Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉറുമ്പ് ശല്യം മാറ്റാൻ ഉറുമ്പച്ചൻ കോട്ടം

Ant Representative image

നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നു കരുതുന്ന ഉദയമംഗലം ഗണപതി ക്ഷേത്രം ഒരു മണിത്തറയിൽ രണ്ടു ഗണപതി പ്രതിഷ്‌ഠ എന്ന് അപൂർവ പ്രത്യേകതയുള്ള സന്നിധാനമാണ്. ഉദയ മംഗലം എന്ന പേര് വന്നതിന് ഐതിഹ്യമുണ്ട്. സുര്യോദയത്തിനു മുൻപ് ചെയ്‌തു തീർക്കേണ്ട തൃക്കൂട്ട് എന്ന മഹായാഗം യഥാസമയം ചെയ്‌തു തീർക്കാൻ പറ്റാതെ വരികയും പ്രസ്‌തുത ദിവസം ഭഗവാന്റെ കൃപയിൽ ഉദയം വൈകുകയും ചെയ്‌തു. ഉദയത്തിനു താമസം വരികയും യാഗം മംഗളകരമായി പര്യവസാനിച്ചതിനാലും ഉദയമംഗലം എന്ന നാമം മണ്ഡപത്തിനു വരികയും ചെയ്‌തു.

ഉറുമ്പച്ചൻകോട്ടം ഉറുമ്പച്ചൻകോട്ടം

മകര മാസത്തിലെ സഹസ്രാഭിഷേകവും നാളികേരം ഉടക്കലും നിറമാലയും പ്രധാന കർമങ്ങളാണ്. ശിവൻ മഹാവിഷ്‌ണു, പരദേവതാ ഭഗവതി, അന്നപൂർണേശ്വരി, വീരഭദ്രൻ, കിരാത മൂർത്തി, ക്ഷേത്രപാലൻ, ഗുളികൻ, ശിവഭൂതം, കരിംഭൂതം എന്നീ പ്രതിഷ്‌ഠകളുമുണ്ട്. ഉറുമ്പുകളെ ആരാധിക്കുന്ന ഉറുമ്പച്ചൻ കോട്ടം മണ്ഡപത്തിനു സമീപം സ്‌ഥിതി ചെയ്യുന്നു. ഉദയമംഗലം ഗണപതി മണ്ഡപത്തിന് ആദ്യം കുറ്റിയടിച്ചതു ഇവിടെ ആയിരുന്നുവെന്നും എന്നാൽ പ്രസ്‌തുത സ്‌ഥലത്ത് പിറ്റേദിവസം ഉറുമ്പിൻ പുറ്റുകൾ കാണപ്പെടുകയാൽ ഉറുമ്പുകളെ ആരാധിക്കണമെന്നു പ്രശ്‌നചിന്തയിൽ വെളിപ്പെടുകയും ചെയ്‌തുവത്രെ.ഉറുമ്പുകളുടെ ഉപദ്രവമുണ്ടാകാതിരിക്കാൻ ഇവിടെയെത്തി നാളികേരം ഉടയ്‌ക്കുന്നതു വിശേഷമാണ്. ഉറുമ്പുകളെ ആരാധിക്കുന്ന കേരളത്തിലെ ഏക സന്നിധാനവും ഇവിടമാണ്. കൊടുങ്ങല്ലൂർ ഭഗവതി , മുണ്ടയാംപറമ്പ് ഭഗവതി എന്നീ കോട്ടങ്ങളും മണ്ഡപത്തിന് സമീപം സ്‌ഥിതി ചെയ്യുന്നു. രണ്ട് ഉപക്ഷേത്രങ്ങളുടെ പ്രവൃത്തി നടക്കുന്ന ഇവിടുത്തെ നവീകരണ പ്രവർത്തനങ്ങൾ ഭക്‌തജനങ്ങളുടെ കമ്മിറ്റിയാണ് നടത്തുന്നത്. ക്ഷേത്രത്തിന്റെ മുഖമണ്ഡപം നവീകരിക്കണമെന്ന് പ്രശ്‌നചിന്തയിൽ വെളിപ്പെട്ടിട്ടുണ്ട്.

ഉറുമ്പുകൾക്ക് ഒരമ്പലം (ഉദയമംഗലം ഗണപതി ക്ഷേത്രം)

വീട്ടിൽ ഉറുമ്പുശല്യമുണ്ടെങ്കിൽ എന്തുചെയ്യും. അടിച്ചൂകൂട്ടി തീയിടും. അല്ലെങ്കിൽ വിപണിയിൽ ലഭ്യമായ പൊടികളും മറ്റും ഉപയോഗിക്കും. പക്ഷേ എടക്കാട് പഞ്ചായത്തിലെ കുറ്റിക്കകം ഗ്രാമത്തിലുള്ളവർ പൊതിച്ച ഒരു തേങ്ങയുമായി ഉറുമ്പച്ചൻ കോട്ടത്തിലേക്ക് പോകും. തേങ്ങ ഉടച്ചു തേങ്ങാവെള്ളം സമർപ്പിച്ചാൽ ഉറുമ്പച്ചൻ പ്രസാദിക്കുമെന്നും അതുവഴി ഉറുമ്പു ശല്യം ശമിക്കുമെന്നുമാണ് ഇവരുടെ വിശ്വാസം.

കണ്ണൂരിൽ തോട്ടട കിഴുന്നപ്പാറ റൂട്ടിൽ കുറ്റിക്കകം പ്രദേശത്താണ് ഈ ഉറുമ്പച്ചൻ കോട്ടം. പാതയോരത്ത് വൃത്താകൃതിയിൽ തറയും ഒരു വിളക്കും. നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്ന ഈ കോട്ടത്തിലാണ് ഉറുമ്പച്ചന്റെ സാന്നിധ്യം ഉണ്ടെന്ന വിശ്വാസമുള്ളത്. ഗണപതിക്ഷേത്രം നിർമിക്കുന്നതിനു വേണ്ടി സ്‌ഥലത്ത് കുറ്റിയടിച്ചപ്പോൾ അടുത്ത ദിവസം ഉറുമ്പിൻ പുറ്റാണത്രേ കാണാൻ കഴിഞ്ഞത്. ക്ഷേത്രത്തിനു വേണ്ടി അടിച്ച കുറ്റി സമീപത്തെ മറ്റൊരു സ്‌ഥലത്തും. ജ്യോതിഷികളുടെ നിർദേശപ്രകാരം ഉറുമ്പിൻപുറ്റ് പ്രത്യക്ഷപ്പെട്ട സ്‌ഥലത്ത് ഉറുമ്പച്ചൻ സങ്കൽപ്പത്തിൽ കോട്ടം പണിതെന്നാണു വിശ്വാസം. കുറ്റി മാറി സ്‌ഥാപിക്കപ്പെട്ടിടത്ത് ഗണപതിപ്രതിഷ്‌ഠയും നടത്തി.

കുറ്റിക്കകം ഗ്രാമത്തിൽനിന്ന് മാത്രമല്ല ജില്ലയ്‌ക്ക് പുറത്തുനിന്നു പോലും തേങ്ങകളുമായി ഉറുമ്പച്ചനെ ആരാധിക്കാൻ ഏറെ ആളുകൾ എത്തുന്നുണ്ട്. സമീപത്തെ ഗണപതി ക്ഷേത്രത്തിൽ ഉൽസവത്തിനു മുൻപും ഉറുമ്പച്ചനെ പ്രസാദിപ്പിക്കാനുള്ള ചടങ്ങുകൾ നടക്കും. ഉറുമ്പച്ചൻകോട്ടത്തിൽ സുബ്രഹ്‌മണ്യചൈതന്യവും ഉണ്ടെന്ന ദൈവജ്‌ഞമതം അനുസരിച്ചു കാർത്തികേയ വിളക്കും അനുഷ്‌ഠിക്കാറുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.