Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രഹപ്പിഴ തീർക്കാൻ ഭജന

shiva

ഗ്രഹങ്ങൾ ചാരവശാൽ ചന്ദ്രൻ നിൽക്കുന്ന രാശിയിൽ നിന്ന് അനിഷ്ടഭാവങ്ങളിൽ സഞ്ചരിക്കുന്ന കാലമാണ് ഗ്രഹപ്പിഴ (കാലദോഷം) എന്നു പറയുന്നത്. ഈ സമയം പലർക്കും രോഗദുരിതങ്ങൾ, തടസ്സങ്ങൾ, ധനനഷ്ടം, ദുഃഖം, അപകടങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നു. അനിഷ്ടകാരകനായ ഗ്രഹം ഏതു ഭാവത്തിൽ നിൽക്കുന്നുവോ ആ ഭാവസംബന്ധമായ ദുരിതങ്ങൾ നേരിടേണ്ടിവരും.

ഗ്രഹപ്പിഴയുള്ള കാലങ്ങളിൽ അതിന്റെ ശമനത്തിനും ഈശ്വരാനുഗ്രഹത്തിനും ഗ്രഹങ്ങൾ പ്രസാദിക്കുന്നതിനും പരിഹാരങ്ങൾ ചെയ്യണം. ഈശ്വരാരാധന നടത്തുക, ഗുരുവിനെയും സജ്ജനങ്ങളെയും നിത്യം ആദരിക്കുക, സജ്ജന സംസ‌ർഗ്ഗം, വേദം, പുരാണം, സൽക്കഥകൾ ഇവ പാരായണം ചെയ്യുന്നത് കേൾക്കുക. ഹോമം, യാഗം ഇവ നടത്തുന്ന സ്ഥലങ്ങൾ ദർശിക്കുക, കാമക്രോധമോഹങ്ങളെ അടക്കിയുള്ള ജീവിതം നയിക്കുക. ഓരോ ഗ്രഹത്തിന്റെയും സ്തോത്രം, മന്ത്രം തുടങ്ങിയവ ജപിക്കുക, ഗ്രഹങ്ങൾക്കു പറഞ്ഞിട്ടുള്ള വസ്തുക്കൾ ദാനം ചെയ്യുക. ഇങ്ങനെ എല്ലാമായാൽ ഗ്രഹപ്പിഴ മിക്കവാറും ഒഴിഞ്ഞു നിൽക്കും പ്രഭാതത്തിലെ സ്നാനവും ക്ഷേത്രദർശനവും ഏറ്റവും ഫലപ്രദമാണ്.

ഗ്രഹപ്പിഴയുള്ള കാലങ്ങളിൽ ആവശ്യം വർജ്ജിക്കേണ്ട ചില കാര്യങ്ങളുണ്ട്. അസമയത്തുള്ള സഞ്ചാരം, വാഹനം ഉപയോഗിക്കുന്നത്‌, ദൂരയാത്ര, അന്യഗൃ‌ഹത്തിലെ താമസം, സന്ദർശനം, സാഹസപ്രവൃത്തികൾ ഇവ ഒഴിവാക്കേണ്ടതാണ്. ഗ്രഹപ്പിഴ സമയത്ത് ഉണർന്നാലുടൻ കിടക്കയിൽ കിടന്നു തന്നെ ഗ്രഹങ്ങളെ ഭക്തിപൂർവം ഭജിച്ചാൽ ഗ്രഹപ്പിഴ ശമനത്തിനും ഗ്രഹപ്പിഴ ഉണ്ടാകാതിരിക്കുന്നതിനും ഉത്തമം. ഓരോ ഗ്രഹത്തിനും ചെയ്യേണ്ട പ്രതിവിധികൾ ഇപ്രകാരമാണ്. പ്രഭാതത്തിൽ കുളി കഴിഞ്ഞ് കുലദേവതയെ സ്മരിച്ച ശേഷം ഓരോ ഗ്രഹത്തിന്റെയും വസ്ത്രപുഷ്പരത്നധാരണം ഉത്തമം. ഗ്രഹത്തിനു വിധിച്ചിട്ടുള്ള വസ്തു ദാനം ചെയ്യുന്നതും യന്ത്രധാരണവും ഫലപ്രദമാണ്.

സൂര്യന്റെ അനിഷ്ടസ്ഥിതി

സൂര്യനെ പ്രാർഥിച്ച ശേഷം നിത്യകർ‌മങ്ങളിൽ ഏർപ്പെടുക. ആദിത്യയന്ത്രം ധരിക്കുന്നതും ഉത്തമം. തവിട്ടുനിറത്തിലുള്ള വസ്ത്രം ധരിക്കാം. ശിവഭജനവും ഞായറാഴ്ച വ്രതവും ഫലപ്രദം. ചുവന്ന പൂക്കൾ ധരിക്കാം. ദാനം ചെയ്യേണ്ട വസ്തു ഗോതമ്പ്.

ചന്ദ്രന്റെ അനിഷ്ടസ്ഥിതി

ചന്ദ്രനെ പ്രാർഥിക്കുക. ദുർഗ്ഗാദേവീ ഭജനം നടത്തുക. വെള്ളനിറമുള്ള വസ്ത്രമാണ് ധരിക്കേണ്ടത്. നന്ത്യാർവട്ടം, മുല്ല, മന്ദാരം, വെള്ളത്താമര തുടങ്ങിയ പുഷ്പങ്ങൾ ചൂടാം. മുത്താണ് ധരിക്കേണ്ട രത്നം. ശംഖ്, ഉണക്കലരി തുടങ്ങിയവ ദാനം ചെയ്യണം.

കുജന്റെ അനിഷ്ടസ്ഥിതി

ഭദ്രകാളീഭജനം നടത്തുക. ചുവന്ന വസ്ത്രം, ചുവന്ന പൂക്കൾ ഇവ ധരിക്കാം. ധരിക്കേണ്ട രത്നം പവിഴമാണ്. ദാനം ചെയ്യേണ്ട വസ്തുക്കൾ തുവര, ചുവന്ന കാള, കുജയന്ത്രം ധരിക്കാം. രക്തചന്ദനമുട്ടി കൊണ്ട് കുജപ്രതിമയുണ്ടാക്കി ഉത്തമ ബ്രാഹ്മണനു ദാനം ചെയ്യണം. ഇപ്രകാരം ചെയ്താൽ ഗ്രഹപ്പിഴ, ശത്രുബാധ, ചോരഭയം, ക്ഷുദ്രാഭിചാരദോഷങ്ങൾ ഇവ നശിക്കും.

ബുധന്റെ അനിഷ്ടസ്ഥിതി

ബുധസ്തോത്രം ജപിക്കുക. ശ്രീകൃഷ്ണഭജനം നടത്തുക. പച്ചവസ്ത്രം ധരിക്കാം. മരതകം ആണ് രത്നം. പച്ചനിറമുള്ള പൂക്കൾ ചൂടാം. ദാനം ചെയ്യേണ്ട വസ്തുക്കൾ‌ സ്വർണം, ചെറുപയർ, ബുധയന്ത്രം ഉത്തമഫലം ചെയ്യും.

വ്യാഴത്തിന്റെ അനിഷ്ടസ്ഥിതി

വ്യാഴത്തിന്റെ അനിഷ്ടസ്ഥിതിക്ക് വിഷ്ണുഭജനം ഉത്തമം. മഞ്ഞ നിറമുള്ള വസ്ത്രം ഉപയോഗിക്കാം. മഞ്ഞപ്പട്ട്, ചണം, പയർ ഇവ ദാനം ചെയ്യണം. പുഷ്യരാഗമാണ് രത്നം. ഗുരുയന്ത്രം ധരിക്കാം. ഏകാദശി വ്രതം ഉത്തമം.

ശുക്രന്റെ അനിഷ്ടസ്ഥിതി

മഹാലക്ഷ്മീഭജനം നടത്തുക, വെള്ള വസ്ത്രവും വെള്ളി ആഭരണവും ധരിക്കുക. നന്ത്യാർവട്ടം, മുല്ല എന്നീ വെളുത്ത പുഷ്പങ്ങൾ ചൂടാം. ശുക്രയന്ത്രധാരണം ഗുണഫലം ചെയ്യും. അമര, വെള്ളി ഇവ ദാനം ചെയ്യണം. രത്നം വജ്രമാണ്.

ശനിയുടെ അനിഷ്ടസ്ഥിതി

ശനിപ്പിഴയ്ക്ക് (കണ്ടകശ്ശനി, ഏഴരശ്ശനി) ശാസ്താഭജനം ഉത്തമം. ശനിഭജനമന്ത്രം ജപിക്കുക. ശാസ്താവിന് എണ്ണയാടുക. ശാസ്താവിന് നിവേദിച്ചത് ഭക്ഷിക്കുക. അരയാലിന് പ്രദക്ഷിണം വയ്ക്കുക, കറുത്ത വസ്ത്രം ധരിക്കാം. ശനിയാഴ്ചവ്രതം വളരെ ഫലപ്രദമാണ്. വൃദ്ധർക്ക് ദാനം ചെയ്യണം. എള്ള് ദാനം ഉത്തമം. ശനിയന്ത്രം ധരിക്കാം. കൂവളത്തില, നീല ശംഖുപുഷ്പം, നീലനിറമുള്ള പുഷ്പങ്ങൾ ഇവ ചൂടാം. ഇന്ദ്രനീലമാണ് രത്നം.

രാഹുവിന്റെ അനിഷ്ടസ്ഥിതി

സർപ്പഭജനം നടത്തണം. മണ്ണാറശാല പോലുള്ള സർപ്പപ്രധാനക്ഷേത്രത്തിലും സർപ്പക്കാവിലും മറ്റും പോയി സർപ്പഭജനം നടത്തേണ്ടതാണ്. കറുത്ത വസ്ത്രം ധരിക്കാം. ഗോമേദകമാണ് ധരിക്കേണ്ട രത്നം. രാഹുയന്ത്രം ഫലപ്രദമാണ്. രാഹുവിനു ശനിയുടെ പുഷ്പം തന്നെ ചൂടാം. ഇരുമ്പ്, ഉഴുന്ന് ഇവയാണ് ദാനം ചെയ്യേണ്ട വസ്തുക്കൾ. ഞായറാഴ്ച വ്രതം, സർപ്പപ്രതിമാദാനം ഇവ ഉത്തമം.

കേതുവിന്റെ അനിഷ്ടസ്ഥിതി

ചാമുണ്ഡീഭജനം നടത്തണം. ചുവന്ന വസ്ത്രം, ചുവന്ന പുഷ്പം ഇവ ധരിക്കാം. കേതുയന്ത്രം ഗുണഫലം നൽകും. വൈഡൂര്യമാണ് ധരിക്കേണ്ട രത്നം. കേതുസ്ത്രോത്രജപം അനുകൂലഫലം തരും. ദാനം ചെയ്യേണ്ട വസ്തുക്കൾ മുതിര, മുട്ടനാട്.

അനിഷ്ട സ്ഥാനത്തു നിൽക്കുന്ന ഗ്രഹങ്ങളുടെ ദോഷശാന്തിക്കായി ഗ്രഹപൂജ, ഗ്രഹശാന്തി, ഹോമം തുടങ്ങിയ കർമങ്ങൾ ഉത്തമം. ഈ വക കാര്യങ്ങൾ ചിത്തശുദ്ധിയും ഉപാസനാബലവും ഉള്ള കർ‌മി ചെയ്യേണ്ടതാണ്. ദാനം കൊടുക്കുകയും വാങ്ങുകയും ചെയ്യേണ്ടത് ‌ശരിയായ മനഃശുദ്ധിയോടെ ആകണം. പരിഹാരങ്ങൾ ശരിയായി ആചരിക്കുന്ന പക്ഷം എത്ര വലിയ ആപത്തുകളിൽ നിന്നും ആശ്വാസം ലഭിക്കും. അനിഷ്ടഫലങ്ങൾ നാമമാത്രമായി അനുഭവിച്ചുതീരും.

അവരവർക്കു ചെയ്യാവുന്ന ലഘുവായ പരിഹാരങ്ങൾ: സംക്രമം, അമാവാസി, വ്യതീപാതം, വൈധൃതി, ഗ്രഹണം ഇവയുടെ പുണ്യകാലങ്ങളിൽ സ്നാനം ചെയ്യുക. ദാനധർമങ്ങൾ അനുഷ്ഠിക്കുക. ചിത്തശുദ്ധിയോടെ പ്രഭാതത്തിലും സന്ധ്യയിലും നവഗ്രഹസ്തുതി, നാമം ഇവ ജപിക്കുക. സമീപത്തുള്ള ദേവാലയത്തിൽ ദർശനം നടത്തുക. കലികാലത്ത് നാമജപം കൊണ്ട് മാത്രം ഗ്രഹപ്പിഴശാന്തിയും ഈശ്വരസാക്ഷാത്ക്കാരവും സാധിക്കുന്നതാണ്.

ഗീതക്കുട്ടി

ലക്ഷമീനാരായണ

കൊടുങ്ങൂർ ഫോൺ - 9656132213

sreelakshminarayananastro@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.