അവസാനത്തേതാകട്ടെ പ്രാരബ്ധകർമ്മഫലം കൊണ്ടാണ് രോഗം ഉണ്ടാകുന്നതെന്നും പറയുന്നു. ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ പറയുന്നത് എല്ലാം സത്യം തന്നെ. വാസ്തവത്തിൽ തന്റെ പാപം തന്നെയാണ് രോഗത്തിന് മുഖ്യകാരണമെന്ന് പറയാം. അത് ഭൂതബാധാ രൂപമായും ഗ്രഹചാര ദോഷമായും, വാതാദി ദോഷകോപരൂപമായും മൂന്ന് തരത്തിൽ പരിണമിക്കുന്നുവെന്നെയുള്ളൂ. അതിനാൽ മൂലകാരണം പൂർവ്വാജിതമായിരിക്കുന്ന പാപം തന്നെ എന്ന് സിദ്ധിക്കുന്നു. അതായത് മുൻജന്മത്തില്‍ ചെയ്ത പാപകർമ്മങ്ങളുടെ ഫലമാണ് ഈ ജന്മത്തിൽ രോഗത്തിന് കാരണമായി തീരുന്നത്. അത് മനോ വൈകല്യമുൾപ്പെടെ പലതരത്തിലുള്ള രോഗമായി തീരുകയും ചെയ്യുന്നു.

ജന്മാന്തര കൃതം പാപം വ്യാധിരൂപേണ ജായതേ

തച്ഛാന്തിരൗഷധൈര്‍ദാനൈർ ജപഹോമർച്ചനാദിഭിഃ എന്ന് പ്രമാണവുമുണ്ട്.

രോഗം നാല് വിധത്തിലുണ്ട്

ജ്യോതിഷത്തിലെ പ്രധാന ഗ്രന്ഥമായ പ്രശ്നമാർഗ്ഗത്തിൽ ഇതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്.

രോഗാസ്തു ദ്വിവിധാ ജ്ഞേയാ നിജാഗന്തുകഭേദതഃ

നിജാശ്ചാഗന്തുകശ്ചാപി പ്രത്യേകം ദ്വിവിധാ പുനഃ

നിജാഃ ശരീരചിത്തോത്ഥാ ദൃഷ്ടാദൃഷ്ട നിമിത്തജാഃ

തഥൈവാഗന്തുകശ്ചൈവം വ്യാധയഃ സ്യുശ്ചതുർവിധാഃ

പ്രധാനമായി രോഗങ്ങൾ നിജരോഗങ്ങളെന്നും ആഗന്തക രോഗങ്ങളെന്നും രണ്ട് പ്രകാരത്തിലാകുന്നു. നിജരോഗങ്ങൾ സ്ഥായിയായിട്ടുള്ളതും (നിലനിൽക്കുന്നത്) ആഗന്തുക രോഗങ്ങൾ വന്ന് ചേരുന്നതുമാണ്. ഈ നിജരോഗങ്ങളെയും ആഗന്തുക രോഗങ്ങളെയും വീണ്ടും രണ്ട് പ്രകാരത്തിൽ തരം തിരിച്ചിട്ടുണ്ട്. അതെങ്ങിനെയെന്നാൽ നിജരോഗങ്ങള്‍ ശരീരോത്ഥങ്ങളെന്നും ചിത്തോത്ഥങ്ങളെന്നും രണ്ട് പ്രകാരത്തിലും ആഗന്തുക രോഗങ്ങൾ ദൃഷ്ടനിമിത്തങ്ങളെന്നും അദൃഷ്ടനിമിത്തങ്ങളെന്നും രണ്ട് തരത്തിലുമാകുന്നു. ഇങ്ങനെ നോക്കിയാൽ രോഗങ്ങൾ ആകെ നാല് വിധത്തിലാണ്. ഇതിൽ ശരീരോത്ഥങ്ങളെന്നാൽ ശാരീരികമായിട്ടുള്ളതും ചിത്തോത്ഥങ്ങളെന്നാൽ മാനസികമായിട്ടുള്ളതും അതുപോലെ ദൃഷ്ടനിമിത്തങ്ങളെന്നാൽ കാരണങ്ങൾ പ്രത്യക്ഷത്തിൽ കാണാവുന്നതും, അദൃഷ്ടനിമിത്തങ്ങളെന്നാൽ കാരണങ്ങൾ പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്തതുമാണ്.

(ആഗന്തുക രോഗത്തിൽപ്പെട്ട ദൃഷ്ടനിമിത്തങ്ങൾ അതായത് കാരണം പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നത് അതിന് ഉദാഹരണം വീണിട്ട് കൈയൊടിയുക, വീണിട്ട് തലയ്ക്ക് കേട് സംഭവിച്ച് മനോവൈകല്യത്തിന് ഇടവരുക, അദൃഷ്ട നിമിത്തങ്ങൾക്ക് അതായത് കാരണം പ്രത്യക്ഷത്തിൽ കാണാൻ സാധിക്കാത്തത് ഉദാഹരണം:– ആഭിചാരം, ശാപം, ഭയപ്പാട്... മുതലായവയിൽ നിന്ന് മനോവൈകല്യം ഉണ്ടാകുക.)

നിജരോഗങ്ങളെ മനസ്സിലാക്കുന്നത് അഷ്ടമഭാവം, അഷ്ടമാധിപൻ, അഷ്ടമത്തിലേക്ക് നോക്കിയ ഗ്രഹം, അഷ്ടമത്തിൽ നിൽക്കുന്ന ഗ്രഹം ഇവകളെ കൊണ്ടും, ആഗന്തുക രോഗങ്ങളെ ചിന്തിക്കുന്നത് ആറാംഭാവം, ആറാംഭാവാധിപൻ, ആറാംഭാവത്തിലേക്ക് നോക്കിയ ഗ്രഹം, ആറാംഭാവത്തിൽ നിൽക്കുന്ന ഗ്രഹം ഇവകളെകൊണ്ടുമാണ്. നിജരോഗങ്ങളെകൊണ്ടും ആഗന്തുക രോഗങ്ങളെകൊണ്ടും ഒരാൾക്ക് മനോവൈകല്യം സംഭവിക്കാവുന്നതാണ്. ജാതകവും പ്രശ്നവും കൂടി സംയോജിപ്പിച്ച് ഈ വക നിയമങ്ങളും ഇതര ഗ്രന്ഥങ്ങളിലെ പ്രമാണങ്ങളും കൂട്ടിചേർത്ത് ഒരാളുടെ മനോവൈകല്യത്തിന്റെ കാരണത്തെ കുറിച്ച് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നതാണ്. മനോവൈകല്യം കാണിക്കുന്ന നിരവധി യോഗങ്ങളുണ്ടെങ്കിലും ഉദാഹരണമായി ഒന്ന് രണ്ട് യോഗങ്ങൾ പറയാം.

മനോവൈകല്യം സൂചിപ്പിക്കുന്ന നിജരോഗത്തിൽ ചിത്തോത്ഥമെന്ന വിഭാഗത്തിൽ പെടുന്ന ഒരു യോഗം പ്രശ്നമാർഗ്ഗത്തിൽ പറയുന്നത്.

ക്രോധസാധ്വസശോകാദിവേഗജാതാസ്തു മാനസാഃ

ജ്ഞേയാ രന്ധ്ര മനോനാഥ മിഥേയോഗേക്ഷണാദിഭിഃ

നിജങ്ങളായ മാനസികരോഗങ്ങളെന്ന് പറയുന്നത് കോപം, ഭയം, ദുഃഖം, കാമം മുതലായ മനോവികാരങ്ങൾ നിമിത്തമുണ്ടാകുന്ന വ്യാധികളാകുന്നു അഷ്ടമാധിപനും അഞ്ചാം ഭാവാധിപനും തമ്മിൽ യോഗം, ദൃഷ്ടി, അന്യോന്യ കേന്ദ്രസ്ഥിതി മുതലായ സംബന്ധം കൊണ്ടാകുന്നു ഇതുകളെ അറിയേണ്ടത്. മറ്റൊരു യോഗം “ബൃഹത്ജാതക പദ്ധതി”യിൽ ഒരു ശ്ലോകത്തിൽ പറയുന്നത്.

ദാക്ഷിണ്യരൂപ ധനഭോഗഗുണൈഃ പ്രധാന–

ശ്ചന്ദ്രേകുളീരവൃഷഭാജഗതേ വിലഗ്നേ

ഉന്മത്തനീചബധിരാ വികലശ്ചുമൂക–

ശ്ശേക്ഷേ നരോ ഭവതി കൃഷ്ണതനൌ വിശേഷാൽ

മേടം, ഇടവം, കർക്കടകം എന്നീ രാശികൾ ഒഴിച്ച് മറ്റ് രാശികളേതെങ്കിലും ലഗ്നമാകുകയും ലഗ്നത്തിൽ ചന്ദ്രൻ വരുകയും ചെയ്താൽ ഭ്രാന്തനോ, നീചനോ ആകുകയും ചെവി, കണ്ണ്.. തുടങ്ങി മറ്റ് അംഗങ്ങൾക്കൊ വൈകല്യം സംഭവിക്കുമെന്നും പറയുന്നു. “ചേതോ ബുദ്ധി നൃപ പ്രസാദ ജനനീ സമ്പത്ക്കര ശ്ചന്ദ്രമഃ” എന്ന ചന്ദ്രന്റെ കാരകത്വമനുസരിച്ച് ജാതകത്തിലായാലും പ്രശ്നത്തിലായാലും ചന്ദ്രന്റെ സ്ഥിതി മനോവൈകല്യ നിരൂപണത്തിൽ പ്രധാനപ്പെട്ടതാണ്. ഉന്മാദലക്ഷണം പറയുന്ന “ലഗ്നസ്ഥേധിഷണേ ദിവാകര സുതോ ഭൌമോഥവാ ദ്യൂനഗൗ..” എന്നു തുടങ്ങുന്ന പ്രശ്നമാർഗ്ഗത്തിലെ പ്രധാനപ്പെട്ട ശ്ലോകത്തിലും ചന്ദ്രനെ കുറിച്ച് പറയുന്നുണ്ട്.

രോഗനിവാരണം

രോഗശമനത്തിന് ചികിത്സയോടൊപ്പം ജ്യോതിഷത്തിൽ കൂടിയുള്ള പരിഹാരകർമ്മങ്ങളും വേണം. എന്തിനാണ് പരിഹാരകർമ്മങ്ങള്‍ ചെയ്യുന്നത് എന്നതിന്റെ പ്രാധാന്യവും, താത്വികമായ വശവുമാണ് പറയുന്നത്.

യഥാ കാര്യേഷു സാമഗ്രീ ദൃഷ്ടാദൃഷ്ടോഭയാത്മികാ

തഥോക്താ രോഗനാശേഷു പ്രായശ്ചിത്തൗഷധാത്മികാ

എല്ലാവിധകാര്യങ്ങളും സാധിക്കാൻ രണ്ടുവിധം കാരണം വേണം. ഒന്ന് ദൃഷ്ടകാരണം മറ്റൊന്ന് അദൃഷ്ടകാരണം. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെകൊണ്ട് മനസ്സിലാക്കുവാൻ കഴിയുന്നത് ദൃഷ്ടകാരണവും ഇന്ദ്രിയങ്ങളെകൊണ്ട് മനസ്സിലാക്കുവാൻ സാധിക്കാത്തത് അദൃഷ്ടകാരണവുമാണ്. ഇത് പുണ്യപാപം എന്നീ രൂപത്തിലാകുന്നു. ഉദാഹരണമായി പറഞ്ഞാല്‍ ഒരാൾക്ക് ഒരു വീട് പണിയണമെങ്കിൽ കല്ല്, മരം, പണിയുന്ന ആളുകൾ മുതലായവ വേണം. ഇതിനെ ദൃഷ്ടകാരണങ്ങൾ എന്ന് പറയാം. അതുപോലെ അദൃഷ്ടകാരണങ്ങളെന്ന് പറയുന്നത് ഈ വീട് പണിയുവാനുള്ള യോഗവുമാകുന്നു. അതായത് ഏത് കാര്യങ്ങൾ ശരിയാകുവാൻ മാനുഷികമായ പ്രയത്നം മാത്രം പോരാ ദൈവനിയോഗവും വേണമെന്നർത്ഥം. ഇതുപോലെ തന്നെ രോഗശമനത്തിനും രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് ഔഷധസേവയും, അതായത് ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുക മറ്റൊന്ന് പ്രായശ്ചിത്തവും. എന്നുവച്ചാൽ ജാതകവും പ്രശ്നവും നോക്കി ദോഷങ്ങളെ മനസ്സിലാക്കി വിധിപ്രകാരമുള്ള പരിഹാരകർമ്മങ്ങൾ ചെയ്യുക.

വേദത്തിന്റെ ചക്ഷസ്സും (കണ്ണ്), അതി ബൃഹത്തുമായ ജ്യോതിശ്ശാസ്ത്രം ശാസ്ത്രീയമായിട്ടുള്ളതും അനവധി നിയമങ്ങള്‍ കൂടിയും തത്വങ്ങൾ കൂടിയുമാണ് കടന്ന് പോകുന്നത്. ശാസ്ത്രം ശുദ്ധിയോടും, അറിവോടും, സിദ്ധിയോടും കൂടി കൈകാര്യം ചെയ്യുകയും ഭക്തിയോടും, വിശ്വാസത്തോടും കൂടി ശാസ്ത്രത്തെ സമീപിക്കുകയും ചെയ്യുമ്പോൾ ജ്യോതിശ്ശാസ്ത്രം കൊണ്ട് സമൂഹത്തിന് നന്മവരുമെന്നതിൽ സംശയമില്ല.

ലേഖകന്റെ വിലാസം:

A.S. Remesh Panicker

Kalarickel House, Chittanjoor P.O.

Kunnamkulam, Thrissur Dist.

Resi: 04885 220886, Mob: 9847966177

Email: remeshpanicker17@gmail.com

Website: remeshpanicker.com

തൃശ്ശൂരിൽ “ജ്യോതി–ജ്യോതിഷ സംവാദം” എന്ന സംഘടന സംഘടിപ്പിച്ച സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം.