Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്രത്തിലെ പ്രേതം!

ghost

ഓണത്തോടടുത്ത് ഒരു ഞായറാഴ്ച. ഏകദേശം 40 വയസ് വരുന്ന ഒരു സ്ത്രീ കാണാൻ വന്നു. കോഴിക്കോട്ടാണു വീട്. എറണാകുളത്തെ പ്രശസ്തമായ കോളജിൽ പഠിക്കുന്നതിനിടയിൽ കണ്ടുമുട്ടിയ യുവാവുമായി പ്രണയത്തിലായി. വിവാഹിതരായി. പത്തനംതിട്ടയിൽ ഇരുവർക്കും ജോലി ലഭിച്ചു. ഇവർ അവിടെ വാങ്ങിയ വീട്ടിൽ ആകെ അഞ്ചുതവണയാണു കോഴിക്കോട്ടുനിന്ന് അച്ഛൻ വന്നിട്ടുള്ളത്. എട്ടുമാസം മുൻപാണ് അച്ഛൻ അവസാനമായി വന്നു പോയത്. തിരികെ പോയതിന്റെ 12 -ാം ദിവസം അച്ഛൻ മരിച്ചു. ഈയിടെ പത്തനംതിട്ടയിലെ വീടിനു സമീപത്തുള്ള ക്ഷേത്രത്തിൽ നടത്തിയ ആഘോഷത്തിന്റെ വാർത്താചിത്രത്തിൽ ആ സ്ത്രീയുടെ മരിച്ചുപോയ അച്ഛന്റെ ഫോട്ടോ!

ആ സ്ത്രീയും ഭർത്താവും അതിപ്രശസ്തനായ ജ്യോത്സ്യനെ സമീപിച്ചു. പിതാവിന്റെ പ്രേതം ഈ നാട്ടിൽ അലഞ്ഞുനടക്കുകയാണെന്നും ചന്ദനമുട്ടിയിൽ ആവാഹിച്ചു ക്ഷേത്രത്തിൽ സമർപ്പിച്ചില്ലെങ്കിൽ വലിയ അപകടം സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു വിശ്വസിപ്പിച്ചു. ഇക്കാര്യം ജ്യോത്സ്യനായ പിതാവിനെ അറിയിച്ചപ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എന്റെ സുഹൃത്തുകൂടിയായ പ്രാദേശിക പത്രലേഖകനെ വിളിച്ചു കാര്യം പറഞ്ഞു. ആ ലേഖകൻ ചിരിയോടു ചിരി. അതിരാവിലെ അവിടെ പോകാൻ പറ്റാത്തതുകൊണ്ട് കഴിഞ്ഞവർഷം എടുത്ത വേറൊരു ചിത്രം അയച്ചുകൊടുത്തതാണു പത്രത്തിൽ അച്ചടിച്ചു വന്നത്. നോക്കണേ പത്രത്തിലെ പ്രേതം വരുത്തിയ വിന!

Your Rating: