Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാഡി ജ്യോതിഷിയെ കണ്ടു, ജീവിതം തന്നെ മാറിമറിഞ്ഞു...

astro-book

പൗരാണികഭാരതീയ ശാസ്ത്രങ്ങളിൽ ഒട്ടേറെ വിമർശിക്കപ്പെടുന്നതും എന്നാൽ ധാരാളം പഠിതാക്കളും വിശ്വാസികളും ഉള്ളതുമായ ഒന്നാണ് ജ്യോതിഷം. അന്ധവിശ്വാസമെന്നും അടിസ്ഥാനരഹിതമെന്നും യുക്തിരഹിതമെന്നുമൊക്കെ പ്രചരിപ്പിക്കപ്പെടുന്ന ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന ചിന്തകളെ പഠിച്ചും വിശകലനം ചെയ്തും അതിന്റെ അനന്യതയെത്തേടുന്ന കൃതിയാണ് ഡോ. കെ. അഗസ്റ്റിൻ ജോസഫ് രചിച്ച ജ്യോതിഷത്തിന്റെ യുക്തി എന്ന ഗ്രന്ഥം.              

തൃക്കാക്കര ഭാരതമാതാ കോളജിലെ മലയാളം അധ്യാപകനായിരുന്ന ഡോ. കെ അഗസ്റ്റിൻ ജോസഫ് പതിനെട്ട് വർഷം മുമ്പ് തന്റെ അഗസ്ത്യാർ നാഡി ജാതകം വായിച്ചുകേട്ടതിനെത്തുടർന്നാണ് ജ്യോതിഷത്തിനെ ഗൗരവപൂർവ്വം സമീപിക്കുന്നതും അതിനെ ഗവേഷണബുദ്ധ്യാ നോക്കിക്കാണാൻ തുടങ്ങിയതും. അഗസ്ത്യനാഡീജ്യോതിഷത്തെ അദ്ദേഹം അടിസ്ഥാനമായി സ്വീകരിച്ച്, വിവിധ ജ്യോതിഷഗ്രന്ഥങ്ങളും സിദ്ധാന്തങ്ങളും വായിച്ചു പഠിക്കുകയും നൂറിലധികം വ്യക്തികളുടെ നാഡീവായനകൾകേട്ടും അവയുടെ ഫലപ്രവചനങ്ങളെ പഠിച്ചും അദ്ദേഹം ജ്യോതിഷത്തെ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ജ്യോതിഷത്തിന്റെ യുക്തി. 15 അധ്യായങ്ങളിലൂടെ ജ്യോതിഷത്തിന്റെ സമഗ്രതയെപ്പറ്റിയും എന്തുകൊണ്ട് ജ്യോതിഷം ഒരു ശാസ്ത്രമാകുന്നു എന്നും അദ്ദേഹം സമർത്ഥിക്കുന്നു.                

ഒരു ശാസ്ത്രശാഖ പരിപൂർണ്ണമാകുന്നത് അത് എല്ലാറ്റിനേയും സമഗ്രമായുൾക്കൊള്ളുമ്പോഴാണ്. ജ്യോതിഷം എല്ലാ ശാസ്ത്രശാഖകളേയും സമഗ്രമായുൾക്കൊള്ളുന്ന ഒന്നാണ്. അതിന്റെ ഉൾക്കൊള്ളൽ ലയാത്മകമാണ്. അതുകൊണ്ട് അത് സമ്പൂർണ്ണമായ ശാസ്ത്രവും പരിപൂർണ്ണതയുമാണ്. വളരെ ആഴത്തിലുള്ളതും ഗാഢമായതുമായ പ്രപഞ്ചദർശനത്തിൽ വിശ്വസിച്ചിരുന്ന പൗരാണികഭാരതീയർ മനുഷ്യജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന പ്രപഞ്ചഗോളങ്ങളെ പഠിച്ച്, അതിനെ മനുഷ്യജീവിതവുമായി ബന്ധിപ്പിച്ച് രൂപീകരിച്ച ശാസ്ത്രമാണ് ജ്യോതിഷം. അത്യന്തം സൂക്ഷ്മമായ പ്രപഞ്ച-പാരിസ്ഥിതിക ബോധ്യങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഗ്രന്ഥകാരൻ വിവിധ ഗ്രഹനിലകൾ അവതരിപ്പിച്ച് വിശകലനം ചെയ്യുകയും ജ്യോതിഷ സിദ്ധാന്തങ്ങളുടെ പ്രയോഗം ഉദാഹരിക്കുകയും ചെയ്യുന്നുണ്ട്.                

ജ്യോതിഷത്തെ വിമർശിക്കുന്നവർക്കും പഠിക്കുന്നവർക്കും വിശ്വസിക്കുന്നവർക്കും ജ്യോതിഷത്തിന്റെ യുക്തി മികച്ച വായനാനുഭവം പ്രദാനം ചെയ്യുന്നു. സാധാരണ കണ്ടുവരുന്ന ജ്യോതിഷവിമർശനങ്ങൾക്ക് അക്കമിട്ട് മറുപടി നൽകാനും ഗ്രന്ഥകാരൻ തയ്യാറായിട്ടുണ്ട്. ജ്യോതിഷം എന്നാലെന്തെന്ന് തിരിച്ചറിയാനും ഫലഭാഗത്തും ജ്യോതിഷത്തിന്റെ പ്രയോഗം എങ്ങിനെ വസ്തുനിഷ്ഠമാകാമെന്നുമുള്ള ദർശനങ്ങൾ ഈകൃതി പകർന്നു നൽകുന്നു.

കൃതി            -  ജ്യോതിഷത്തിന്റെ യുക്തി

ഗ്രന്ഥകാരൻ        - ഡോ. കെ. അഗസ്റ്റിൻ ജോസഫ്

വില              - 275

പ്രസാധകർ      - കറന്റ് ബുക്‌സ്

Your Rating: