Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമാംഗല്യത്തിനു ദശപുഷ്പം

dasapushpam

സ്ത്രീകളുടെ ഉത്സവമാണു ധനുമാസത്തിലെ തിരുവാതിര. അന്നു ദശപുഷ്പങ്ങൾ‌ക്കു പ്രമുഖ സ്ഥാനമാണുളളത്. കറുക, കൃഷ്ണക്രാന്തി, തിരുതാളി, പൂവ‌ാംകുരുന്നില, കയ്യോന്നി, മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, മുയൽചെവിയൻ എന്നിവയാണു ദശപുഷ്പങ്ങൾ. പാതിരാപ്പൂ ചൂടാന്‍ പോകുന്നതിനു മുൻ‌പുള്ള തിരുവാതിരപ്പാട്ടിലാണു ദശപുഷ്പത്തിന്റെ ദേവത‌കളെക്കുറിച്ചും അവയുടെ ഗുണങ്ങളെക്കുറിച്ചും വിവരിക്കുന്നത്. അതിനുശേഷം സ്ത്രീകൾ ഭക്തിപൂർ‌വം പാതിരാപ്പൂ ചൂടുന്നു. നെടുമാംഗല്യത്തിനും മാംഗല്യസിദ്ധിക്കും ഉത്തമമാണു ദശപു ഷ്പങ്ങൾ. സ്ത്രീകൾ ദശപുഷ്പം ചൂടുന്നത് ഐശ്വര്യമായി കരുതുന്നു.

ദശപുഷ്പങ്ങളുടെ മാഹാത്മ്യം

  1. shiva-parvathi

    കറുക – ആദിത്യനാണു ദേവൻ. ആദരവോടു കൂടി കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയുമെന്നാണു പറയുന്നത്.

  2. കൃഷ്ണക്രാന്തി– മഹാവിഷ്ണുവാണു ദേവൻ. വളരെ ആഗ്രഹത്തോടെ കൃഷ്ണക്രാന്തി ചൂടിയാൽ വൈഷ്ണവപദം ലഭിക്കും.

  3. തിരുതാളി – മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു.

  4. പൂവാംകുരുന്നില – ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്.

  5. കയ്യോന്നി– ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്നു പറയുന്നു.

  6. മുക്കുറ്റി – പാർ‌വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രരും ഉണ്ടാകും.

  7. നിലപ്പന– ഭൂമിദേവിയാണു ദേ‌വത. പാപങ്ങൾ ‌അകന്നുപോകും.

  8. ഉഴിഞ്ഞ – ഇന്ദ്രാണിയാണു ദേവത.‌ അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഉണ്ടാകുന്നത്.

  9. ചെറൂള – യമദേവനാണു ദേവൻ. ആയുസ്സു വർ‌ധിക്കുമെന്നാണു പറയുന്നത്.

    1. മുയൽ‌ചെവിയന്‍– കാമദേവൻ ആണു ദേവൻ. സൗന്ദര്യം ഉണ്ടാകാൻ ഉത്തമമാണു മുയൽ‌ചെവിയൻ.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ ദശപുഷ്പങ്ങള്‍ അഷ്ടമംഗലങ്ങളിൽ പ്രധാനമാണ്. ദശപുഷ്പങ്ങള്‍ക്ക് ഔഷധഗുണങ്ങളുമുണ്ട്.

മംഗലആതിര നൽപുരാണം....

പാതിരാപ്പൂ ചൂടിക്കഴിഞ്ഞാൽ ചൊല്ലുന്ന മംഗല ആതിര നൽപുരാണം.... എന്നു തുടങ്ങുന്ന കീർത്തനം മഹാദേവനോടുളള പ്രാർഥന കൂടിയാണ്. നെടുമാംഗല്യത്തിനും സന്താനസൗഭാഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടിയാണു മംഗല ആതിര ചൊല്ലുന്നത്. ഇതു കേട്ടിരിക്കുന്ന കന്യകമാർക്ക്‌ ഉടൻ മാംഗല്യഭാഗ്യം ഉണ്ടാകുന്നു. കൂടാതെ മാംഗല്യഹാനി ഉണ്ടാകില്ല എന്നും പറയുന്നു. വായ്മൊഴിയാണ് ഈ കീർത്തനം.

ത്രേതായുഗത്തിൽ ശ്രീപാർ‌വതിയുടെ ഭക്തയായ ഒരു കന്യകയ്ക്കു വിവാഹനാളിൽ തന്റെ വരൻ മരിക്കുന്നു. എന്നാൽ ശ്രീപാർ‌വതിയുടെ അനുഗ്രഹത്താൽ മഹാദേവൻ വരനു ജീവൻ തിരിച്ചുനൽകി. തുടർന്ന്‌ ആ കന്യകയുടെ വിവാഹം നടന്നു. ശ്രീപാർ‌വതിയും തോഴിമാരും വിവാഹത്തിൽ പങ്കെടുക്കുകയും വധൂവരന്മാരെ അനുഗ്രഹിക്കുകയും ചെയ്തു. കൂടാതെ പാർ‌വതീദേവി തന്റെ ഭക്തയ്ക്കു വരങ്ങളും നല്കി. മാംഗല്യഹാനി ഉണ്ടാകാതെ സന്താനസൗഭാഗ്യങ്ങളോടെ സന്തോഷമായി ജീവിക്കാൻ ഇടവരട്ടെ എന്നായിരുന്നു ആ വരങ്ങൾ. ഇതാണ് ഈ കീർത്തനത്തിന്റെ ഉളളടക്കം. തിരുവാതിര നാളിൽ ഭക്തിയോടെ മംഗല ആതിര ചൊല്ലി സ്തുതിക്കുന്നത് ഐശ്വര്യമായി കരുതുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.