Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രിയിൽ നഖം വെട്ടരുത്!!!, വെട്ടിയാൽ...

രാത്രിയിൽ നഖം വെട്ടരുത് representative image

(അന്ധ)വിശ്വാസങ്ങളുടെ ഒരു കലവറ തന്നെയാണ് പഴമക്കാർ എന്നു പറയേണ്ടി വരും. ഇപ്പോഴും ചില കുടുംബങ്ങളിലെങ്കിലും ഈ വിശ്വാസങ്ങൾ/അന്ധവിശ്വാസങ്ങൾ തുടർന്നു പോരുന്നുമുണ്ട്. അത്തരം ചില തത്വങ്ങളെ ഒന്ന് അവലോകനം ചെയ്താൽ....

1) രാത്രിയിൽ നഖം വെട്ടരുത്

പകൽ മുഴുവൻ തിരക്കിട്ട ജോലി കഴിഞ്ഞ് രാത്രി ഒന്നു വിശ്രമിക്കാനിരുന്നപ്പോഴാണ് കൈവിരലുകളിലെ നീണ്ട നഖങ്ങൾ വീണ്ടും ശ്രദ്ധയിൽ പെട്ടത്. എന്നാൽ ഇപ്പോൾ തന്നെ വെട്ടിയേക്കാം എന്നു കരുതി നഖംവെട്ടി എടുത്തപ്പോഴോ ഇതാ വരുന്നു മുത്തശ്ശിയുടെ കമന്റ്.... എന്റെ കുട്ടീ...ഇത്രയും വളർന്നിട്ടും രാത്രിയിൽ നഖം മുറിച്ചു കൂടെന്ന് അറിഞ്ഞൂടേ.. നിർത്തിയിട്ട് നാളെ രാവിലെ മുറിച്ചോളൂ. മുത്തശ്ശി പറഞ്ഞതല്ലേ അനുസരിച്ചേക്കാമെന്നു കരുതും. എന്നാൽ ഇതിനു പിന്നിലെ തത്വം എന്താണെന്ന് അറിയുമോ? പണ്ടു കാലങ്ങളിൽ ഇന്നത്തെപ്പോലെ വൈദ്യുതിയും വെളിച്ചവുമൊന്നും ഇല്ലായിരുന്നു. എന്തിനേറെ പറയുന്നു നഖം മുറിക്കാൻ നഖം വെട്ടി പോലും ചിലർക്ക് ഇല്ലായിരുന്നു. പകരം ബ്ലെയ്ഡ് പോലുള്ള മൂർച്ചയുള്ള സാധനങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. വെളിച്ചമില്ലാതെ നഖത്തിന്റെ അഗ്രം മുറിക്കുമ്പോൾ വിരലും കൈയുമൊക്കെ മുറിയാനുള്ള സാധ്യത ഒഴിവാക്കാനായി ഉണ്ടാക്കിയ ഒതു തത്വമായിരുന്നു രാത്രിയിൽ നഖം മുറിക്കാൻ പാടില്ലെന്നുള്ളത്.

2) സന്ധ്യയ്ക്കു ശേഷം തയ്ക്കാൻ പാടില്ല

ഇതും നഖം വെട്ടൽ പോലെ തന്നെ ഉള്ള ഒരു തത്വമാണ്. സൂചി മൂർച്ചയുള്ള വസ്തുവാണ്. വെളിച്ചമില്ലാതെ തുണി തയ്ക്കുമ്പോൾ സൂചി കൈയിൽ കുത്തിക്കയറി ആപത്തുണ്ടാകാതിരിക്കാനായി കണ്ടു പിടിച്ച ഒന്നാകുന്നു രാത്രിയിൽ തയ്ക്കാൻ പാടില്ലെന്നുള്ളതും.

3) ആർത്തവ സമയത്ത് സ്ത്രീകൾ അടുക്കളയിൽ കയറാൻ പാടില്ല

ഒരു കണക്കിനു നോക്കിയാൽ സ്ത്രീകൾക്ക് അടുക്കളയോടു ഗുഡ്ബൈ പറയാൻ പറ്റുന്ന ദിവസങ്ങളാണ് ഇവയെങ്കിലും ഇതിനു പിന്നിലെ തത്വവും എന്താണെന്ന് അറിയേണ്ടേ. ചില വീടുകളിൽ ഇപ്പോളും ഈ ആചാരങ്ങൾ തുടർന്നു പോരുന്നുമുണ്ട്. ആർത്തവ സമയത്ത് സ്ത്രീകൾ അടുക്കളയിൽ കയറാൻ പാടില്ല, വീടിനകത്ത് അവൾക്കു പറഞ്ഞിരിക്കുന്ന മുറിയിൽ‌ മാത്രമേ കയറാവൂ, കഴിക്കാൻ പ്രത്യേക പാത്രങ്ങൾ എന്നിങ്ങനെ നീളുന്നു ഓരോ അരുതായ്മകൾ. കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്ന സമയത്ത് ആ വീട്ടിലുള്ള അംഗങ്ങൾക്ക് മുഴുവൻ വെച്ചു വിളമ്പേണ്ട ഉത്തരവാദിത്തം സ്ത്രീകളിൽ മാത്രം നിക്ഷിപ്തമായിരുന്നു. കാരണവൻമാരും അവരുടെ കൂട്ടുകാരുമൊക്കെ തുടങ്ങി ഒരു നീണ്ടനിര തന്നെ പലപ്പോഴും പല കുടുംബങ്ങളിലും സ്ഥിരമായി ഉണ്ടാകാറുമുണ്ട്. വിശ്രമം എന്നൊന്ന് അക്കാലത്ത് സ്ത്രീകൾ അറിഞ്ഞിരുന്നില്ല. ഇന്നത്തെ പോലെ സാനിറ്ററി നാപ്കിനുകളും ഇല്ലാതിരുന്ന കാലമാണെന്നോർക്കണം. ആർത്തവസമയത്തെ അസ്വസ്ഥതകളും വേദനയും എല്ലാം സഹിച്ച് കഠിനാധ്വാനം ചെയ്യുക ബുദ്ധിമുട്ടു തന്നെ. അതിൽ നിന്നൊരു മോചനമായിരുന്നു ആർത്തവകാലത്ത് അടുക്കളയിൽ കയറാൻ പാടില്ലെന്നുള്ളത്

4) സന്ധ്യസമയത്ത് തൂത്തുവാരൽ പാടില്ല

സന്ധ്യാസമയത്ത് തൂത്തുവാരാൻ പാടില്ലെന്നും സന്ധ്യയ്ക്കു ശേഷം ചപ്പുചവറുകൾ പുറത്തേക്കു കളയാൻ പാടില്ലെന്നുമുള്ള വിശ്വാസം ഇപ്പോഴും പല ഹിന്ദു കുടുംബങ്ങളിലുമുണ്ട്. അങ്ങനെ ചെയ്താൽ ഐശ്വര്യത്തിന്റെ ലക്ഷ്മി പടിയിറങ്ങി പോകുമെന്നാണ് ഇതിനു പിന്നിലെ വിശ്വാസം. വെളിച്ചമില്ലാത്ത സമയത്ത് തൂത്തുവാരി ചപ്പുചവറുകൾ പുറത്തു കളയുമ്പോൾ അതിനൊപ്പം വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടമാകാതിരിക്കാനുള്ള ഒരു മുൻകരുതൽ ആയിരുന്നു ഈ തന്ത്രം.

5) ഗ്രഹണസമയത്ത് ഗർഭിണികൾ കത്രിക ഉപയോഗിക്കരുത്

സൂര്യഗ്രഹണം നടക്കുമ്പോൾ ഗർഭിണികൾ കത്രികയോ മൂർച്ചയുള്ള ആയുധങ്ങളോ ഉപയോഗിച്ച് സാധനങ്ങൾ മുറിക്കാൻ പാടില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ ചെയ്യുകയാണെങ്കിൽ കുഞ്ഞ് മുച്ചുണ്ടുമായി ജനിക്കുമെന്നായിരുന്നു വിശ്വാസം. ഇതിനു പിന്നിൽ എന്താണ് ലോജിക് എന്നു മനസിലാകുന്നില്ല. ഇന്നത്തെ കാലത്ത് എത്രത്തോളം പേർ ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും.

Your Rating: