Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൺതുറക്കാം ഐശ്വര്യത്തിലേക്ക്...

‘വെള്ളരി ശുദ്ധമേ പൊൻകട്ടിപോലുള്ള

വെള്ളരിക്കായ്,

പാക്കുവെറ്റിലകൾ

ഓട്ടുവാൽക്കണ്ണാടി

പീതാംബരം കുറിക്കൂട്ടു

മഷിച്ചെപ്പിത്യാദികളിൽ

സംക്രമിച്ചേവർക്കും ദർശനം നൽകിന

സംക്രമ പുരുഷ

കൈതൊഴാംതേ’

(വള്ളത്തോൾ നാരായണ മേനോൻ)

കണി നിറവാണ്. വിഷു പുലർച്ചെ കണിയിലേക്കു കൺതുറക്കുമ്പോൾ മനസ് നിറയണം. ആ കണി നിറവാണു വർഷം മുഴുവൻ ഐശ്വര്യമായി പൊലിക്കുക എന്നാണു സങ്കൽപം. അതിനൊപ്പമാണ് ഐശ്വര്യദായകമായ വിഷുക്കൈനീട്ടവും. നാളെ വിഷുപ്പുലരിയിൽ കണ്ടുണരാനുള്ള കണിയൊരുക്കലിലാണ് ഈ രാത്രിയിൽ നാട്. ഇന്നു രാത്രി കണിയൊരുക്കിയ ശേഷമാണ് ഉറക്കം. നാളെ സൂര്യോദയത്തിനു മുൻപാണു കണി കാണേണ്ടത്.

കണികാണേണ്ടതിങ്ങനെ

വിഷുദിനത്തിൽ സൂര്യോദയത്തിനു മുൻപേയാണു കണി കാണേണ്ടത്. നിലവിളക്കു തെളിച്ച് അതിന്റെ പ്രഭയിൽ വെട്ടിത്തിളങ്ങുന്ന കണിവേണം ദർശിക്കാൻ. വിളക്കിൽ അഞ്ചു തിരിയിട്ട ഭദ്രദീപമാണുത്തമം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമായ ജലം കണ്ണിൽത്തൊട്ട ശേഷമാവണം കണികാണേണ്ടതെന്നാണു സങ്കൽപം.

കണികണ്ടു തൊഴുത ശേഷം ഓട്ടുരുളിയുടെ വക്കു പിടിച്ചു കണി പൂർണമായും കാണണമെന്നാണ്. ഓട്ടുരുളിയിലെ കണി പ്രപഞ്ച പ്രതീകമാണ്. അതുനൽകുന്ന ഊർജം ശരീരത്തിലേക്കു പ്രവഹിക്കാനാണിത്. ഇതിനു ശേഷമാണു കുടുംബത്തിലെ മുതിർന്നവർ കൈനീട്ടം നൽകുക.

ഇത്തരത്തിൽ പരമ്പരാഗത സങ്കൽപമനുസരിച്ചുള്ള സാധന സാമഗ്രികളെല്ലാം ഒരുക്കിയുള്ള കണി എല്ലാവർക്കും സാധ്യമാവണമെന്നില്ല. കഴിയാവുന്ന വിധം മനസു നിറയ്ക്കുന്ന രീതിയിൽ കണിയൊരുക്കുക എന്നതാണു പ്രധാനം. നിലവിളക്കിന്റെ നിറവെളിച്ചവും കൊന്നപ്പൂവിന്റെ മനോഹാരിതയും മാത്രം സമ്മാനിക്കുന്ന കണിപോലും വിശിഷ്ടം തന്നെ. മത-വിശ്വാസ സങ്കൽപങ്ങൾക്കപ്പുറം യുക്തം പോലെ എല്ലാവർക്കും മനസു നിറയ്ക്കുന്ന കണിയൊരുക്കി വിഷുവിനെ വരവേൽക്കാം.

Your Rating: