Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പു വന്നു, ജ്യോത്സ്യന്മാർക്കു ‘ശുക്രദശ’

predict-win

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ജോൽസ്യൻമാർക്ക് ‘ശുക്രദശ’. സീറ്റ് കിട്ടാനുള്ള മാർഗങ്ങൾ തേടി ജോൽസ്യൻമാരെ കാണാൻ പരക്കം പായുകയാണു സ്ഥാനാർഥികളും അനുയായികളും. രാഷ്ട്രീയത്തിൽ തിളങ്ങാൻ ജോൽസ്യൻമാരെ ആശ്രയിക്കുന്നവരിൽ പാർട്ടി, ജാതി മത വ്യത്യാസങ്ങളൊന്നുമില്ല. എല്ലാവർക്കും അറിയേണ്ടതു സീറ്റു കിട്ടുമോയെന്നാണ്. ഇല്ലെങ്കിൽ അത്‌ ഉറപ്പാക്കാനുള്ള വഴികളും.

ഉന്നതനേതാക്കളുടെ മനസ്സലിയാൻ പ്രത്യേക പൂജ നടത്തുന്നവരും ശത്രുസംഹാരത്തിനു വഴി തേടിയെത്തുന്നവരുമെല്ലാം സീറ്റുമോഹികളുടെ കൂട്ടത്തിലുണ്ട്. പ്രശ്ന പരിഹാരക്രിയകൾ തന്നെ പലവിധം. പൂജകൾക്കു ഫീസായി 1000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങുന്ന ജ്യോതിഷികളുമുണ്ട്. രാഷ്ട്രീയ ജോൽസ്യനെന്നു പേരെടുത്തവരാണെങ്കിൽ തുക ഉയരും. വിപ്ലവപാർട്ടിക്കാരും പുരോഗമന ചിന്താഗതിക്കാരായ യുവനേതാക്കളുമെല്ലാം തങ്ങളെ തേടിയെത്താറുണ്ടെന്നു മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. നേരിട്ടു വരാൻ മടിയുള്ളവർ അനുയായികളെയും ബന്ധുക്കളെയും രാഷ്ട്രീയത്തിലെ തലവര പരിശോധിപ്പിക്കാൻ നിയോഗിക്കും. ‘സീറ്റ് കിട്ടുമോയെന്നും വിജയസാധ്യതയുണ്ടോയെന്നും അറിയാനായി രാഷ്ട്രീയപ്രവർത്തകർ സമീപിക്കാറുണ്ട്. അതിൽ എല്ലാ പാർട്ടിക്കാരും ഉൾപ്പെടും’- ജ്യോതിഷ മേഖലയിൽ പ്രവർത്തിക്കുന്നവർ വ്യക്തമാക്കുന്നു.

എന്നാൽ, ജോതിഷരംഗത്തു പ്രവർത്തിക്കുന്നവരിൽ ഇതിനെ എതിർക്കുന്നവരുമുണ്ട്. ‘രാഷ്ട്രീയപ്രവചനത്തിനു ജ്യോതിഷത്തെ ഉപയോഗിക്കുന്നതിനോടു യോജിക്കാനാകില്ല. അതു ശരിയായ നടപടിയല്ല’- അവർ നിലപാടു വ്യക്തമാക്കുന്നു.

രാഷ്ട്രീയക്കാരിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. ‘ജനങ്ങളുടെയും പാർട്ടിയുടെയും അനുവാദം മതി നിയമസഭയിലെത്താൻ, അതിനു ഗ്രഹങ്ങളുടെ അനുവാദം വേണ്ട- ഒരു യുവനേതാവ് നയം വ്യക്തമാക്കി.

Your Rating: