Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്ര വലിയ ആളായാലും കുറ്റത്തിനുണ്ട് ശിക്ഷ

Monk boy

സമൂഹത്തിലെ വമ്പന്മാർ വലിയ കുറ്റങ്ങൾ ചെയ്താലും എങ്ങനെയെങ്കിലും തടിയൂരും. ചെയ്ത കുറ്റങ്ങൾക്കു തെളിവിന്റെ പൊടി പോലുമുണ്ടാകില്ല. ഇതു പുതിയ ലോകത്തെ നാട്ടുനടപ്പ്. എന്നാൽ അറിയാതെ പോലും തെറ്റു ചെയ്താൽ അതു സ്വയം ഏറ്റെടുത്ത് ശിക്ഷ ഏറ്റുവാങ്ങാൻ തയാറാകുന്ന രാജാവിന്റെ കഥയാണു രാമായണം നമ്മോടു പറയുന്നത്.

അയോധ്യയിലെ പ്രതാപവാനായ മഹാരാജാവായിരുന്നു ദശരഥൻ. എന്നിട്ടും മക്കളെക്കുറിച്ചുള്ള ദുഃഖത്താൽ നീറിനീറിയായിരുന്നു മരണം. അതു താൻ പണ്ടു ചെയ്ത കുറ്റത്തിനുള്ള ശിക്ഷയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പണ്ടു കാട്ടിൽ നായാട്ടിനു പോയ രാജാവ് രാത്രി അകലെയെവിടെയോ തടാകത്തിൽ നിന്നു കാട്ടാന വെള്ളം കുടിക്കുന്നതു പോലുള്ള ശബ്ദം കേട്ടു. ഉടൻ ആ ദിക്കിലേക്ക് അമ്പയച്ചു. അമ്പു ചെന്നുകൊണ്ടയുടൻ ഒരു കുട്ടിയുടെ നിലവിളിയാണു കേട്ടത്.

ഉടൻ അവിടെ ഓടിയെത്തിയ ദശരഥൻ കണ്ടത്, തന്റെ അമ്പേറ്റു പിടയുന്ന മുനികുമാരനെയായിരുന്നു. അന്ധരായ മാതാപിതാക്കൾക്കു വേണ്ടി വെള്ളമെടുക്കാൻ വന്നതാണു താനെന്ന് ആ മുനികുമാരൻ ഒരുവിധം പറഞ്ഞു. ഉടൻ മരിച്ചുവീഴുകയും ചെയ്തു.

ഇതുകണ്ടു ദുഃഖം തോന്നിയ രാജാവ് ആ മുനികുമാരന്റെ മാതാപിതാക്കളുടെ അടുത്തെത്തി വിവരമറിയിച്ചു, കുറ്റമേറ്റു. ചേതനയറ്റ സ്വന്തം മകന്റെ ശരീരം തൊട്ടുതലോടി വിലപിക്കാനേ ആ വൃദ്ധതാപസദമ്പതിമാർക്കു കഴിഞ്ഞുള്ളൂ.

താപസന്റെ ശോകം ദശരഥനുള്ള ശാപമായി പൊട്ടിത്തെറിച്ചു: നീയും പുത്രശോകത്താൽ മരിക്കും എന്നായിരുന്നു ശാപം. കാലം കുറെ കഴിഞ്ഞെങ്കിലും ശിക്ഷയിൽ നിന്നു തലയൂരാൻ മഹാരാജാവിനു കഴിഞ്ഞില്ല. പുത്രദുഃഖം കൊണ്ടു നീറിനീറി മരണത്തോടടുത്തപ്പോൾ ദശരഥൻ പഴയ സംഭവം ഓർമിക്കുകയാണ്:

‘‘വൃദ്ധതപോധനനന്നേരമെന്നോടു

പുത്രശോകത്താൽ മരിക്കെന്നു ചൊല്ലിനാൻ’’

എന്ന്. എത്ര വലിയ ആളായാലും, ചെയ്ത കുറ്റത്തിനു ശിക്ഷ അനുഭവിച്ചേ തീരൂ എന്നു നമ്മോടു പറയുകയാണു രാമായണത്തിന്റെ ഈരടികൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.