Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വലംപിരിശംഖ്, ധനാകർഷണയന്ത്രം...ഞെട്ടിക്കും ഈ വെളിപ്പെടുത്തലുകൾ

conch-shell

കാലം ഇപ്പോൾ കലിയുഗം ആണ്. ധനാർത്തി മൂത്ത കാലം. ധർമ്മം ക്ഷയിച്ച്, അർത്ഥം, കാമം, ലോഭം, മോഹം എന്നിവ അരങ്ങ് വാഴുന്ന കാലം. അപ്പോഴാണ് ധനമോഹത്തെ ഉത്തേജിപ്പിക്കാനായി വലംപിരിശംഖിന്റെ വരവ്. മലർത്തി വയ്ക്കു മ്പോൾ ശംഖിന്റെ വായ ഭാഗം വലത്തോട്ട് തിരിഞ്ഞ് ഇരിക്കുന്നത് വലംപിരിയും, ഇടത്തോട്ട് തിരിഞ്ഞിരിക്കുന്നത് ഇടം പിരിയും.  ഇടംപിരി ശംഖ് കടലിൽ നിന്ന് ധാരാളമായി ലഭ്യമാകുന്നു. എന്നാൽ വലംപിരി ശംഖ് വളരെ കുറവ്. അതിൽ തന്നെ ലക്ഷണമൊത്ത  വലംപിരിശംഖ് അപൂർവ്വമായി മാത്രം ലഭിക്കുന്നു. 

ശരിയായ വലംപിരിശംഖ് (ലക്ഷ്മി ശംഖ്) ഭവനത്തിലും വ്യാപാരസ്ഥാപനത്തിലും മറ്റും സൂക്ഷിച്ചു വച്ചാലും വെച്ച് പൂജി ച്ചാലും അവിടെ ധന ഐശ്വര്യങ്ങൾ വർദ്ധിക്കും എന്നത് ഒരു പാരമ്പര്യ ഭാരതീയ വിശ്വാസമാണ്. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും നാടോടിക്കഥകളിലും അത്തരം പരാമർശം കാണാം. ഇതിനെ കലിയുഗത്തിൽ വ്യാപാരവൽക്കരിക്കുക യാണ് വലംപിരി ശംഖ് വ്യാപാരികൾ.

മഹാലക്ഷ്മി വലംപിരിശംഖ്, ശ്രീ ഐശ്വര്യലക്ഷ്മി വലംപിരി ശംഖ്, കുബേര മഹാലക്ഷ്മി വലംപിരിശംഖ്, സർവ്വ ഐശ്വര്യ ജന–മന ധനാകർഷണ മഹാലക്ഷ്മി ശംഖ് കൂടാതെ മറ്റ് പല വിധമായ പേരുകളിലും വലംപിരിശംഖ് വിൽക്കുന്നു. വലംപിരി ശംഖിന്റെ മാർക്കറ്റിംഗ് തന്ത്രത്തിൽ കുടുങ്ങാത്ത വീട്ടമ്മമാർ ചുരുക്കം. മാർക്കറ്റിംഗ് പരസ്യങ്ങളിൽ ഹിറ്റ് പ്രോഗ്രാം ആണ് വലംപിരി ശംഖുകൾ. വലംപിരി ശംഖ് വലിയ വില കൊടുത്ത് വാങ്ങി ഭയഭക്തി ബഹുമാനപുരസ്സരം ത്രിസന്ധ്യകളിൽ പൂജ  ചെയ്ത് ധനവും, ഐശ്വര്യവും കാത്തിരിക്കുന്നവരാണ് നമ്മുടെ ചില വീട്ടമ്മമാരും, ചില ഗൃഹനാഥൻമാരും. 

sea-shell ലക്ഷ്മി ശംഖും അമേരിക്കൻ കടൽ ശംഖും

ധനമോഹികൾ ആയ പൂജാരിമാരും, ജ്യോത്സ്യൻമാരും വലം പിരിശംഖിന്റെ പരസ്യം സാക്ഷ്യപ്പെടുത്താനും എത്താറുണ്ട്. ചിലപ്പോൾ അത് അവരുടെ അറിവില്ലായ്മ മൂലവും ആകാം. മിക്ക വലംപിരിശംഖ് വ്യാപാരികളും ഇന്ത്യൻ സമുദ്രങ്ങൾ ആയ ബംഗാൾ ഉൾക്കടൽ, അറബിക്കടൽ, ഇന്ത്യൻ മഹാ സമുദ്രം എന്നിവിടങ്ങളിൽ നിന്നു ലഭിക്കുന്ന ശരിയായ വലം പിരിശംഖിന് പകരം വടക്കേ അമേരിക്കയുടെ കടലിൽ നിന്ന് കിട്ടുന്ന വലംപിരിശംഖിന്റെ അനുകരണത്തെയാണ് വിൽക്കുന്നത്. 

WHELK (ഹൽക്ക്) എന്ന വടക്കേ അമേരിക്കൻ കടൽ ശംഖ് അല്ല നിങ്ങളുടെ കൈവശം ഉള്ളത് എന്ന് ഉറപ്പ് വരുത്തിയ ശേഷം ഇനി പൂജ തുടർന്നാൽ മതി. പ്രസ്തുത വിദേശി ശംഖാണ് നിങ്ങളുടെ ഭവനത്തിലോ, സ്ഥാപനത്തിലോ ഇരിക്കുന്നത് എങ്കിൽ അത് വിശ്വാസ പ്രകാരമുള്ള ധനാകർഷണം ഒന്നും നടത്തുകയില്ല. നിങ്ങളുടെ ധനം അമേരിക്കൻ ശംഖ് വില്പനക്കാരൻ ആകർഷിച്ച് കൊണ്ട് പോയി എന്നു കരുതി ആശ്വസിക്കുക. 

ശരിയായ വലംപിരി ശംഖ് ഇന്ത്യൻ മഹാ സമുദ്രത്തില്‍ നിന്നും, അതിന്റെ പാർശ്വത്തിൽ ഉള്ള രണ്ട് കടലുകളിൽ നിന്നും ആണ് ലഭിക്കുന്നത്. ഇവ എണ്ണത്തിൽ കുറവാണ്. ഈ ശംഖിലാണ് ധന ദേവതയായ മഹാലക്ഷ്മി വസിക്കുന്നു എന്ന് പുരാണ കഥകളിൽ പറയുന്നത്. പ്രസ്തുത ശംഖിനെ പൂജിക്കുന്നത് ശ്രേയസ്സ്കരം എന്നു വിശ്വസിച്ചു പോരുന്നു. പ്രസ്തുത ശംഖിൽ മഹാലക്ഷ്മിയെ ആവാഹിച്ച് പൂജിക്കുന്നവരും ഉണ്ട്.

പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെയാണ് ലക്ഷണമൊത്ത വലംപിരിശംഖിന്റെ വില. വലംപിരിശംഖിന്റെ ശാസ്ത്രീയ നാമം TURBINELLA PYRUM എന്നാണ്. ഇവയുടെ വലംപിരിയോടൊപ്പം ഇടം പിരിയും ലഭ്യമാണ്. എന്നാൽ മാർക്കറ്റിൽ ലഭ്യമായ ശരിയായ വലംപിരിശംഖിന്റെ എണ്ണം വച്ച് നോക്കുമ്പോൾ ലഭ്യതയും, വില്പനയും തമ്മിൽ പൊരുത്തപ്പെടാറില്ല. 

അതായത് ഭാർഗ്ഗവിയുടെ കറുത്ത ആടിന് ദിവസം 3 ഗ്ലാസ്സ് പാല് കിട്ടും. കറുത്ത ആടിന്റെ പാലിന് ഔഷധഗുണം ഉണ്ടെന്ന വിശ്വാസം മൂലം ഈ പാലിന് വലിയ വിലയാണ്. ആവശ്യക്കാർ ഏറെ ആയതോടെ ഭാർഗ്ഗവി 6 ഗ്ലാസ്സ് പാൽ വിൽക്കാൻ തുടങ്ങി. ഇതേ സ്ഥിതിയാണ് വലംപിരിശംഖ് എന്ന ലക്ഷ്മി ശംഖിന്റെയും സ്ഥിതി.

ഇവിടെയാണ് വടക്കേ അമേരിക്കൻ കടലിൽ നിന്നു ലഭിക്കുന്ന വലംപിരിശംഖിന്റെ വ്യാപാര സാധ്യത തെളിഞ്ഞത്. WHELK (ഹൽക്ക്) എന്ന അമേരിക്കൻ വലംപിരിശംഖിന്റെ ശാസ്ത്രീയ നാമം BUSYCON CONTRARIUM. 

ഈ ശംഖാണ് പെട്ടിക്കണക്കിന് ഇറക്കുമതി ചെയ്ത് മാർക്കറ്റിൽ വിൽക്കുന്നത്. നിറം, മിനുസം, ഭാരം, ആകൃതി, എന്നിവയിൽ ഇന്ത്യൻ വലംപിരി ശംഖും അമേരിക്കൻ വലംപിരിശംഖും തമ്മിൽ മോരും –മുതിരയും പോലെയുള്ള വ്യത്യാസം കാണാം. ഇക്കാര്യം മനസ്സിലാക്കാതെയാണ് അമേരിക്കൻ വലംപിരി ശംഖിനെ പല വ്യാപാരികളും, വിശ്വാ സികളും പൂജാമുറിയിൽവെച്ച് ആരാധിക്കുന്നത്. സംശയം ഉള്ളവർ ഗൂഗിൾ സെർച്ചിൽ നോക്കുക. അപ്പോൾ മനസ്സിലാകും. വലംപിരി ശംഖിന്റെ ഉള്ളിലെ ഇടംപിരി ചതികൾ. ലക്ഷണമൊത്ത വലംപിരിശംഖുകൾ വാങ്ങി വിശ്വാസം സംരക്ഷിക്കുക.

ലേഖകൻ

R. Sanjeev Kumar P.G.A

Jyothis Astrological Research Centre

Lulu Apartments

Thycaud P.O., Thiruvananthapuram

Phone: 695014

Mob: 9447251087, 9526480571

E-mail: jyothisgems@gmail.com

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.