Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോത്സൻമാർക്കിത് നല്ല നേരം...

astro-star-predictions

‘എനിക്ക് ഈ ജ്യോതിഷത്തിലൊന്നും വലിയ വിശ്വാസമില്ല പക്ഷേ, പ്രവർത്തകർ പറയുമ്പോൾ അങ്ങു തള്ളിക്കളയാനും വയ്യ...’ തിരഞ്ഞെടുപ്പിന്റെ ജ്യോതിഷ കാര്യത്തെക്കുറിച്ചു ചോദിച്ചാൽ ഇതാണു പലരുടെയും മറുപടി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെക്കാൾ ജ്യോതിഷത്തിലും നല്ലസമയത്തിലും വിശ്വാസം അടുത്ത പ്രവർത്തകർക്ക്. പ്രിയ നേതാക്കളുടെ സമയംനോക്കാനും പത്രികാസമർപ്പണത്തിനു നല്ലസമയം നോക്കാനും പ്രമുഖ ജ്യോതിഷികളുടെ അടുത്ത് ഇപ്പോൾ തിരക്കാണ്. ‘അധികം പബ്ലിസിറ്റി വേണ്ട, ആരോടും പറയേണ്ട’ ന്നൊക്കെ പറഞ്ഞാണ് ചിലർ എത്തുന്നതത്രെ. പതിക്രാസമർപ്പണം 22 മുതൽ 29 വരെയാണ്. ഇതിൽ ഏറ്റവും നല്ല ദിനം ഏതെന്ന് അറിയാനാണു പലർക്കും താൽപര്യം.

23നു പത്താമുദയം എന്തിനും ഏതിനും നല്ലതാണെങ്കിലും തിരഞ്ഞെടുപ്പ് ആയതിനാൽ സ്ഥാനാർഥികളുടെ നക്ഷത്രം കൂടി നോക്കിയശേഷമേ ജ്യോതിഷികൾ ദിവസം കൃത്യമായി കുറിച്ചു നൽകുന്നുള്ളൂ. ചോതി അന്നു മുഴുവൻ സമയമില്ലാത്തതും വിശാഖം കയറിവരുന്നതും ചില പ്രശ്നങ്ങൾ പത്താമുദയദിനത്തിൽ കാണിക്കുന്നുണ്ടത്രെ. 25ന് അനിഴം നാളും അവസാനദിനമായ 29ന് ഉത്രാടവും പത്രിക സമർപ്പണത്തിനു ശ്രേയസ്കരമെന്നാണു ജ്യോതിഷപക്ഷം. ഇത്തവണ പത്രികസമർപ്പണ ദിനങ്ങൾ അഷ്ടമി കടന്നുവരാത്ത വിധമായതിനു ചിലർ മനസ്സുകൊണ്ടു തിരഞ്ഞെടുപ്പു കമ്മിഷനു നന്ദി പറയുന്നു.

പത്രിക സമർപ്പണ ദിനം കൃത്യമായി കിട്ടിക്കഴിഞ്ഞാൽ‌ അടുത്തചോദ്യം ഇങ്ങനെയാണ്: ‘തടസ്സങ്ങളൊന്നുമില്ലല്ലോ?’ ജോത്സ്യൻ മങ്കൊമ്പ് രാമചന്ദ്രൻ നൽകുന്ന മറുപടി ഇങ്ങനെ: ‘ശുക്രദശക്കാർക്ക് 25 വരെയും ആദിത്യദശക്കാർക്കു മേയ് 14 വരെയും ഗുണഫലമാണ്. ഇപ്പോൾ മകരക്കൂറുകാർക്ക് അഷ്ടമത്തി‍ൽ വ്യാഴവും വൃശ്ചികക്കൂറുകാർക്കു ജന്മശനിയും ദോഷസമയങ്ങളാകാൻ സാധ്യതയുണ്ട്. എന്നാൽ ജാതകത്തിൽ ഹംസയോഗമുള്ളവർക്കു വ്യാഴവും ശശയോഗമുള്ളവർക്കു ശനിയും കാര്യമായ ദോഷമുണ്ടാക്കില്ല. ചൊവ്വാദശക്കാർക്ക് അനുകൂലഫലങ്ങളും കാണുന്നു’. എന്തായാലും വോട്ടർമാരുടെ ഭാഗത്തുനിന്നു കൂടി ശുക്രതീരുമാനമുണ്ടാകാൻ പ്രാർഥിച്ചാണ് സ്ഥാനാർഥികളുടെ തുടർയാത്ര!.

Your Rating: