Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതൃപ്രീതിക്ക് അമാവാസി

അമാവാസി

പിതൃപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതമാണ് അമാവാസി വ്രതം. ഭൂമിക്കും സൂര്യനുമിടയിലായി ചന്ദ്രൻ വരുന്ന ദിനമാണ് കറുത്തവാവ് അഥവാ അമാവാസി. എല്ലാ മാസത്തിലെയും കറുത്തവാവ് ദിവസമാണ് അമാവാസി വ്രതം അനുഷ്ഠിക്കേണ്ടത്. പിതൃപ്രീതിയിലൂടെ ഉത്തമ സന്തതി പരമ്പരയ്ക്കും കുടുംബ അഭിവൃദ്ധിക്കും ഐശ്വര്യത്തിനുമായാണ് അമാവാസി വ്രതം ആചരിക്കുന്നത്. അമാവാസി ദിനത്തിൽ പിതൃപ്രീതിക്കായി അനുഷ്ഠിക്കാവുന്ന കർമമാണു ബലിതർപ്പണം. എളള്, ചന്ദനം, പൂവ് എന്നിവ ജലത്തോടൊപ്പമാണു തർപ്പണം ചെയ്യുക. ഒരു വ്യക്തി അയാൾക്കു മുൻപുള്ള മൂന്നു തലമുറയിലെ പിതാക്കന്മാർക്കായാണു തർപ്പണം ചെയ്യുക. തർപ്പണം ചെയ്യുന്ന വ്യക്തി തലേന്ന് ഒരിക്കൽ എടുക്കണം. മൽസ്യമാംസാദികൾ വർജിക്കുക. വ്യക്തി ശുചിത്വം പാലിക്കുക. വ്രതദിനത്തിൽ തർപ്പണം കഴിയുന്നതുവരെ ജലപാനം പാടില്ല.

സാധാരണയായി തർപ്പണം പുരുഷന്മാരാണ് ചെയ്യുന്നത്. ഇപ്പോൾ സ്ത്രീകളും തർപ്പണത്തിന്റെ ഭാഗമാവാറുണ്ട്. അമാവാസി ദിവസം കാക്കയ്ക്ക് ഭക്ഷണം നൽകിയ ശേഷം ആഹാരം കഴിക്കുന്നതു നല്ലതാണ്. അന്ന്‌ ആലിനെ പ്രദക്ഷിണം ചെയ്യുന്നതു സർ‌വേശ്വരാനുഗ്രഹത്തിനു കാരണമാകുന്നു.

ഹൈന്ദവ വിശ്വാസമനുസരിച്ച് പിതൃക്കൾക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ദിനമാണ് അമാവാസി. കർക്കടകത്തിലെയും തുലാത്തിലെയും അമാവാസികളാണ് ഏറ്റവും പ്രധാനപ്പെട്ടത്. വംശാഭിവൃദ്ധിക്ക് ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനമാണ് അമാവാസി വ്രതം.

ആലിന് പ്രദക്ഷിണം ചെയ്യുമ്പോൾ ജപിക്കേണ്ട മന്ത്രം:

മൂലതോ ബ്രഹ്മരൂപായ
മധ്യതോ വിഷ്ണുരൂപിണേ
അഗ്രതഃ ശിവരൂപായ
വൃക്ഷരാജായ തേ നമഃ

Your Rating: