Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നല്ല ജീവിതത്തിന് 7 യോഗങ്ങൾ

Role played by Yogas ഗ്രാഫിക്സ് : ജെയിൻ ഡേവിഡ്

ഒരാളുടെ ജീവിതയാത്രയിൽ പ്രധാനമായി ഉണ്ടായിരിക്കേണ്ട ദീർഘായുസ്സ്, വിദ്യാഭ്യാസം, ജോലി, കുടുംബസുഖം, സാമ്പത്തികസ്ഥിതി, സ്വാഭാവസവിശേഷത, വ്യക്തിത്വം തുടങ്ങിയ ഗുണഫലങ്ങളും അതുപോലെ മോശപ്പെട്ട ഫലങ്ങളും സംഭവിക്കുന്നത് അവരവരുടെ ജാതകത്തിലെ വിവിധ യോഗങ്ങൾക്ക് അനുസരിച്ചായിരിക്കും. ജാതകത്തിൽ പ്രത്യേകം ചിന്തിക്കേണ്ട വിഷയങ്ങളിൽ ഒന്നാണ് ‘‘യോഗങ്ങൾ’’. എന്തെല്ലാം യോഗങ്ങൾ ജാതകത്തിൽ ഉണ്ട് എന്നു നോക്കുന്നതു തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്രയധികം യോഗങ്ങൾ വിവിധ ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. യോഗങ്ങൾ എന്നു പറഞ്ഞാൽ യോജിപ്പിക്കുന്നവ എന്നർഥം ‘‘യോജയന്തീതി യോഗാഃ’’. അതായത് ജനനസമയത്തിനനുസരിച്ചുള്ള ലഗ്നത്തെ അടിസ്ഥാനപ്പെടുത്തി ഗ്രഹങ്ങളും രാശികളും ഭാവങ്ങളും കൂടി ചേര്‍ന്നുള്ള പ്രവർത്തനത്തില്‍ക്കൂടി നല്ലതും മോശപ്പെട്ടതുമായ വിവിധ യോഗങ്ങൾ ഉണ്ടാകുന്നു. ഇൗ യോഗങ്ങളെല്ലാം ഒാരോരുത്തരുടെയും ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു.

എത്രയോ വര്‍ഷങ്ങൾക്കു മുൻപ് അത്യാധുനിക സജ്ജീകരണങ്ങളൊന്നുമില്ലാത്ത കാലത്ത് ഭാരതീയ ഋഷീശ്വരന്മാരാൽ ഉണ്ടാക്കിയെടുത്ത മഹാശാസ്ത്രമായ ജ്യോതിഷത്തിലെ വിവിധ യോഗങ്ങൾക്കടിസ്ഥാനമായ ഗ്രഹഘടനയും അവയുടെ ഫലങ്ങളും എങ്ങനെ കണ്ടുപിടിച്ചു എന്നത് ഇന്നും മനസ്സിലാക്കാൻ സാധിക്കാതെ ഒരദ്ഭുത സംഭവമായി കിടക്കുകയാണ്. യോഗഫലങ്ങളെല്ലാം ഇന്നും അനുഭവത്തില്‍ വരുന്നു എന്നുള്ളതു ഭാരതീയ ജ്യോതിശ്ശാസ്ത്രത്തിന്റെ മഹത്വത്തെയാണു സൂചിപ്പിക്കുന്നത്. അതിനാൽ നമുക്കെല്ലാവർക്കും അഭിമാനിക്കാം.

ജ്യോതിഷത്തിലെ പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നായ പ്രശ്നമാർഗത്തിൽ യോഗഘടനയെ സംബന്ധിക്കുന്ന ഒരു പ്രമാണമുണ്ട്:

‘‘സ്ഥാനതോ ഭാവതഃ ഖേടൈഃ സ്ഥാനഭാവനഭശ്ചരൈഃ സ്ഥാനഭാവസമായോഗാദ് ഭാവഖേചരയോഗതഃ യോഗാഃ സ്യുഃ ഷഡ്വിധാ സ്ഥാനഖേചരാഭ്യാം തു സപ്തമേ ഉച്ചമൂലത്രികോണാദി ഗ്രഹാണാം സ്ഥാനമുച്യതേ ഭാവാ ലഗ്നാദയഃ പ്രോക്താഃ ഖേചരാഃ ഭാസ്കരാദയഃ’’

യോഗഘടനകൾ ഏഴു വിധത്തിലുണ്ട്

1.സ്ഥാനം കൊണ്ടുള്ളവ, 2. ഭാവങ്ങളെക്കൊണ്ട്, 3. ഗ്രഹങ്ങളെക്കൊണ്ട്, 4. സ്ഥാനങ്ങളെക്കൊണ്ടും ഭാവങ്ങളെക്കൊണ്ടും ഗ്രഹങ്ങളെക്കൊണ്ടും കൂടിയുള്ളവ, 5. സ്ഥാനങ്ങളെക്കൊണ്ടും ഭാവങ്ങളെക്കൊണ്ടും കൂടിയുള്ളവ, 6. ഭാവങ്ങളെക്കൊണ്ടും ഗ്രഹങ്ങളെക്കൊണ്ടും കൂടിയുള്ളവ, 7. സഥാനങ്ങളെക്കൊണ്ടും ഗ്രഹങ്ങളെക്കൊണ്ടും കൂടിയുള്ളവ. സ്ഥാനമെന്നു പറയുന്നത് ഉച്ചം, മൂലക്ഷേത്രം, സ്വക്ഷേത്രം മുതലായവയെയും ‘ഭാവ’ങ്ങളെന്നാൽ ലഗ്നം മുതലായ പന്ത്രണ്ടു ഭാവങ്ങളും ഗ്രഹങ്ങള്‍ സൂര്യൻ, ചന്ദ്രൻ.... തുടങ്ങിയ സപ്തഗ്രഹങ്ങളുമാകുന്നു. രാഹുകേതുക്കളെ യോഗങ്ങളിൽ ഉള്‍പ്പെടുത്തിയിട്ടുമില്ല.

യോഗങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്തു നോക്കിയാൽ പ്രത്യേക തരത്തിലുള്ള ശാസ്ത്രീയത രാശി-ഗ്രഹ-ഭാവങ്ങളിൽ കൂടി കിടക്കുന്നു എന്നു മനസ്സിലാക്കാൻ കഴിയും. നല്ലതും മോശപ്പെട്ടതുമായ നിരവധി യോഗങ്ങൾ വിവിധ ജ്യോതിഷഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്. യോഗങ്ങളെ സാധാരണ യോഗങ്ങളെന്നും അസാധാരണ യോഗങ്ങളെന്നും രണ്ടായി തരം തിരിക്കാം. അതായത്, മിക്കവാറും ജാതകങ്ങളിൽ കാണുന്ന യോഗങ്ങളെ സാധാരണ യോഗങ്ങളെന്നും യോഗങ്ങൾക്കടിസ്ഥാനമായ ഗ്രഹഘടനകൾ വരുവാൻ പ്രയാസമായ യോഗങ്ങളെ അസാധാരണ യോഗങ്ങളെന്നും പറയാം. ജ്യോതിഷ പ്രേമികള്‍ക്കായി ചില യോഗങ്ങളെക്കുറിച്ചു പറയുന്നു:

മഹാഭാഗ്യയോഗം

ഒരു അസാധാരണ യോഗമാണിത്. ജാതകത്തിൽ അത്യപൂർവമായി കാണുന്ന യോഗം. ഒറ്റ നോട്ടത്തിൽ ശ്രദ്ധയിൽപെടാൻ വിഷമം. പേരിൽ തന്നെ യോഗത്തിന്റെ പ്രാധാന്യം വന്നിരിക്കുന്നു. അഞ്ചു കാര്യങ്ങള്‍ ശരിയായാൽ മാത്രമേ ഇൗ യോഗം വരികയുള്ളൂ. പുരുഷജാതകത്തിലാണെങ്കിൽ , സൂര്യനും ചന്ദ്രനും പുരുഷരാശിയിൽ നിൽക്കുകയും ലഗ്നം പുരുഷരാശിയാകുകയും. പകൽ ജനിക്കുകയും പുരുഷനക്ഷത്രമായിരിക്കുകയും വേണം. സ്ത്രീജാതകത്തിൽ നേരെ വിപരീതവും– അതായത്, സൂര്യനും ചന്ദ്രനും സ്ത്രീരാശിയിൽ നിൽക്കുകയും ലഗ്നം സ്ത്രീരാശിയാകുകയും രാത്രി ജനിക്കുകയും സ്ത്രീനക്ഷത്രമാകുകയും വേണം. ഇൗ യോഗത്തിൽ ഒരാൾ ജനിച്ചാൽ ഉന്നതരായ ആളുകള്‍ക്ക് ഇഷ്ടമുള്ളവനായിരിക്കും. എല്ലാ സുഖസൗകര്യങ്ങളും ഉണ്ടാകും. നല്ല സന്താനങ്ങൾ ഉണ്ടാകും. ഉൽകൃഷ്ട സുഖശീലവും പാണ്ഡിത്യവും ഉണ്ടാകും. എല്ലാറ്റിനെയും ജയിച്ച് ദീർഘായുസ്സോടു കൂടി ജീവിച്ചിരിക്കും.

സരസ്വതീയോഗം

വളരെ പ്രധാനപ്പെട്ട യോഗമാണിത്. ശുക്രൻ, വ്യാഴം, ബുധൻ എന്നീ ഗ്രഹങ്ങള്‍ കേന്ദ്ര-ത്രികോണ ഭാവങ്ങളിലോ രണ്ടാം ഭാവത്തിലൊ നിൽക്കുകയും വ്യാഴം ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ ബന്ധു ക്ഷേത്രത്തിലോ നിൽക്കുകയും ചെയ്താൽ ‘സരസ്വതി’ യോഗം വരും.‘ സരസ്വതി’ യോഗത്തിൽ ജനിച്ചാൽ ബുദ്ധിമാനാകും. നാടകം, ഗദ്യപദങ്ങൾ, ഗണിതം, അലങ്കാര ശാസ്ത്രം മുതലായവകളിൽ വലിയ അറിവുള്ളവനായും കവിതകളും പ്രബന്ധങ്ങളും രചിക്കുന്നവനായുമിരിക്കും. ശാസ്ത്രവിഷയങ്ങളിൽ താല‍്‍പര്യമുണ്ടാകുകയും നല്ല പ്രശസ്തി ഉണ്ടാകുകയും ചെയ്യും. ഭാര്യാസന്താനങ്ങളോടു കൂടി സന്തോഷമായിട്ടുള്ള ജീവിതവും ഉണ്ടാകും. വലിയ അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യും.

കേമദ്രുമയോഗം

കേമദ്രുമ പലതരത്തിലുണ്ട്. മോശപ്പട്ട യോഗമാണിത്. ദുർബലനായ ഒൻപതാം ഭാവാധിപൻ പന്ത്രണ്ടാം ഭാവത്തിലും ദുർബലനായ പന്ത്രണ്ടാം ഭാവാധിപൻ രണ്ടാം ഭാവത്തിലും പാപന്മാർ മൂന്നാം ഭാവത്തിലും നിൽക്കണം . ഇൗ യോഗം ഒരു തരത്തിലുള്ള കേമദ്രുമയാണ്.ഇൗ യോഗത്തിൽ ജനിച്ചാല്‍ പരസ്ത്രീകളിൽ താൽപര്യവും നീചമായ പ്രവൃത്തി, നിന്ദ്യമായ ധർമം എന്നിവയിൽ അത്യാസക്തിയും ഉണ്ടാകുകയും വലിയ കടക്കാരനാകുകയും ചെയ്യും. ‌

