Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആട്ടിയോടിക്കുക,ഏഷണിക്കാരെ...

Ramayana-27 വര: ബേബി ഗോപാൽ

നല്ലതു മാത്രം ചിന്തിക്കുന്നവർ. നേരെ വാ നേരെ പോ എന്നു മാത്രം വിചാരിക്കുന്നവർ. നമ്മൾ ഇങ്ങനെയൊക്കെത്തന്നെ. പക്ഷേ ചില സമയങ്ങളിൽ നമ്മളെയും മറിച്ചു ചിന്തിപ്പിക്കാൻ ചിലരുണ്ടാകും.

പണ്ടു രാമന്റെ പട്ടാഭിഷേകത്തിന് ഒരുക്കങ്ങൾ നടക്കുന്നതിനിടയിലും സംഭവിച്ചത് ഇതു തന്നെ. എല്ലാം നശിപ്പിച്ചു, കൈകേയി എന്ന ആ അമ്മ. വക്രബുദ്ധിയായ മന്ഥരയായിരുന്നുവല്ലോ കൈകേയിയുടെ തോഴി.

കൗസല്യയുടെ മകനാണെങ്കിലും രാമനെ കൈകേയിക്കും വളരെ ഇഷ്ടമായിരുന്നു. സ്വന്തം മകനായ ഭരതനെക്കാളും ഇഷ്ടം രാമനെയാണെന്നു പോലും കൈകേയി പറയുന്നുണ്ട്. ആ കൈകേയിയെപ്പോലും തിരിക്കാൻ തോഴിയായ മന്ഥരയ്ക്കു കഴിഞ്ഞു. അങ്ങനെ പട്ടാഭിഷേകം മുടങ്ങി. രാമനെ കാട്ടിലേക്ക് അയയ്ക്കാനും കൈകേയിക്കു കഴിഞ്ഞു. സ്വന്തം മകനെ രാജാവാക്കുക എന്ന സ്വാർഥത നേടിയെടുക്കാൻ മാത്രമായിരുന്നു ഈ കളികളെല്ലാം. വൃത്തികെട്ട ഇത്തരം കളികളിലൂടെ അവർക്ക് എല്ലാമെല്ലാം നഷ്ടപ്പെടുകയാണുണ്ടായത് എന്നു മാത്രം.

മന്ഥരമാരും മന്ഥരന്മാരും ഇന്നും നമുക്കു ചുറ്റുമുണ്ട്. നേരെ വാ നേരെ പോ എന്നു ചിന്തിക്കുന്നവരെപ്പോലും മറിച്ചുചിന്തിപ്പിക്കും ഇവർ. ഇവരുടെ കൂട്ടു കൂടിയാൽ നല്ലവർ പോലും ദുഷ്ടന്മാരായി മാറുമെന്നു ശാരികപ്പൈങ്കിളി മുന്നറിയിപ്പു നൽകുന്നു: ‘‘ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ സജ്ജനനിന്ദ്യനായ് വന്നുകൂടും ദൃഢം’’ എന്ന്.

ഏഷണിയും പരദൂഷണവുമായി അടുത്തുകൂടുന്ന ഇത്തരക്കാരെ ആട്ടിയോടിക്കുക മാത്രമാണു പോംവഴിയെന്നും കിളിമകൾ പറയുന്നു: ‘‘ദുർജനസംസർഗമേറ്റമകലവേ വർജിക്ക വേണം പ്രയത്നേന സൽപുമാൻ’’ എന്ന്.

മറ്റുള്ളവരെ വഴി തെറ്റിക്കാൻ മാത്രമായി നടക്കുന്ന പരദൂഷണക്കാർ പെരുകുന്ന ഇന്നത്തെ ലോകത്ത് ഏറെ പ്രസക്തമാണു കിളിമകളുടെ മുന്നറിയിപ്പ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.