Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഗ്രഹസാഫല്യത്തിന് ആലത്തിയൂർ ഹനുമാൻ

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം

മനോജവം മാരുതതുല്യ വേഗം... കാറ്റിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന വായുപുത്രൻ  ഹനുമാൻ , കരുത്തിന്റെയും ധൈര്യത്തിന്റെയും പര്യായമായി കണക്കാക്കപ്പെടുന്ന ഹനുമാന്റെ പ്രതിഷ്ഠയുള്ള പുരാതന ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ  ആലത്തിയൂർ ഹനുമാൻ ക്ഷേത്രം. ഐതിഹ്യപ്രകാരം, ഏകദേശം 3000 വർഷങ്ങൾക്ക് മുൻപ് വസിഷ്ഠ മഹർഷിയാണ് ഈ ക്ഷേത്രത്തിൽ ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചത്.  ആദ്യകാലങ്ങളിൽ ആലത്തിയൂർ ഗ്രാമ നമ്പൂതിരി, വെട്ടത്ത് രാജ , കോഴിക്കോട് സാമൂതിരി എന്നിവർ ചേർന്നാണ് ക്ഷേത്രം സംരക്ഷിച്ചു പോന്നിരുന്നത്. സർവവിധ ക്ഷേത്രാചാരങ്ങളോടും കൂടിയാണ് ക്ഷേത്രം സംരക്ഷിച്ചു വരുന്നത്. 

കേരളത്തിലെ ഹനുമാൻ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആലത്തിയൂർ, ഇതിനു പിന്നിൽ മനോഹരമായൊരു ഐതിഹ്യമുണ്ട്. സീതയെത്തേടി ലങ്കയിലേക്ക് പോകുന്നതിനായി ഹനുമാൻ ചാടിയത് അനുസ്മരിപ്പിക്കാനായി ഇവിടെ പുരാതനമായ ഒരു തിട്ട സംരക്ഷിച്ചു വരുന്നു. മാത്രമല്ല, ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീരാമ സ്വാമിയുടേതാണ്. എന്നാൽ ക്ഷേത്രം അറിയപ്പെടുന്നതാകട്ടെ ഹനുമാന്റെ ക്ഷേത്രമെന്നും. അതുതന്നെയാണ് ഈ ഐതിഹ്യത്തിന്റെ പെരുമയും. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായി ആണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. 

രാവണൻ അശോകവനികയിൽ തടവിൽ പാർപ്പിച്ചിരുന്ന സീതയെ കാണാനായി ഹനുമാൻ പുറപ്പെട്ടപ്പോൾ, അതിനുള്ള മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും ശ്രീരാമൻ നൽകിയത് ഈ ക്ഷേത്ര പരിസരത്തു വസിച്ചാണ് എന്ന് ഐതിഹ്യം പറയുന്നു. ഇവിടുത്തെ ഹനുമാൻ പ്രതിഷ്ഠ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഒരു കയ്യിൽ ദണ്ഡ് പിടിച്ച് ശ്രീരാമ വചനങ്ങൾ കേട്ടിരിക്കുന്ന ഹനുമാനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.

ഈ ക്ഷേത്രത്തിനു കുറച്ചകലെയായി ലക്ഷ്മണ ക്ഷേത്രവും കാണാനാകും. സീതയെത്തേടി പോകുന്ന ഹനുമാനും ശ്രീരാമനും സ്വകാര്യസംഭാഷണത്തിനു വഴിയൊരുക്കി, ആ അവസരത്തിൽ ലക്ഷ്മണൻ അല്പം മാറി നിന്നതിനെ അനുസ്മരിച്ച് അല്പം അകലെയായി ലക്ഷ്മണക്ഷേത്രം പണിതിരിക്കുന്നത്. 

ക്ഷേത്രത്തോടനുബന്ധിച്ച് പണ്ട്, ഹനുമാൻ ലങ്കയിലേക്ക് ചാടിയത് എന്ന സങ്കൽപ്പത്തിൽ ഒരു തിട്ട കാണാനാകും.  ഈ തിട്ടയുടെ ഒരറ്റത്തായി  കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികൾ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ അപ്പുറത്തേക്ക് ചാടുന്നു. ഇത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണ്. ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീർഘായുസ്സ്, ധനം എന്നിവ നൽകും എന്നാണ് ഭക്തരുടെ വിശ്വാസം. അതിനാൽ തന്നെ ആലത്തിയൂർ ഹനുമാൻ ദർശനത്തിനായി എത്തുന്ന ആരും ഈ ചടങ്ങു ഒഴിവാക്കാറില്ല.

ആലത്തിയൂർ ഹനുമാൻ ക്ഷേത്രം ഹനുമാൻ ലങ്കയിലേക്ക് ചാടിയ സങ്കൽപം

ശ്രീരാമസ്വാമിയുടെ പ്രതിഷ്ഠ നാലുകൈകളോട് കൂടിയ വിഷ്ണുവിന്റെ രൂപത്തിലാണ്. ഗണപതി, അയ്യപ്പൻ, ഭഗവതി, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ  തുടങ്ങിയ ഉപദൈവങ്ങളെയും ഇവിടെ ആരാധിച്ചു പോരുന്നു. ക്ഷേത്രം ഹനുമാന്റെ പേരിലാണ് പ്രസിദ്ധം എങ്കിലും ഇവിടെ ഹനുമാന് നിത്യപൂജയില്ല, നിവേദ്യം മാത്രമേയുള്ളൂ. 

ഹനുമാന്റെ അനുഗ്രഹത്തെക്കുറിച്ചുള്ള പറഞ്ഞുകേട്ട അറിവുകൾ വച്ചാണ് ആളുകൾ ഇവിടെ ദർശനത്തിനായി എത്തുന്നത്. വിശാലമായ ക്ഷേത്ര പരിസരവും ചിട്ടയോടെയുള്ള ആചാരങ്ങളും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ നൽകുന്നു. വെറ്റിലമാലയും വടമാലയും ഹനുമാന് സമർപ്പിക്കുന്നത് . ആഗ്രഹപൂർത്തീകരണത്തിനു സഹായിക്കുമെന്നാണ് വിശ്വാസം 

Your Rating: