Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുകാല വിവാഹം വിപ്ലവമോ?

Rahu

വിവാഹം രാഹുകാലത്തു നടത്തിയാൽ അതു വലിയ വിപ്ലവമാണെന്നു നമ്മുടെ സമൂഹം കരുതുന്നുവെങ്കിൽ സമൂഹത്തെ കുറ്റം പറയാൻ പറ്റില്ല. കാരണം, രാഹുകാലം എന്നാൽ എല്ലാ കാര്യങ്ങൾക്കും ഒഴിവാക്കേണ്ട എന്തോ വലിയ അശുഭകരമായ സാധനമാണ് എന്നാണല്ലോ സാക്ഷരകേരളത്തിൽ പോലും പൊതുവെയുള്ള ധാരണ. യഥാർഥത്തിൽ, രാഹുകാലത്തു വിവാഹം പാടില്ല എന്നു കേരളീയ ജ്യോതിഷത്തിലെ ആധികാരികമായി മുഹൂർത്തഗ്രന്ഥങ്ങളിലൊന്നും പറഞ്ഞിട്ടില്ല. കേരളത്തിൽ വിവാഹത്തിനു രാഹുകാലം ഒഴിവാക്കാൻ തുടങ്ങിയതു തന്നെ അടുത്തകാലത്താണ്. എന്നാൽ, തമിഴ്‌നാട്ടിൽ ഇതല്ല സ്ഥിതി. രാഹുകാലവും യമകണ്ടകകാലവും ഒഴിവാക്കി മാത്രമേ അവർ എല്ലാ ശുഭകാര്യങ്ങളും ചെയ്യാറുള്ളൂ. അത് അവരുടെ വിശ്വാസത്തിന്റെ ഭാഗം തന്നെ. രാഹുകാല സമയത്തു കൊടുക്കാനും വാങ്ങാനും പാടില്ല എന്നാണു തമിഴ്‌നാട്ടിൽ പണ്ടു മുതലേ ഉള്ള വിശ്വാസം. എന്നാൽ ഇപ്പോൾ കൊടുക്കാനും വാങ്ങാനും മാത്രമല്ല, എന്തിനും ഏതിനും രാഹുകാലം നോക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണു വിശ്വാസിലോകം.

രാഹുകാലത്തു ചെയ്തിട്ട് എനിക്ക് ദുരനുഭവം ഉണ്ടായി. അതുകൊണ്ട് ഇനി മുതൽ രാഹുകാലം ഒഴിവാക്കിയേ എന്തും ചെയ്യൂ എന്ന് ഒരു അനുഭവസ്ഥൻ തീരുമാനിച്ചാൽ അയാളെ കുറ്റം പറയാൻ പറ്റില്ലല്ലോ. ഏതായാലും തമിഴ്‌നാട്ടിൽ രാഹുകാലത്തിന് ഇന്ന് ഏറെ സ്വാധീനമുണ്ട്. ആ സ്വാധീനം തന്നെയാണ് കേരളത്തെയും ബാധിച്ചിട്ടുള്ളത്. യാത്ര പോലുള്ള കാര്യങ്ങൾക്കാണു പണ്ടൊക്കെ കേരളത്തിൽ രാഹുകാലം പ്രധാനമായും നോക്കിയിരുന്നത്. ഇപ്പോൾ എന്തിനും ഏതിനും രാഹുകാലം നോക്കുന്ന രീതി കേരളത്തിലും വ്യാപകമാകുകയാണ്. യഥാർഥത്തിൽ ജ്യോതിഷത്തിലെ മുഹൂർത്തഗ്രന്ഥങ്ങളിൽ രാഹുകാലത്തിനു വലിയ പ്രാധാന്യം നൽകിയിട്ടില്ല. ഗുളികകാലം പോലെയുള്ള ചില സമയങ്ങളാണു ദോഷകരമായി പറഞ്ഞിരിക്കുന്നത്. എന്നാൽ ഇപ്പോൾ മുഹൂർത്തത്തിനു ഗുളികകാലം നോക്കുന്നവർ വളരെ കുറവാണ്. രാഹുകാലത്തിനാണു കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. മുഹൂർത്തപദവി, മുഹൂർത്തമാധവീയം, മുഹൂർത്തരത്നാകരം, ആചാരസംഗ്രഹം തുടങ്ങിയ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണു കേരളത്തിൽ വിവാഹം ഉൾപ്പെടെയുള്ള ശുഭകാര്യങ്ങൾക്കു മുഹൂർത്തം കണ്ടെത്തുന്നത്. വിവാഹം ഉൾപ്പെടെയുള്ള 16 ചടങ്ങുകൾക്കാണു പ്രധാനമായും മൂഹൂർത്തം നോക്കുന്നത്.

‘‘ആധാനം തനയസ്യ പുംസവവിധിസ്സീമന്തജാതാഹ്വയോ...’’ എന്നു തുടങ്ങുന്ന ശ്ലോകത്തിലാണ് ഈ 16 ചടങ്ങുകൾ ഏതൊക്കെ എന്നു പറയുന്നത്. ഷോഡശാചാരങ്ങൾ എന്നും ഇവയെ പറയുന്നു. ഇതിൽ ഓരോ ചടങ്ങിന്റെയും മുഹൂർത്തം നോക്കുമ്പോൾ ഏതൊക്കെ ദിവസങ്ങൾ സ്വീകരിക്കാം, ഏതൊക്കെ ഒഴിവാക്കാം എന്നു മുഹൂർത്തഗ്രന്ഥങ്ങൾ വളരെ വ്യക്തമായി പറയുന്നുണ്ട്. അതിൽത്തന്നെ എല്ലാ മുഹൂർത്തങ്ങൾക്കും നിർബന്ധമായും ഒഴിവാക്കേണ്ട നിത്യദോഷങ്ങളെയും കർതൃദോഷങ്ങളെയും കുറിച്ചും പറയുന്നു. 28–ാം ദിവസം, ആറാം മാസം തുടങ്ങി ദിവസ–മാസ പ്രാധാന്യമുള്ളവ ഒഴികെയുള്ള മുഹൂർത്തങ്ങൾക്ക് ഒഴിവാക്കേണ്ട ഷഡ്ദോഷങ്ങളെക്കുറിച്ചും മുഹൂർത്തഗ്രന്ഥങ്ങളിൽ വിശദമായി പറയുന്നുണ്ട്. വിവാഹം എന്ന ചടങ്ങിനു മുഹൂർത്തം നോക്കേണ്ടത് എങ്ങനെ എന്നു മുഹൂർത്തപദവി എന്ന ജ്യോതിഷഗ്രന്ഥത്തിൽ വിവരിക്കുന്നത് ‘‘ഇഷ്ടാഃ കൃഷ്ണാഷ്ടമീനേന്ദ്വജ പിതൃമരുദന്ത്യോത്തരാഃ മൂലമിത്രാ:....’’ എന്നു തുടങ്ങുന്ന ശ്ലോകത്തിലാണ്. മാധവാചാര്യവിരചിതമായ മുഹൂർത്തമാധവീയത്തിൽ ‘‘ജ്യോതിശ്ശാസ്ത്രവിശാരദൈർനിഗദിതാഃ പാണിഗ്രഹേ രോഹീണീ...’’ എന്നു തുടങ്ങുന്ന ശ്ലോകത്തിൽ വിവാഹമുഹൂർത്തവിധി വിശദമായി പറയുന്നു. പരമേശ്വരാചാര്യവിരചിതമായ ആചാരസംഗ്രഹം എന്ന ഗ്രന്ഥത്തിൽ ‘‘വിവാഹേ കർക്കികലശചാപകന്യാഗതോ രവിഃ....’’ എന്നു തുടങ്ങുന്ന ശ്ലോകങ്ങളിലാണു വിവാഹമുഹൂർത്തം നോക്കേണ്ടത് എങ്ങനെ എന്ന കാര്യം പറയുന്നത്. ഇവയിലൊന്നും രാഹുകാലസമയത്തു വിവാഹം പാടില്ല എന്നു പറയുന്നില്ല എന്നതാണു കൗതുകകരം. അതായത്, രാഹുകാലം വിവാഹത്തിനു നിഷിദ്ധമാണ് എന്ന് ഈ ആചാര്യന്മാർ പറഞ്ഞിട്ടില്ല എന്നർഥം.

എന്നാൽ, രാഹുകാലസമയത്ത് ശുഭകാര്യങ്ങളൊന്നും ചെയ്യില്ല എന്ന വിശ്വാസം പലരുടെയും അനുഭവങ്ങളിൽ നിന്ന് ഉണ്ടായതായിരിക്കും. അത്തരം വിശ്വാസങ്ങൾ പാടില്ല എന്ന് ആരെയും നിർബന്ധിക്കാൻ പറ്റില്ല. ഏതായാലും നമുക്കു ചർച്ച ചെയ്യാം, രാഹുകാലം എന്ന ഒന്നുണ്ടോ, രാഹുകാലത്തു വിവാഹം നടത്താമോ ഇല്ലയോ എന്നൊക്കെ. ചർച്ചകൾ നടക്കട്ടെ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.