Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുകൂല വിധിക്ക് ജഡ്ജിയമ്മാവൻ കോവിലിൽ പ്രാർഥനാ യജ്ഞം

ശബരിമല ശബരിമല

ശബരിമലയിലെ സ്ത്രീ പ്രവേശ വിഷയത്തിൽ സുപ്രീം കോടതിയിൽനിന്ന് അനുകൂലവിധിയുണ്ടാകുവാൻ കാഞ്ഞിരപ്പള്ളി ചെറുവള്ളി ദേവീക്ഷേത്രത്തിനു സമീപമുളള ജഡ്ജിയമ്മാവൻ കോവിലിനു മുന്നിൽ പ്രാർഥനാ യജ്ഞം സംഘടിപ്പിക്കുന്നു. ഭക്തജനസംഘടനകളുടെ നേതൃത്വത്തിൽ 30 മുതൽ നവംബർ ആറുവരെയാണു ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പ്രാർഥനാ യജ്ഞം നടത്തുന്നതെന്നു പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.

കോടതിയിൽനിന്ന് അനുകൂലവിധിക്കായി ഭക്തജനങ്ങൾ പ്രാർഥിക്കുന്ന സ്ഥലമാണ് ജഡ്ജിയമ്മാവൻ കോവിൽ. അടുത്ത ഏഴിനാണു ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ചു കേസ് സുപ്രീം കോടതി പരിഗണിക്കുന്നത്. മുൻപ് ഈ വിഷയം കോടതിയിൽ വന്നപ്പോൾ ദേവസ്വം ബോർഡ് ശബരിമലയിൽ ഭക്തജനസംഘടനകളുടെ നേതൃത്വത്തിൽ സന്നിധാനത്തെ നടപ്പന്തലിൽ പ്രാർഥനായജ്ഞം നടത്തിയിരുന്നു. ഇതിനെ ശബരിമല അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചതും വിവാദമായിരുന്നു.

ജഡ്ജിയമ്മാവൻ കോവിൽ:നീതിയുടെ ക്ഷേത്രം

തലമുറകളായി കൈമാറിവരുന്ന നാട്ടറിവുകളും വിശ്വാസങ്ങളുമാണു ജഡ്ജിയമ്മാവൻ കോവിലിന്റെ വിശ്വാസത്തിനു പിന്നിലുള്ളത്. ചെറുവള്ളി പയ്യംപളളിൽ കുടുംബത്തിൽനിന്നുളള ചിലർ കുട്ടനാട്ടിലെ തലവടിയിൽ താമസമാക്കിയതോടെയാണു ജഡ്ജിയമ്മാവന്റെ ചരിത്രം തുടങ്ങുന്നത്.

ജഡ്ജിയമ്മാവൻ കോവിൽ ജഡ്ജിയമ്മാവൻ കോവിൽ

ഈ കുടുംബത്തിലെ അംഗമായ ഗോവിന്ദൻ ചെമ്പകരാമൻ, കാർത്തിക തിരുനാൾ ധർമരാജാവിന്റെ വൈദ്യനായിരുന്നു. രാജവൈദ്യന്റെ പിൻതലമുറക്കാരനായ ഗോവിന്ദൻ പിള്ളയെ തിരുവിതാംകൂർ കോടതി ജഡ്ജിയായി നിയമിച്ചു. മനുസ്മൃതി ഉൾപ്പെടെയുള്ള നീതിശാസ്ത്രങ്ങളിലും സംസ്കൃതത്തിലും മറ്റും പാണ്ഡിത്യമുള്ള ആളായിരുന്നു അദ്ദേഹം. തലവടിയിലെ രാമവർമപുരം ഭവനത്തിലാണു ജഡ്ജി താമസിച്ചിരുന്നത്. ജ‍ഡ്ജിക്ക് അനന്തരവനായ പത്മനാഭപിള്ളയെ ഒരു തെറ്റിദ്ധാരണ മൂലം വെട്ടിക്കൊല്ലാൻ ഇടയായി. നീതിമാനായ ജഡ്ജി തെറ്റു തിരിച്ചറിഞ്ഞതോടെ പശ്ചാത്താപവിവശനായി. ചെയ്ത കുറ്റത്തിനു തൂക്കുകയർ ആണ് യഥാർഥ ശിക്ഷയെന്ന് അദ്ദേഹം ഉറപ്പിച്ചു. തുടർന്നു ധർമരാജാവിന്റെ അടുത്തെത്തിയ ജഡ്ജി കുറ്റം സമ്മതിച്ചു. തന്നെ തൂക്കിലിടണമെന്നും അദ്ദേഹം രാജാവിനോട് അഭ്യർഥിച്ചു. എന്നാൽ രാജാവ് സമ്മതിച്ചില്ല. ചെയ്ത തെറ്റ് തിരുത്താനാകാത്തതിനാൽ തൂക്കിക്കൊല്ലുകതന്നെ വേണമെന്നു ജഡ്ജി രാജാവിനോട് ആവശ്യപ്പെട്ടു. ഒടുവിൽ നീതി നടപ്പാക്കാനായി രാജാവ് സമ്മതം മൂളി. തുടർന്നു ജ‍ഡ്‍ജിയെ തൂക്കിക്കൊന്നു.

ജഡ്ജിയുടെ ഇഷ്ടദേവതയായിരുന്നു ചെറുവള്ളി ഭഗവതി. അതിനാൽ ചെറുവള്ളി ഭഗവതിക്ഷേത്രത്തിനോടു ചേർന്നു കുടിയിരിക്കാനാണ് അദ്ദേഹത്തിനു താൽപര്യമെന്നു പ്രശ്നവിധിയിൽ തെളിഞ്ഞതോടെയാണു ചെറുവള്ളി ക്ഷേത്രവളപ്പിൽ ജഡ്ജിയമ്മാവനെ കുടിയിരുത്തിയത്.
പിന്നീട് ജഡ്ജിയുടെ പിൻഗാമികൾ ചെറുവള്ളിക്ഷേത്ര ഊരാൺമക്കാരിൽനിന്നു കുറച്ചു സ്ഥലം വാങ്ങി ഇവിടെ ജഡ്ജിയമ്മാവനു കോവിൽ പണിയുകയായിരുന്നു. നീതിമാനായ ജഡ്ജിയമ്മാവനെ പ്രാർഥിച്ചാൽ നീതിന്യായ പീഠത്തിൽനിന്ന് അനുകൂലവിധിയുണ്ടാകുമെന്നാണു ഭക്തരുടെ വിശ്വാസം. അടനിവേദ്യമാണ് ഇവിടത്തെ വഴിപാട്. ഒട്ടേറെ ഭക്തരാണു വിവിധ കോടതി കേസുകളിൽ അനുകൂല തീരുമാനമുണ്ടാകുന്നതിനു ജഡ്ജിയമ്മാവന്റെ കോവിലിൽ പ്രാർഥനയ്ക്ക് എത്തുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.