സന്യാസയോഗം

‘പ്രവ്രജ്യ’ അഥവാ സന്യാസയോഗം പല തരത്തിലുണ്ട്. സന്യസിക്കുക മാത്രമല്ല, ഭൗതിക സുഖത്തോടു മാനസികമായി ഒരു തരം വിരക്തി ഉണ്ടാക്കുക എന്നതും ഇൗ യോഗം കൊണ്ട് ഉദ്ദേശിക്കുന്നു. അല്ലെങ്കിൽ സന്യസത്തിനു തുല്യമായ ജീവിതരീതി അനുഷ്ഠിക്കുകയും ചെയ്യാവുന്നതാണ്. സന്യാസം പല വിഭാഗങ്ങളിൽ പെടുന്നു. ഒരോ ഗ്രഹത്തിനനുസരിച്ചുള്ള സന്യാസരീതി വേർതിരിച്ച് പറയുന്നുണ്ട്. ഒരു യോഗത്തിൽ ഇങ്ങനെ പറയുന്നു. നാലോ അതിൽ കൂടുതൽ ഗ്രഹങ്ങളോ ബലവനാനായി ഒരു രാശിയിൽ വന്നാൽ സന്യാസയോഗമാകുന്നു. ഇൗ യോഗത്തിൽ രാശിയിൽ നിൽക്കുന്ന ഗ്രഹങ്ങളിൽ വെച്ച് ഏറ്റവും ബലവാനായ ഗ്രഹത്തിനനുസരിച്ചുള്ള സന്യാസം സ്വീകരിക്കുമെന്നാണ് പറയുന്നത്. സന്യാസത്തിന് കര്‍തൃത്വം വഹിച്ച ഗ്രഹത്തിന്റെ ദശയിലോ അപഹാത്തിലോ സന്യാസജീവിതം ആരംഭിക്കുമെന്നും പറയാവുന്നതാണ്. മറ്റൊരു യോഗത്തിൽ പറയുന്നു. ശനി ഒരു ഗ്രഹത്തിന്റെയും ദൃഷ്ടി ഇല്ലാതെ ഒൻപതാം ഭാവത്തിൽ നിന്നാൽ സന്യാസയോഗമാകും. രാജയോഗമുണ്ടായിരുന്നാൽ പോലും സന്യാസജീവിതം അനുഷ്ഠിക്കുമെന്നാണ് ഇൗ യോഗത്തിൽ പറയുന്നത്.

പൈശാചയോഗം

ബുധനും ചന്ദ്രനും ലഗ്നകേന്ദ്രത്തിൽ നിൽക്കുക. മറ്റു യാതൊരു ഗ്രഹവും ഒരുമിച്ചുണ്ടായിരിക്കുകയുമരുത്. ഗ്രഹം നിൽക്കുന്ന രാശ്യാധിപന്റെ ദൃഷ്ടി ഇല്ലാതെയിരിക്കുകയും വേണം. ഇങ്ങനെ ഗ്രഹനില വന്നാൽ പൈശാചയോഗമായി. ഇൗ യോഗത്തിൽ ജനിച്ചാൽ ഭ്രാന്തനായി ത്തീരുമെന്നു പറയുന്നു. അതായത്, മനസ്സിനു വിഭ്രമം ഉണ്ടാകുമെന്നർഥം

രാജയോഗം

ജാതകത്തില്‍ അതിവിശേഷമായി ചിന്തിക്കേണ്ട യോഗമാണിത്. എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുക എന്നതാണു ചുരുക്കത്തിൽ രാജയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ സ്വഭാവത്തിലുള്ള അനവധി രാജയോഗങ്ങൾ പല ഗ്രന്ഥങ്ങളിലായി പറയുന്നുണ്ട്. ജാതകത്തിൽ രാജയോഗം കണ്ടുപിടിക്കുക ക്ലേശകരമാണ്. രാജയോഗത്തിന്റെ അടിസ്ഥാനത്തിലാണ് സാധാരണക്കാരായി ജനിച്ചാൽ സമ്പന്നരും പ്രശസ്തരും മഹാന്മാരുമായി തീരുന്നത്.

സാധാരണ ചില രാജയോഗങ്ങൾ പരിശോധിക്കാം

ജാതകത്തിൽ ലഗ്നാധിപൻ ഉച്ചത്തിൽ നിന്ന് ചന്ദ്രനെ നോക്കി നിൽക്കുമ്പോള്‍ ജനിച്ച വ്യക്തി രാജാവായി തീരും. അയാൾ ശത്രുക്കളെയെല്ലാം ജയിച്ച് വിജയം നേടും. ലഗ്നാധിപൻ ബലവാനായി ലഗ്നകേന്ദ്രത്തിൽ നിന്നാൽ രാജയോഗമുണ്ട്. ഒമ്പതാം ഭാവാധിപനും പത്താം ഭാവാധിപനും കൂടി ഒരു രാശിയിൽ വന്നാൽ അതും രാജയോഗമാണ്. ഇ‍തിനെ ധര്‍മകർമാധിപരാജയോഗമെന്നുപറയാം. ഇൗ രണ്ടു ഭാവാധിപൻമാരും പരസ്പരം പരിവർത്തനത്തോടു കൂടി നിന്നാൽ അത് സവിശേഷമായ രാജയോഗമാകുന്നു. അതുപോലെ ഏതെങ്കിലും ഒരു ഗ്രഹം ഉച്ചത്തിൽ നിൽക്കുകയും ആ ഗ്രഹത്തിന് ബന്ധുഗ്രഹത്തിന്റെ ദൃഷ്ടി ഉണ്ടാകുകയും ചെയ്താൽ അതും രാജയോഗമാണ്. മറ്റൊരു രാജയോഗം പറയുന്നു: ഒരു ഗ്രഹം ഏതൊരു രാശിയിൽ നിൽക്കുന്നുവോ ആ രാശിനാഥൻ തന്റെ രാശിയിൽ നിൽക്കുന്ന ഗ്രഹത്തെ നോക്കുകയാണെങ്കിൽ അങ്ങനെയുള്ള വ്യക്തി നല്ല പ്രശസ്തിയോടു കൂടിയ രാജാവാകും. ലഗ്നാൽ ഇഷ്ടസ്ഥാനത്തു നിൽക്കുന്ന ഗ്രഹത്തെയാണു നോക്കുന്നതെങ്കിൽ പിന്നെ സംശയമില്ല എന്നും പറയുന്നു.

നീചഭംഗ ചക്രവർത്തിയോഗം

ഒരു പ്രത്യേക യോഗഘടനയാണ് ഇൗ യോഗത്തിൽ. അതായത് ഏതെങ്കിലും ഒരു ഗ്രഹം നീചത്തിൽ നിൽക്കുകയും നീചസ്ഥനായ ഗ്രഹം നിൽക്കുന്ന രാശിനാഥനോ അല്ലെങ്കിൽ രാശിനാഥന്റെ ഉച്ചരാശ്യാധിപനോ ചന്ദ്രകേന്ദ്രത്തില്‍ വന്നാൽ ധാർമികമായ ചക്രവർത്തിയാകുമെന്നും ലഗ്നകേന്ദ്രത്തിൽ നിന്നാൽ സകല രാജാക്കന്മാരാലും വന്ദിക്കപ്പെടുന്ന രാജാവായി തീരുമെന്നും പറയുന്നു. വലിയ ആളുകള്‍ പ്രശംസിക്കപ്പെടുകയും അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യും. യഥാർഥത്തിൽ ജാതകം എഴുതുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ജാതകം നോക്കി യോഗങ്ങളുടെയും മറ്റും ഫലം പറയുവാൻ. അത്രമാത്രം സൂക്ഷ്മമായി നോക്കേണ്ട വിഷയമാണു ഫലപ്രവചനം. എല്ലാ യോഗങ്ങളുടെയും കർതൃത്വം വഹിക്കുന്ന ഗ്രഹങ്ങളുടെ ബലാബലത്തിനുസരിച്ചായിരിക്കും ഫലം കൂടുതൽ അനുഭവത്തിൽ വരുന്നത്. അതായത്, യോഗങ്ങൾക്കുള്ള ഗ്രഹഘടനകൾ മാത്രം പോരാ എന്നും രാശികളുടെയും ഗ്രഹങ്ങളുടെയും ബലാബലം പ്രത്യേകം ചിന്തിക്കുകയും വേണമെന്നു സാരം.

‘‘ ഒരാൾ ഇരുട്ടത്തു നടക്കുമ്പോൾ അയാൾക്കു മൊബൈൽ ഫോണിൽ നിന്നു കിട്ടുന്ന ചെറിയ പ്രകാശം വലിയ ആശ്വാസമാകുമെങ്കിൽ എന്തിനാണ് ആ പ്രകാശം വേെണ്ടന്നു വയ്ക്കുന്നത്. ആ പ്രകാശമാണു ഭാരതീയ ജ്യോതിഷത്തിൽ കൂടി ലഭിക്കുന്നത്.’’

ലേഖകന്റെ വിലാസം:

എ.എസ്. രമേഷ് പണിക്കർ

കളരിക്കൽ, ചിറ്റഞ്ഞൂർ, കുന്നംകുളം, തൃശൂർ ജില്ല.

ഫോൺ: 9847966177

ഇമെയിൽ: remeshpanicker17@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.