Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്ലൈ ദുബായ്‌യുടെ അപകടത്തിന് കാരണം ആ നമ്പറോ?

981

ഫ്ലൈ ദുബായ് വിമാനത്തിന്റെ അപകടം വിമാന നമ്പറിലെ ദുസൂചന മൂലമോ? വീണ്ടും ഒരു '981' നമ്പർ വിമാനം കൂടി അപകടത്തിൽപ്പെട്ടതോടെ സംഖ്യയിലെ ആശങ്കകൾ തലയുയർത്തിയിരിക്കുകയാണ്. 1974 ൽ 346 ജീവൻ നഷ്ടപ്പെടുത്തിയ വിമാനത്തിന്റെ നമ്പർ 981 ആയിരുന്നു. കഴിഞ്ഞ ദിവസം റഷ്യൻ വിമാനത്താവളത്തിൽ തകർന്നു വീണ് മുഴുവൻ യാത്രക്കാരും മരിച്ച ഫ്ലൈ ദുബായ് എയർ ലൈൻസിന്റെ നമ്പറും 981.

1974 മാർച്ചിൽ ഫ്രാൻസിൽ തകർന്നു വീണ ടർക്കിഷ് എയർലൈൻസിന്റെ ഫ്ലൈറ്റ് നമ്പരായിരുന്നു 981. 346 പേരാണ് അന്ന് അപകടത്തിൽ മരിച്ചത്. തുർക്കിയിലെ ഇസ്താംബുളളിൽ നിന്നും ലണ്ടനിലെ ഹിത്രു വിമാനത്താവളത്തിലേക്ക് പറക്കും വഴിയാണ് വിമാനം ഫ്രാൻസിൽ തകർന്നു വീണത്.

മാർച്ച് 18 ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 35 മിനിറ്റ് വൈകി പുറപ്പെട്ട് നാല് മണിക്കൂർ പറന്ന് പ്രദേശിക സമയം 1.41 ന് റോസ്തോവ് ഓൺ ഡോൺ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഫ്ലൈ ദുബായ് വിമാനം തകർന്നത്. ലാൻഡ് ചെയ്യാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ആദ്യം 8000 അടി ഉയരത്തിലും പിന്നീട് 15000 അടി ഉയരത്തിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ലാൻഡിങ്ങിന് കാത്തു നിന്നിരുന്നു ഫ്ലൈ ദുബായ് വിമാനം.

എന്നാൽ ഇതിനിടയിൽ രണ്ട് ഫ്ലൈറ്റുകൾ ഇതേ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. മറ്റൊരു ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ കഴിയാത്തതിനാൽ സമീപത്തുളള മറ്റൊരു വിമാനത്താവളമായ ക്രാസ്നോഡാറിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഫ്ലൈ ദുബായ് വിമാനം മറ്റ് സുരക്ഷിത ലാൻഡിങ് സൗകര്യം പരിഗണിക്കാതിരുന്നതെന്ന് വ്യക്തമല്ല.

ഫ്ലൈ ദുബായ് 981 ലെ അപകടത്തിൽ 55 യാത്രക്കാരും ഏഴ് ജീവനക്കാരുമടക്കം 62 പേരാണ് മരിച്ചത്. മലയാളികളായ ദമ്പതികൾക്കും ജീവൻ നഷ്ടമായി.

Your Rating: