Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ വസ്ത്രം ധരിക്കാനും നല്ല ദിവസം

new-dress

പുതിയ വസ്ത്രങ്ങൾ ആദ്യമായി ധരിക്കുന്ന ദിവസത്തെ നക്ഷത്രത്തെ ആസ്പദമാക്കിയുള്ള ഒരു ഫല പ്രവചനരീതി ബൃഹത്‌ സംഹിത എന്ന പൗരാണിക ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നുണ്ട്. റെഡിമെയ്ഡ് വസ്ത്രം, പുതുതായി തുന്നിക്കിട്ടിയ വസ്ത്രം, മുണ്ടും നേര്യതും, കോട്ടും സൂട്ടും തുടങ്ങി എല്ലാ പുത്തൻ (കോടി) വസ്ത്രവും ഇതിൽപ്പെടും.

അശ്വതി ദിവസം കോടിവസ്ത്രം ധരിച്ചാൽ തുടർന്നു വളരെയധികം വസ്ത്രം ലഭിക്കും.

ഭരണിയിൽ ധരിച്ചാൽ വസ്ത്രനാശം ഫലം.

കാർത്തിക ദിവസം പുത്തൻ വസ്ത്രം ധരിച്ചാൽ വസ്ത്രം തീപിടിക്കാൻ ഇടവരും.

രോഹിണി നാളിൽ നവവസ്ത്രം ധരിച്ചാൽ തുടർന്നു ധനവർധനയുണ്ടാകും.

മകയിരം നാളിൽ പുതിയ വസ്ത്രം ധരിച്ചാൽ മൂഷികന്റെ ഉപദ്രവം ഉണ്ടാകും (വസ്ത്രം എലി കരണ്ടുതിന്നും എന്നു സാരം.)

തിരുവാതിരയിൽ ധരിച്ചാൽ മരണഭയം, മരണവാർത്ത എന്നിവയോ മരണമോ വരാം.

പുണർതം നാളിൽ ധരിച്ചാൽ ശുഭകരമായ വാർത്തകളും ശുഭകർമപ്രാപ്തിയും ലഭിക്കും.

പൂയം നാളിൽ ധരിച്ചാൽ ധനലാഭം ഉണ്ടാകും.

ആയില്യം നാളിൽ പുതുവസ്ത്രം ധരിച്ചാൽ വസ്ത്രനാശവും മകം നാളിൽ ധരിച്ചാൽ മരണ സംബന്ധമായ വിഷയങ്ങളും പൂരത്തിൽ ധരിച്ചാൽ രാജഭയവും (സർക്കാർ ഉപദ്രവം) ഉത്രം നാളിൽ നവവസ്ത്രം ധരിച്ചാൽ ധനലാഭവും ഫലം.

അത്തം നാളിൽ പുതുവസ്ത്രം ധരിച്ചാൽ ധനലാഭവും ചിത്തിര നാളിൽ ശുഭകരമായ കാര്യപ്രാപ്തിയും ചോതി നാളിൽ മൃഷ്ടാന്നഭോജനവും (മഹാസദ്യ), വിശാഖം നാളിൽ പൊതുജനപ്രീതിയും ഫലം.

അനിഴം നാളിൽ നവവസ്ത്രം ധരിച്ചാൽ ബന്ധുക്കളുടെ ആനുകൂല്യവും ബന്ധുസമ്മേളനങ്ങളും സൽക്കാരവും ഫലം.

തൃക്കേട്ട ദിവസം ധരിച്ചാൽ വസ്ത്രനാശവും മൂലം നാളിൽ ജലഭയവും ജലത്തിൽ നിന്ന്‌ അപകടവും ഫലം. ‌

പൂരാടം നാളിൽ പുതുവസ്ത്രം ധരിച്ചാൽ രോഗം വരാനോ രോഗവാർത്ത കേൾക്കാനോ മരുന്നു കഴിക്കാനോ ഇടയാകും.

ഉത്രാടം നാളിൽ (ഓണക്കോടി) പുതുവസ്ത്രം ധരിച്ചാൽ മൃഷ്ടാന്നഭോജനം, സദ്യ എന്നിവയും തിരുവോണദിവസം ധരിച്ചാൽ നേത്രങ്ങൾക്കു രോഗവും അവിട്ടം നാളിൽ ധരിച്ചാൽ ധാന്യങ്ങളുടെ ലാഭവും ചതയം നാളിൽ വിഷവസ്തുക്കൾ കൊണ്ടുള്ള ഉപദ്രവവും ഫലം.

പൂരുരുട്ടാതി നാളിൽ നവവസ്ത്രം ധരിച്ചാൽ ജലം മൂലം അപകടം, ജലഭയം എന്നിവ ഉണ്ടാകും. ഉത്തൃട്ടാതി നാളിൽ സന്താനജനനമോ അതു സംബന്ധമായ വിശേഷകാര്യങ്ങൾ കേൾക്കാനോ ഇടവരും. രേവതി നാളിൽ കോടിവസ്ത്രം ധരിച്ചാൽ രത്നാഭരണലാഭം ഉണ്ടാകും.

ഈ ഫലങ്ങൾ എല്ലാ പുതുവസ്ത്രങ്ങൾക്കും ബാധകമാണ്. എന്നാൽ വിശേഷാവസരങ്ങളിൽ ഈ വിഷയം കാര്യമാക്കേണ്ട എന്നാണു വരാഹമിഹിരന്റെ അഭിപ്രായം. ദാനം കിട്ടിയ വസ്ത്രം ധരിക്കാനും രാജസമ്മാനമായി കിട്ടുന്ന വസ്ത്രം ധരിക്കാനും (പൊന്നാട ചാർത്തൽ), വിവാഹാദിവിഷയങ്ങൾ സംബന്ധമായ വസ്ത്രധാരണത്തിനും ഈ വിഷയം പരിഗണിക്കേണ്ടതില്ല.

പുതുവസ്ത്രങ്ങൾ ധരിച്ച ദിവസം തന്നെ കീറിയാൽ ഉള്ള ഫലങ്ങൾ എല്ലാം തന്നെ അശുഭം ആയതിനാൽ അത് ഇവിടെ പ്രതിപാദിക്കുന്നില്ല. പുതിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ നാൾ കൂടി നോക്കുന്നതു നന്നായിരിക്കും. പുതുവസ്ത്രം വാങ്ങാൻ നല്ല ദിവസം തിങ്കൾ, ബുധൻ വ്യാഴം വെള്ളി എന്നിവയാണ്. പുതുവസ്ത്രം വാങ്ങാൻ ഉത്തമമായ നക്ഷത്രങ്ങൾ അശ്വതി, രോഹിണി, പുണർതം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, ഉത്രാടം, ഉത്തൃട്ടാതി, രേവതി എന്നിവയാണ്. നാളും തീയതിയും ചേർന്നു വന്നാൽ വളരെ ഉത്തമം. ഉദാഹരണം: വെള്ളിയാഴ്ചയും രേവതി നക്ഷത്രവും ചേർന്നു വരുന്ന ദിവസം ഉത്തമം. ഇനി വസ്ത്രം വാങ്ങുമ്പോഴും ധരിക്കുമ്പോഴും ഈ രീതി ഒന്നു പരീക്ഷിച്ചു നോക്കിക്കൊള്ളൂ!

ലേഖകന്റെ വിലാസം

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Appartments , Opp. Thycaud Police Ground

Thycaud P.O, Trivandrum-14

Phone: 0471-2324553, Mob : 9526480571,9447251087

Email:jyothisgems@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.