Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്യോതിഷം അന്ധവിശ്വാസമാണോ?

ജ്യോതിഷം

ശാസ്ത്രം സത്യമാണ്. അനേക തലമുറകളിലെ ജ്ഞാനവിജ്‍ഞാനങ്ങൾ യഥാകാലം നിരീക്ഷണ പരീക്ഷണങ്ങളിലൂടെ സ്ഫുടീകരിച്ച് അനുഭവങ്ങളുടെ അന്തർധാരയിലൂടെ മനോമുകുരങ്ങളിൽ പ്രതിബിംബിച്ച തത്വങ്ങളാണ് പിന്നീട് ശാസ്ത്രങ്ങളായി പരിണമിച്ചതെന്ന് അഭിജ്ഞന്മാർ അഭിപ്രായപ്പെടുന്നു. ജ്യോതിശാസ്ത്രവും അതില്‍ നിന്നു ഭിന്നമല്ല.

മനുഷ്യ ജീവിതത്തിൽ ഗ്രഹങ്ങള്‍ക്കുളള സ്വാധീന ശക്തിയും തൽഫലമായി അനുഭവപ്പെടുന്ന സുഖ ദുഃഖാദി പരിണതികളും ത്രൈകാലിക പ്രവചനങ്ങളിലൂടെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യമനസ്സിനു സമാശ്വാസം നൽകാൻ‌ ഉപകരിക്കുമെന്നു നിസ്സംശയം പറയാം. ഇപ്രകാരം ആശ്വാസവും ആഗ്രഹങ്ങളും ജീവിത പ്രയാണത്തിനു സുഗമവും സുന്ദരവുമായ സരണി തെളിയിക്കുന്നതിന് ഉപയുക്തമായ ശാസ്ത്രശാഖയാണു ജ്യോതിഷം.

വേദത്തിന്റെ കണ്ണാണു ജ്യോതിഷം എന്നാണു ഋഷീശ്വരന്മാർ അഭിപ്രായപ്പെട്ടത്. മറ്റ് അംഗങ്ങൾ ഉണ്ടെങ്കിലും കണ്ണു കൂടാതെ ആരും മനുഷ്യൻ എന്ന നില പ്രാപിക്കുന്നില്ല. കണ്ണിന്റെ പ്രാധാന്യം ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ? പഞ്ചേന്ദ്രിയാണാം നയനം പ്രധാനം എന്ന ആപ്തവചനം ഇതിൽ നിന്ന് ഉണ്ടായതു തന്നെ.

ഈയിടെയായി ജ്യോതിഷത്തെ നിരോധിക്കണമെന്നും അന്ധവിശ്വാസങ്ങളുടെ കരിംപട്ടികയിൽപ്പെടുത്തണ മെന്നുമൊക്കെ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. വിദേശ സർവ്വകലാശാലകളിൽ ഇതിനകം പാഠ്യവിഷയമാക്കിയ ജ്യോതിശാസ്ത്രം നിരോധിക്കേണ്ടതുണ്ടോ? ബ്രാഹ്മണർക്കുമാത്രം കൈകാര്യം ചെയ്യാൻ വിധിക്കപ്പെട്ട ഈ ശാസ്ത്രം (കർമ്മം കൊണ്ടാണ് ബ്രാഹ്മണത്വം, ജാതികൊണ്ടല്ല) ഇന്ന് പലരും കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ പല വ്യാജ ജ്യോതിഷികളും ഉണ്ട് എന്നതു ശരി തന്നെ. സമൂഹത്തിലെ ഉന്നതരെ സ്വാധീനിച്ച് പല പട്ടങ്ങളും ഇവർ വാങ്ങിക്കൂട്ടുകയും പത്രദൃശ്യ മാധ്യമങ്ങളിലൂടെ ഇവ പ്രദർശിപ്പിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു. പലരും ഇവരുടെ സ്വാധീന വലയത്തിൽ വീണു പോകുന്നു. തന്മൂലം ഈ ശാസ്ത്രത്തിനോടുളള വിശ്വാസം നഷ്ടപ്പെടുകയും ജ്യോതി ഷം വ്യാജമാണെന്ന് തെറ്റിദ്ധരിക്കാൻ ഇടയാകുകയും ചെയ്യുന്നു. വ്യാജന്മാരെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കുകയാണു വേണ്ടത്. അല്ലാതെ ആർഷത്വമുളള ഇത്തരം ശാസ്ത്രങ്ങളെ വേണ്ടവിധം മനസ്സിലാക്കാതെ അടച്ച് ആക്ഷേപിക്കുകയല്ല വേണ്ടത്.

പൈതൃകമുളള രാഷ്ട്രമാണ് ഭാരതം. വിദേശികൾ ഭാരത മഹത്വം കണ്ട് അസൂയാലുക്കളായി ഇവിടെ വന്ന് ആക്രമണം അഴിച്ചു വിട്ടിട്ടും ഭാരതമണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല. അനേകം ശാസ്ത്രഗ്രന്ഥങ്ങൾ നാടു കടത്തി; പരീക്ഷണ നിരീക്ഷണ ങ്ങൾ നടത്തിയിട്ടും ഇന്ത്യക്കൊപ്പെമെത്താൻ നന്നേ വിയർക്കേണ്ടി വരും. ഭാരതത്തിന്റെ പൈതൃകമായ ആർഷ ജ്യോതിഷത്തെ പടിയടച്ച് പിണ്ഡം വയ്ക്കാൻ ശ്രമിക്കുന്നത് അവനവൻ‌ സ്വന്തം കണ്ണ് കുത്തിപ്പൊട്ടിച്ച് ഇരുട്ടിൽ തപ്പാൻ ശ്രമിക്കുന്നതു പോലെയാണ്. ‘‘വേദസ്യ ചക്ഷു’’ എന്നത് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ!

ലേഖകന്റെ വിലാസം:

O.K പ്രമോദ് പണിക്കർ പെരിങ്ങോട്

കളരിക്കൽ ഹൗസ്

പെരിങ്ങോട്

കുറ്റനാട് (വഴി)

പാലക്കാട് ജില്ല

Ph: 9846 309646

8547 019646

Email – pramodpanickerpgd87@gmail.com

Your Rating: