Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രഹദോഷവും പരിഹാരവും

astro-fl Representative image

ജാതകം അനുസരിച്ച് വരുന്ന ദശാകാലങ്ങളിൽ ചിലതു നല്ലതും മറ്റു ചിലതു ചീത്തയുമായിരിക്കും. നല്ല ദശയിൽ മോശം അപഹാരങ്ങളുണ്ടാകുന്നതു പോലെ ചീത്ത ദശാകാലത്തു നല്ല അപഹാരങ്ങളും ഉണ്ടാകുന്നു. ഇതു കൂടാതെ ഗ്രഹങ്ങളുടെ ചാരവശാൽ നല്ല സമയവും ചീത്തസമയവും വരുന്നു.

കണ്ടകശ്ശനി, ഏഴരശ്ശനി, ജന്മശ്ശനി എന്നിങ്ങനെയൊക്കെ പലരും കേട്ടിട്ടുണ്ടാകും. അതു പോലെ ശനിദശ, രാഹുദശ, കേതുദശ എന്നിങ്ങനെയും. ശുഭഗ്രഹങ്ങളുടെ ദശാകാലങ്ങൾ ശുഭഫലവും മറിച്ചുളളവയുടേതു ദോഷഫലവുമാണ് തരുന്നത്. എന്നാൽ അനുകൂലരാശിയിൽ നിൽക്കുന്ന ഗ്രഹങ്ങളുടെ ദശാകാലം നല്ലതായിരിക്കും. ഉദാ:– പതിനൊന്നിൽ നിൽക്കുന്ന പാപഗ്രഹത്തിന്റെ ദശാകാലം നല്ലതായിരിക്കും.

മോശം കാലം വരുമ്പോൾ അതതു ഗ്രഹത്തിനു വേണ്ട പരിഹാരം ചെയ്താൽ ദോഷം കുറയും. സൂര്യന്റെ ദോഷത്തിനു ശിവക്ഷേത്രദർശനം, ശിവനു ധാര, കൂവളമാല, വിളക്കു നിവേദ്യം എന്നിവ നടത്താം. ഞായറാഴ്ച വ്രതം ആചരിക്കാം. അന്നദാനം ചെയ്യാം. സൂര്യഗ്രഹത്തിന് അർച്ചന നടത്താം. സൂര്യനു ചുവന്ന വസ്ത്രം ചാർത്തുകയും ആകാം.

ചന്ദ്രന്റെ ദോഷത്തിനു ദുർഗയ്ക്കു കടുംപായസം, അർച്ചന, വിളക്ക് എന്നിവയും തിങ്കളാഴ്ച വ്രതം ആചരിക്കുകയും ആകാം. ചന്ദ്രനു വെളളവസ്ത്രം ചാർത്തുകയും അർച്ചന നടത്തുകയും ചെയ്യാം. ചൊവ്വയ്ക്കു പരിഹാരമായി സുബ്രഹ്മണ്യനു പാൽ അഭിഷേകം, ഭസ്മാഭിഷേകം, പനിനീർ അഭിഷേകം എന്നിവയും പഞ്ചാമൃതനിവേദ്യവും നടത്തുക. ദുർഗയ്ക്കു നെയ്പായസവും ചുവന്ന പട്ടും ചാർത്താം. ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കാം. ചൊവ്വയ്ക്ക് അർച്ചനയും ചുവന്ന പട്ടും നന്ന്.

ബുധനു പരിഹാരമായി ശ്രീരാമനോ സരസ്വതീദേവിക്കോ പായസനിവേദ്യം നടത്താം. അർച്ചനയും ബുധനാഴ്ച വ്രതവും നന്ന്. ബുധഗ്രഹത്തിൽ പച്ചപ്പട്ടു ചാർത്താം. അർച്ചനയും ആകാം. വ്യാഴദോഷത്തിനു സാധാരണ വിഷ്ണുപ്രീതി വരുത്താനാണു നിർദേശിക്കുന്നത്. ദക്ഷിണാമൂർത്തിക്കും വഴിപാടുകൾ നടത്താം. വ്യാഴാഴ്ച വ്രതം നന്ന്. വ്യാഴഗ്രഹത്തിന് അർച്ചന ചെയ്യാം. മഞ്ഞപ്പട്ടു ചാർത്തുന്നത് ഉത്തമം.

ശുക്രനു പരിഹാരമായി മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താം. ദേവിക്കു പായസം, പട്ട് എന്നിവ വഴിപാടു ചെയ്യാം. വെളളിയാഴ്ചവ്രതം എടുക്കാം. ശുക്രഗ്രഹത്തിനു വെളളവസ്ത്രം ചാർത്താം. അർച്ചനയും നടത്താം.

ശനിദോഷത്തിനു ശാസ്താവ്‌, ഹനുമാൻ എന്നിവരെ പ്രീതിപ്പെടുത്തുക. എള്ളുപായസം നിവേദിക്കുക. ശനിയാഴ്ച വ്രതം നോൽ‌ക്കുക. നീരാഞ്ജനം കഴിക്കുക. കാക്കയ്ക്കു ചോറു കൊടുക്കുക. ശനിഗ്രഹത്തിനു നീലയോ കറുപ്പോ വസ്ത്രം ചാർത്തുക.

രാഹുദോഷത്തിനു ശിവനെയാണു പ്രീതിപ്പെടുത്തേണ്ടത്. സർപ്പത്തിനു പാലും മഞ്ഞളും സമർപ്പിക്കാം. ശിവനു ക്ഷീരധാര നടത്താം. രാഹുവിന് അർച്ചന നടത്താം. കാവി നിറത്തിലുളള വസ്ത്രം ചാർത്താം.

കേതുദോഷത്തിനു ഗണപതിയെ പ്രീതിപ്പെടുത്തണം. ഗണപതീഹോമം, കറുകമാല എന്നിവ ചാർത്താം. നാളികേരം ഉടയ്ക്കാം. ചാരനിറത്തിലുളള വസ്ത്രം കേതുവിനു ചാർത്താം. അർച്ചനയും നടത്താം.

എല്ലാ ഗ്രഹങ്ങളുടെയും പ്രീതിക്കായി നവഗ്രഹാർച്ചനയും നവഗ്രഹഹോമവും നല്ലതാണ്. നവഗ്രഹദോഷ പരിഹാരത്തിനു സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തുന്നതും നന്ന്.

ലേഖകന്റെ വിലാസം :‌

Dr. P. B. Rajesh

Rama Nivas

Poovathum parambil

Near ESI Dispensary

Eloor East

Udyogamandal P.O

Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337

Your Rating: