Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാക്കയ്ക്ക് ഭക്ഷണം കൊടുത്താൽ?

The reason behind giving food to crow നിത്യവും കാക്കയ്ക്ക് ചോറ് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല

പണ്ടു മുതലേ പല വീടുകളിലും കാക്കയ്ക്ക് ചോറ് കൊടുക്കുന്ന സമ്പ്രദായം നില നിന്നിരുന്നു. എന്നാല്‍ പലർക്കും അത് എന്തിന് വേണ്ടിയാണ് എന്ന് അറിയില്ല. ഏന്തെങ്കിലും ദോഷമുണ്ടാകുമോ എന്ന് മറ്റൊരു കൂട്ടർ. പാമ്പിന് പാലു കൊടുക്കുന്നത് പോലെ പിന്നെ കുഴപ്പമായാലോ എന്നാണ് സംശയം.

കാക്കയ്ക്ക് പിതൃക്കളുമായി ബന്ധമുണ്ടെന്നാണ് വിശ്വാസം. കാക്ക ശനിഗ്രഹത്തിന്റെ അഥവാ ശനീശ്വരന്റെ വാഹനമാണ്. അതിനാൽ തന്നെ ശനിദോഷ പരിഹാരം കൂടിയാണ് കാക്കയ്ക്ക് ചോറു കൊടുക്കുന്നത്. ഏഴര ശനി, കണ്ടകശനി, ശനിദശാകാലങ്ങളിലൂടെ കടന്ന് പോകുന്നവരും, പിന്നെ നക്ഷത്രപ്രകാരം പക്ഷി കാക്കയായി വരുന്ന ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം എന്നിവരും, ശനിയുടെ രാശിയിൽ ജനിച്ചവരും മറ്റും കാക്കയ്ക്ക് ചോറ് കൊടുക്കുന്നത് നല്ലതാണ്.

പിതൃക്കൾക്ക് ബലി ഇടുമ്പോൾ കാക്കയ്ക്ക് ചോറ് കൊടുക്കുന്നതാണ് ഉത്തമം. കാക്കകൾ ഇല്ലാത്ത സാഹചര്യത്തിൽ അവ ഇല്ലാത്ത നാടുകളിലും മത്സ്യത്തിന് ചോറു കൊടുക്കാം. പല ക്ഷേത്രങ്ങളിലും മത്സ്യത്തിന് മലര്, പൊരി എന്നിവ കൊടുക്കുന്ന വഴിപാടുകളും ഉണ്ട്. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലും ഇപ്പോഴും ഇത് തുടരുന്നു. മത്സ്യം മഹാവിഷ്ണുവിന്റെ ആദ്യ അവതാരം ആണ് എന്നാണ് സങ്കൽപം.

തിരുവോണ നാളില്‍ പശുവിനെ കുളിപ്പിച്ച് കുറിയിട്ട് ഇലയിൽ സദ്യനൽകുന്ന സമ്പ്രദായവും കർഷകരുടെ ഇടയിൽ നിലനിന്നിരുന്നു. സഹജീവികളോടുള്ള മനുഷ്യന്റെ സ്നേഹം കരുതൽ എന്നിവ കൂടിയാണ് ഇതിലൂടെ പ്രകടമാകുന്നത്. സാക്ഷാൽ ശ്രീരാമൻ വനവാസകാലത്ത് സീതയുടെ മടിയിൽ തലവെച്ച് കിടന്നുറങ്ങിയ ഒരു പകൽ സമയത്ത് ഒരു കാക്ക വന്ന് സീതയെ കൊത്തി പരിക്കേൽപ്പിച്ചു. ഉറക്കമുണർന്ന രാമൻ ഒരു പുല്ലെടുത്ത് മന്ത്രം ജപിച്ച് കാക്കയ്ക്ക് നേരെ എറിഞ്ഞു. അസ്ത്രം കണക്കെ അത് കാക്കയുടെ കണ്ണിൽ പതിച്ചു എന്നും അന്നു മുതലാണ് കാക്കകള്‍ ഒരുവശം ചരിഞ്ഞ് നോക്കാൻ തുടങ്ങിയത് എന്നാണ് ഐതീഹ്യം.

കാക്ക ശനിഗ്രഹമായും, പശു ബുധനുമായും, മത്സ്യം കേതുവായും ബന്ധമുണ്ട് എന്നാണ് ജ്യോതിഷമതം. ബലിയിടുമ്പോൾ ആദ്യം ബലിക്കാക്ക വേണം ചോറ് എടുക്കാൻ, കുറച്ച് വലിപ്പം കൂടുതലായി ശരീരം മുഴുവൻ ഒരുപോലെ കറുപ്പുനിറമുള്ളതാണ് ബലിക്കാക്ക. കാക്ക പെട്ടെന്ന് വന്ന് ചോറ് എടുക്കുക, ചോറ് കൊത്തി വലത്തേക്ക് പറന്ന് പോവുക തുടങ്ങിയവ നല്ല നിമിത്തമായാണ് കണക്കാക്കുന്നത്. കാക്ക ചോറെടുക്കാതിരിക്കുന്നത് പിതൃക്കളുടെ അതൃപ്തിയെ ആണ് സൂചിപ്പിക്കുന്നത്. കാക്കയ്ക്ക് വയ്ക്കുന്ന ചോറ് കോഴിയും നായയും എടുക്കാതെ സൂക്ഷിക്കുകയും വേണം.

നിത്യവും കാക്കയ്ക്ക് ചോറ് കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല. കാക്കകൾ കൂട്ടമായാണ് ഭക്ഷണം കഴിക്കുന്നത്. ഭക്ഷണം കണ്ടുകഴിഞ്ഞാൽ മറ്റുള്ളവയെ കൂടി വിളിച്ചുവരുത്തിയശേഷം ആണ് അവ ഭക്ഷിക്കുക. അവയുടെ ഐക്യം മാതൃകയാക്കാവുന്നതാണ്. കാക്ക വിരുന്നു വിളിച്ചാൽ (പ്രത്യേക തരത്തിൽ ശബ്ദിച്ചാൽ) വിരുന്നുകാർ എത്തും എന്ന് ഒരു വിശ്വാസം ഉണ്ട്.

ലേഖകൻ   

Dr. P. B. Rajesh    

Rama Nivas    

Poovathum parambil,   

Near ESI  Dispensary Eloor East

Udyogamandal.P.O

Ernakulam 683501   

 email : rajeshastro1963@gmail.com   

Phone : 9846033337

Read more: Astrology,  Astro consultancy, Soul mate