Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴിലംപാല പൂക്കുന്ന രാവുകൾ

devils-tree

വൃശ്ചികം, ധനു മാസങ്ങളിൽ ആണ് ഏഴിലം പാല പൂക്കുന്നത്. ഏഴിലംപാലയുള്ള സ്ഥലങ്ങളിൽ ഇപ്പോൾ രാത്രികാലങ്ങളിൽ പാല പൂത്ത മണമാണ് പരക്കുന്നത്. കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ചുരം കയറാൻ തുടങ്ങുമ്പോൾ മുതൽ ഈ മണം അനുഭവപ്പെടാൻ തുടങ്ങും. ഒരു പ്രത്യേക ലോകത്തിലാണോ എന്നു പോലും തോന്നി പോകുന്ന അനുഭവമാണത്. 

പാല എന്നു കേൾക്കുമ്പോൾ പലർക്കും ഭയമാണ്. സർപ്പക്കാവുകളിൽ നട്ടുവളർത്തുന്ന മരമാണത്. ചിലർ യക്ഷിയുമായി ബന്ധിപ്പിച്ചു പാലയെ വർണിക്കുന്നു. യക്ഷികൾ പനമുകളിലും ഉണ്ടാകുമത്രേ. യക്ഷികൾ വരുമ്പോൾ പാലപ്പൂവിന്റെ മണം പരക്കും എന്നാണു വിശ്വാസം. പാലകൾ ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും സങ്കേതമാണ് എന്നാണു പലരുടെയും ഭയം. 

ധനുമാസത്തിലെ തിരുവാതിര രാവിൽ പാടുന്ന പാട്ടിലും പാല നട്ടു നനയ്ക്കുന്നതും പൂവുവന്നതും വർണിക്കുന്നുണ്ട്. ശാസ്താംപാട്ട് നടത്തുമ്പോൾ എഴുന്നള്ളത്തിനു പാലക്കൊമ്പ് ഉപയോഗിക്കുന്നു. കുടലിലെ കൃമികളെ നശിപ്പിക്കാനായി മുൻപ് കർക്കിടകത്തിലെ കറുത്ത വാവു ദിവസം രാവിലെ പാലമരച്ചുവട്ടിൽ ചെന്ന് കല്ല്, വടി എന്നിവ കൊണ്ട് തല്ലി പാലയുടെ ചാറെടുത്ത് കൊണ്ടുവന്ന് തിളപ്പിച്ച് കടുകു വറുത്ത് തേങ്ങാപ്പാൽ ചേർത്ത് കഴിക്കുമായിരുന്നു. കേരളത്തിലെ ഒരു സമ്പ്രദായമാണ്. പാലച്ചാറ് ദേവനു നേദിക്കുകയും ചെയ്യും. 

പാലച്ചാറ് പലരോഗങ്ങൾക്കും പ്രതിവിധിയാണ്. ഛർദി, ചുമ, കഫം, ജ്വരം, കുഷ്ഠം, വ്രണം, പ്രമേഹം എന്നിവയ്ക്ക് ഉത്തമമാണ്. ഇലകൾ ഉണക്കിപ്പൊടിച്ച് പശുവിൻ പാലു ചേർത്ത് കുഷ്ഠരോഗമുള്ളവർക്ക് വ്രണങ്ങളിൽ പുരട്ടാനായി ഉപയോഗിച്ചിരുന്നു. 

പാലയുടെ തൊലിയും മരുന്നിന് ഉപയോഗിക്കുന്നു. മറ്റു ചില മരുന്നുകളുമായി കൂട്ടിച്ചേർത്ത് ശരീരകാന്തിക്കുള്ള ഔഷധമായും ഉപയോഗിക്കുന്നു. ഏഴിലകൾ ചുറ്റുമായി വരുന്നതിനാലാണ് ഇതിനെ ഏഴിലംപാല എന്നു വിളിക്കുന്നത്. സംസ്കൃതത്തിൽ സപ്തവർണ എന്നാണിത് അറിയപ്പെടുന്നത്. അസമീസിൽ  ചൈത്തൻ എന്നും ഇംഗ്ലിഷിൽ ഡെവിൾസ് ട്രീ എന്നും  ഉറുദുവിൽ സൈത്താൻ കാജഡ് എന്നും അറിയപ്പെടുന്നു. 

ലേഖകന്റെ വിലാസം :‌ 

Dr. P. B. Rajesh 

Rama Nivas Poovathum parambil 

Near ESI Dispensary 

Eloor East Udyogamandal P.O 

Ernakulam 683501 

email : rajeshastro1963@gmail.com 

Phone : 9846033337 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.