Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേവീസങ്കൽ‌പത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ

നവരാത്രി

പ്രപഞ്ചത്തിന്റെ സൃഷ്ടിയും സ്ഥിതിയും ലയവും നിർവഹിക്കുന്നതു ത്രിമൂർത്തികളാണെന്നാണു സങ്കൽപം. ആ ത്രിമൂർത്തികൾ ഓരോരുത്തർക്കും സ്വന്തം ദൗത്യത്തിൽ ശക്തിയേകുന്നതു പരാശക്തിയാണെന്നു ദേവീഭാഗവതം പറയുന്നു. ത്രിമൂർത്തികളിൽ ബ്രഹ്മാവിന്റെ ശക്തി സരസ്വതിയാണെങ്കിൽ മഹാവിഷ്ണുവിന്റെ ശക്തി മഹാലക്ഷ്മിയാണ്. സാക്ഷാൽ പരമശിവന്റെ ശക്തി പാർവതിയും. 

സ്ത്രീത്വത്തിന്റെ ഒരേ ശക്തി തന്നെ അറിവിന്റെ ദേവതയായ സരസ്വതിയായും സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മിയായും മാറുന്നു.  അതേ പരാശക്തിക്കു തന്നെ മംഗളരൂപിണിയായ ദുർഗയായും വേണ്ടിവന്നാൽ സംഹാരരൂപിണിയായ ഭദ്രകാളിയായും മാറാൻ കഴിയും. ദേവി എന്ന സങ്കൽപത്തിൽ സ്ത്രീത്വത്തിന്റെ ഈ വ്യത്യസ്ത ഭാവങ്ങളെ തന്നെയാണു നവരാത്രിയുടെ ദിനങ്ങളിൽ ആരാധിക്കുന്നത്. 

“ത്വമേവ ജഗതഃ സ്ഥിതിനാശകർത്രീ…” (ദേവീ, നീ തന്നെയാണു ലോകത്തിന്റെ സൃഷ്ടിസ്ഥിതിനാശത്തിന്റെ നാഥ) എന്നു ദേവന്മാർ പോലും പറയുന്നു, ദേവീഭാഗവതത്തിൽ.  

സ്ത്രീത്വത്തിന്റെ ഭാവങ്ങൾ ആരാധിക്കപ്പെടാനുള്ളതാണ്, അവമതിക്കപ്പെടാനുള്ളതല്ല എന്നാണു നവരാത്രി നമുക്കു നൽകുന്ന സന്ദേശം. അതുതന്നെ നവരാത്രിയുടെ മഹത്വവും പ്രസക്തിയും.

Your Rating: