Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടാംഭാവം കൊണ്ടു മാംഗല്യം

ജ്യോതിഷം ജാതകം

പുരുഷ ജാതകത്തിലെ വിഷയങ്ങളെല്ലാം സ്ത്രീജാതകത്തിലും പറയാവുന്നതാണ്. സ്ത്രീക്കു യോജിക്കാത്ത വിഷയങ്ങൾ ഭർത്താവിനു പറയണം. വിശേഷാൽ എട്ടാം ഭാവം കൊണ്ട് മാംഗല്യത്തെയും ഒമ്പതാം ഭാവം കൊണ്ട് പുത്രസമ്പത്തിനെയും ലഗ്നം കൊണ്ട് ശരീരസൗന്ദര്യത്തെയും  ഏഴാം ഭാവം കൊണ്ട് ഭർത്താവ് സുഭഗത്വം ഇവയെയും നാലാം ഭാവം കൊണ്ട് സംയോഗം പാതിവ്രത്യം ഇവയെയും ചിന്തിക്കേണ്ടതാണ്. മേൽപറഞ്ഞ ഭാവങ്ങളിൽ ശുഭഗ്രഹങ്ങൾ നിന്നാൽ ശുഭത്വവും അധിപന്മാർ ഒഴികെയുള്ള പാപഗ്രഹങ്ങൾ നിന്നാൽ അശുഭത്വവും ആകുന്നു. 

ലഗ്നം ചന്ദ്രലഗ്നം ഇവ രണ്ടും യുഗ്മരാശികളായി ഇരിക്കുകയും ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടായിരിക്കുകയും ചെയ്താൽ നല്ല ഭർത്താവും പുത്രന്മാരും സമ്പത്തും ആഭരണങ്ങളും ഉണ്ടാവുകയും ഉൽകൃഷ്ട സ്വഭാവത്തോടു കൂടിയവളായിരിക്കുകയും ചെയ്യും. അവയിൽ തന്നെ പാപഗ്രഹങ്ങൾ നിൽക്കുകയോ അവർ നോക്കുകയോ ചെയ്യുകയും ഓജരാശികൾ ആയിരിക്കുകയും ചെയ്താൽ ആ സ്ത്രീ പുരുഷസ്വഭാവത്തോടു കൂടിയവളായും കുടില ബുദ്ധിയായും ഭർത്താവിന് വശപ്പെടാത്തവളായും  ഉഗ്രസ്വഭാവത്തോടുകൂടിയവളായും ദരിദ്രയായും ഭവിക്കും 

ഏഴാം ഭാവം ശുഭ ക്ഷേത്രമായും ശുഭാംശകമായും ശുഭ സംബന്ധത്തോടുകൂടിയതായും ഇരുന്നാൽ അപ്രകാരമുള്ള സ്ത്രീയുടെ ഭർത്താവിൽ സൗന്ദര്യം കീർത്തി, വിദ്യ, സമ്പത്ത് എന്നിവ ഉള്ളവനായും വിപരീതമായാൽ അവളുടെ ഭർത്താവ് കുരൂപനായും ജൗളനായും ചതിയനായും ദരിദ്രനായും ഭാര്യയെ വേർപിരിഞ്ഞവനായും ഇരിക്കും. ഏഴാം ഭാവത്തിൽ പാപഗ്രഹം നിന്നാൽ വിധവയായും ശുക്രനും പാപനും കൂടി നിന്നാൽ രണ്ടുപ്രാവശ്യം വേൾക്കപ്പെടുന്നവളായും ഭവിക്കും. (ഈ മിശ്ര ഗ്രഹയോഗം ചില ജ്യോത്സ്യന്മാർ ശുദ്ധമായി പരിഗണിച്ച് കാണാറുണ്ട്. ഇത് ശാസ്ത്രലംഘനമാണ്) എട്ടാം ഭാവത്തിൽ പാപഗ്രഹങ്ങൾ നിന്നാൽ ഭർത്താവിന് നാശം വരും. 

വൃശ്ചികം, കന്നി, ഇടവം, ചിങ്ങം ഈ രാശികൾ പുത്രഭാവമാവുകയും അതിൽ ചന്ദ്രൻ നിൽക്കുകയും ചെയ്താൽ ആ സ്ത്രീ അൽപ പുത്രന്മാരോട് കൂടിയവളാകും. ഏഴാം ഭാവത്തിലോ ഭാവാധിപതി നിൽക്കുന്ന നവാംശക രാശിയിലോ ശനി, ചൊവ്വ  ഇവർ നിന്നാൽ രോഗമുള്ള ഗുഹ്യസ്ഥാനത്തോടുകൂടിയവളായിരിക്കും. നാലാം ഭാവത്തിൽ പാപഗ്രഹങ്ങൾ നിന്നാൽ വ്യഭിചാരിണി ആയിരിക്കും. ലഗ്നവും ലഗ്നനവാംശകവും ചന്ദ്രൻ, ശുക്രൻ ഇവർ നിൽക്കുന്ന രാശികളും നവാംശകരാശിയും ശനിയുടെയോ  ചൊവ്വയുടേയോ ക്ഷേത്രമായിരുന്നാലും മേൽഫലം തന്നെ സിദ്ധിക്കും. 

ഏഴാം  ഭാവം ശുഭക്ഷേത്രമായും ശുഭാംശകമായും ഇരുന്നാൽ മനോഹരമായ അരക്കെട്ടോടുകൂടിയവളായും മംഗല്യവതിയായും ഇരിക്കും. ചന്ദ്രനോ ലഗ്നത്തിനോ നാലാം ഭാവത്തിനോ ശുഭ സംബന്ധമുണ്ടായാൽ ഗുണശീലയായും പതിവ്രതയായും തീരും. 

5, 9 ഭാവങ്ങളിൽ ശുഭന്മാർ നിന്നാൽ സുഖവും സന്താനങ്ങളും സമ്പത്തും, നല്ല ഗുണങ്ങളും ഉള്ളവളായിരിക്കും. ബലഹീനന്മാരായ പാപഗ്രഹങ്ങൾ തത്ഭാവങ്ങളിൽ യോഗം ചെയ്യാൻ മലടിയായോ പുത്രന്മാർ ഉണ്ടായി നശിക്കുന്നവളോ ആയിത്തീരും. 

ചൊവ്വാ ക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രൻ, ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ ത്രിംശാംശകങ്ങളിൽ വന്നാൽ ക്രമേണ ദുഷ്ടയായ ദാസിയായും വ്യഭിചാരിണിയായും നല്ല ശീലവും സമ്പത്തുക്കളും ഉള്ളവളായും മായാവിനിയായും ദൂഷണത്തോടുകൂടിയവളായും ഭവിക്കും. 

ശുക്രക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രൻ ചൊവ്വ തുടങ്ങിയ ഗ്രഹങ്ങളുടെ  ത്രിംശാംശകങ്ങളിൽ വന്നാൽ ക്രമേണ ദൂഷണത്തോടുകൂടിയവളായും അന്യപുരുഷന്മാരെ പ്രാപിക്കുന്നവളായും പുജ്യയായും വിദൂഷിയായും കീർത്തി കേട്ടവളുമായിത്തീരും.   

ബുധക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രൻ കുജാദി ഗ്രഹങ്ങളുടെ ത്രിംശാംശകങ്ങളിൽ വന്നാൽ ക്രമേണ കള്ളിയായും നപുംസകതുല്യയായും പതിവ്രതയായും ഗുണാഢ്യയായും ശ്രദ്ധയുള്ളവളുമായി ഭവിക്കും. സ്വക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രൻ കുജാദികളായ ഗ്രഹങ്ങളുടെ ത്രിംശാംശകങ്ങളിൽ വന്നാൽ ക്രമേണ തന്നിഷ്ടം പോലെ നടക്കുന്നവളായും  ഭർത്താവിനെ കൊല്ലുന്നവളായും ഏറ്റവും ശ്രേഷ്ഠങ്ങളായ ഗുണങ്ങളോടു കൂടിയവളായും ശിൽപവിദ്യ അറിയുന്നവളായും യോഗ്യതയുള്ള നടപടികളോടു കൂടിയവളായും  വ്യാഴക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രൻ കുജാദി ഗ്രഹങ്ങളുടെ ത്രിംശാംശകങ്ങളിൽ വന്നാൽ ക്രമേണ ഗുണാഢ്യയായും വീരരതിയോടു കൂടിയവളായും അധികം ഗുണങ്ങളുള്ളവളായും ശിൽപവിദ്യകൾ അറിയുള്ളവളായും പതിവ്രതയായും തീരും. 

ശനിക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രൻ കുജാദിഗ്രഹങ്ങളുടെ  ത്രിംശാംശകങ്ങളിൽ വന്നാൽ ക്രമേണ ദാസിയായും അന്യന്മാരിൽ ആഗ്രഹമുള്ളവളായും ആശ്രയിക്കപ്പെട്ട ഭർത്താവിനോടു കൂടിയവളായും വ്യഭിചാരിണിയായും സന്താനങ്ങളും അർഥവും ഇല്ലാത്തവളായും. 

ആദിത്യ ക്ഷേത്രത്തിൽ നിൽക്കുന്ന ചന്ദ്രൻ കുജാദിഗ്രഹങ്ങളുടെ ത്രംശാംശകങ്ങളിൽ വന്നാൽ ക്രമേണ ചീത്ത വാക്കുകൾ സംസാരിക്കുന്നവളായും നീചപ്രവൃത്തികളോടു കൂടിയവളായും രാജഭാര്യയായും പുരുഷ ചേഷ്ടകളോടു കൂടിയവളായും അന്യന്മാരിൽ  ആഗ്രഹത്തോടു കൂടിയവളായും ഭവിക്കും തൃക്കേട്ട,  മൂലം,  ആയില്യം,  വിശാഖം ഈ നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീകൾ ക്രമേണ ഭർത്താവിന്റെ ജ്യേഷ്ഠൻ മാതാവ്,  പിതാവ്, അനുജൻ എന്നിവർക്കു ദോഷാനുഭവമുണ്ടാക്കും. 

ലേഖകന്റെ വിലാസം :‌

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം ) കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646 Email - pramodpanickerpgd87 @gmail .com

Your Rating: