Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമുഹൂർത്തം കണ്ടെത്തുന്നതെങ്ങനെ?

x-default

“ഇഷ്ടാഃ കൃഷ്ണാഷ്ടമീനേന്ദ്വജപിതൃമരുദ-

ന്ത്യോത്തരാഃ മൂലമിത്രാഃ

ഉദ്വാഹേ ന ക്രിയോംഗേ ഹിമഗുരഹികുജാ-

വഷ്ടമേസ്തേ വിഹംഗാഃ

മീനാന്ത്യാർധേന്ദുഭസ്ത്രീഘടധനുഷി രവി-

സ്സഗ്രഹർക്ഷം ശലാകാ

ശുക്രാര്യൗ ബാലവൃദ്ധൗ വരജനിഭ നിശാ-

മധ്യജന്മാസ്തഖേടാഃ”

എന്ന ശ്ലോകത്തിലാണു വിവാഹമുഹൂർത്തം നോക്കേണ്ട വിധിയെപ്പറ്റി മുഹൂർത്തപദവി എന്ന ജ്യോതിഷഗ്രന്ഥത്തിൽ പറയുന്നത്. ഇതനുസരിച്ച് കറുത്ത പക്ഷ അഷ്ടമി തിഥിയും അത്തം, മകയിരം, രോഹിണി, മകം, ഉത്രം, ചോതി, അനിഴം, മൂലം, ഉത്രാടം, ഉത്തൃട്ടാതി, രേവതി എന്നീ 11 നക്ഷത്രങ്ങളും വിവാഹത്തിന് ഉത്തമങ്ങളാണ്. കറുത്ത പക്ഷ അഷ്ടമി മറ്റു പല മുഹൂർത്തങ്ങൾക്കും ഒഴിവാക്കേണ്ടതാണെങ്കിലും വിവാഹത്തിന് ഒഴിവാക്കേണ്ടതില്ല എന്നു വ്യക്തം.

വിവാഹസമയം കണ്ടെത്തുന്നതിന് മുഹൂർത്തരാശി നോക്കുന്ന കാര്യങ്ങളാണ് തുടർന്നു പറയുന്നത്. മേടം രാശി സമയം വിവാഹത്തിനു നന്നല്ല. മുഹൂർത്തരാശിയിൽ ചന്ദ്രൻ നിൽക്കുന്നതും ഒഴിവാക്കണം. മുഹൂർത്തരാശിയുടെ എട്ടാംഭാവത്തിൽ രാഹുവും ചൊവ്വയും പാടില്ല. ഏഴാം ഭാവത്തിൽ ഗ്രഹങ്ങളൊന്നും ഉണ്ടാകരുത്.

മീനമാസത്തിന്റെ രണ്ടാംപകുതിയിൽ വിവാഹം പാടില്ല. കർക്കടകം, കന്നി, കുംഭം, ധനു രാശികളിൽ സൂര്യൻ നിൽക്കുന്ന കാലം വിവാഹത്തിനു നന്നല്ല. അതായത്, കർക്കടകം, കന്നി, കുംഭം, ധനു എന്നീ മാസങ്ങളിൽ വിവാഹം പാടില്ല. സഗ്രഹർക്ഷം പാടില്ല. അതായത്, മുഹൂർത്തം നിശ്ചയിക്കുന്ന നക്ഷത്രത്തിൽ സൂര്യാദികളായ ഗ്രഹങ്ങൾക്കൊന്നിനും സ്ഥിതി ഉണ്ടാകരുത്. ശലാകാവേധമുള്ള നക്ഷത്രം വിവാഹത്തിനു നന്നല്ല. “മകയിരത്തിനുത്തിരാടം അഭിജിത്തിനു രോഹിണി ഓണത്തിനാകിൽ മകവും പുണർതത്തിനു മൂലവും..” എന്നു തുടങ്ങുന്ന ഭാഷാശ്ലോകത്തിൽ ശലാകാവേധം മനസ്സിലാക്കേണ്ട വിധം ലളിതമായി വിവരിക്കുന്നുണ്ട്.

വ്യാഴശുക്രന്മാരുടെ ബാല്യ വൃദ്ധത്വങ്ങൾ വിവാഹത്തിന് ഒഴിവാക്കണം. വരന്റെ ജന്മനക്ഷത്രത്തിൽ വിവാഹം പാടില്ല. രാത്രിയുടെ മധ്യവും ഒഴിവാക്കണം. ജന്മരാശിയുടെ ഏഴാംഭാവത്തിൽ ഏതെങ്കിലും ഗ്രഹം നിൽക്കുന്നുവെങ്കിൽ അക്കാലം ഒഴിവാക്കണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.