Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിതൃകർമത്തിനു കർക്കടകവാവ്

Karkkidakavav

ഭാരതീയ സംസ്കാരത്തിന്റെ ഭാഗവും ഹൈന്ദവാനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതുമായ ഒന്നാണു പിതൃകർമം. പിത്യകർമത്തിനു പ്രധാനപ്പെട്ട ദിവസമാണു കർക്കടകവാവ്. ഇക്കൊല്ലത്തെ കർക്കടകവാവ് 2015 ഓഗസ്റ്റ്‌ 14നാണ്. കുടുംബമായി ജീവിക്കുന്ന ഒരാള്‍ അഥവാ ഗൃഹസ്ഥാശ്രമി അനുഷ്ഠിക്കേണ്ട പഞ്ചമഹായജ്ഞങ്ങൾ ഉണ്ട്. ബ്രഹ്മയജ്ഞം, ദേവയജ്ഞം, പിത്യയജ്ഞം, മനുഷ്യയജ്ഞം, ഭൂതയജ്ഞം എന്നിവയാണ് ആ അഞ്ചു മഹായജ്ഞങ്ങൾ, ഇവയിൽ ഒന്നായ പിതൃയജ്ഞത്തിൽപ്പെട്ടതാണ് ശ്രാദ്ധം, തർപ്പണം, വാവുബലി മുതലായവ.

കുല, ദേശ ആചാരമനുസരിച്ച്‌ അവരവർ ആചരിക്കേണ്ട ധാർമികമായ കാര്യങ്ങൾ ചെയ്യപ്പെടാതെ വരുമ്പോൾ ജീവിതത്തിൽ കാലത്തിനനുസരിച്ചു നടക്കേണ്ടതും ഉണ്ടാകേണ്ടതുമായ ഗുണഫലങ്ങൾ മുഴുവൻ അനുഭവത്തിൽ വരാതെ പോകും. മറിച്ച് ദോഷഫലങ്ങള്‍ വരുവാനും സാധ്യതയുമുണ്ട്.

എന്റെ ജാതകത്തിൽ പല നല്ല യോഗങ്ങളുണ്ടായിട്ടും എനിക്ക് ഇതുവരെ ഒരു പുരോഗതിയുമുണ്ടായിട്ടില്ലല്ലോ എന്നു ചിലർ ചോദിക്കാറുണ്ട്. ശരിയാണത്. അതിന്റെ ഒരു കാരണം പൂർവികമായി തന്നെ കുടുംബത്തിലെ ആചാര- അനുഷ്ഠാനങ്ങൾ ലംഘിച്ചതിന്റെ ദോഷമായിരിക്കാം. പൂർവികന്മാർ ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കുമ്പോൾ അതിന്റെ ദോഷഫലം തലമുറകളെ ബാധിക്കുകയും തൽഫലമായി ജാതകഫലത്തെ മാറ്റിമറിക്കുകയും ചെയ്യും.

ശാസ്ത്രം ശരിയണെങ്കിൽ കൂടി ശാസ്ത്രത്തെക്കാള്‍ ഒരു പടി മുന്നിൽ തന്നെയാണു ധർമത്തിനു സ്ഥാനം കൊടുത്തിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള പ്രമാണവുമുണ്ട്. ‘ന ശാസ്ത്രദൃഷ്ട്യാ വിദുഷാ കദാചി-

ദുല്ലംഘനീയാഃ കുലദേശധർമാഃ

മൂലം ഹി തേഷാം ച്യുതവേദശാഖാ

ഭൂയാദ് ഹി ധർമസ്ഥിതിഭംഗദോഷഃ’’

പണ്ഡിതൻ ശാസ്ത്രത്തെ മാത്രം നോക്കിക്കണ്ടുകൊണ്ട് ഒരിക്കലും കുലദേശധര്‍മങ്ങളെ ലംഘിക്കരുത്. അങ്ങനെയായാൽ അതു ധർമത്തിനു വിരുദ്ധമാകും. ഇവിടെ ആചാര്യൻ ധർമത്തിനു ശാസ്ത്രത്തെക്കാൾ പ്രാധാന്യം കൊടുത്തിരിക്കുന്നു. ഇവിടെയാണു പിതൃകർമത്തിന്റെ പ്രസക്തിയും. എന്തുകൊണ്ടെന്നാല്‍ കുലധർമത്തിൽപ്പെട്ട പ്രധാനമായിട്ടുള്ള ഒന്നാണു പിതൃകർമം. പിതൃകടം തീർത്താൽ തീരാത്തതാണെന്നും, അത് എവിടെയെങ്കിലും സമർപ്പിച്ചാൽ തീരുന്നില്ലെന്നും, നമുക്ക് ജന്മം തന്ന മരിച്ചുപോയ തന്റെ മാതാപിതാക്കളെ കൊല്ലത്തിലൊരിക്കലെങ്കിലും സ്മരിക്കേണ്ടത് മക്കളുടെ കര്‍ത്തവ്യമാണെന്നും, ഇതിൽക്കൂടി ധാർമികതയും ധാർമികതയിൽക്കൂടി ശാസ്ത്രത്തിൽ നിന്നുള്ള പൂർണഫലവും കിട്ടുകയും ചെയ്യുന്നു. അതായത് കുല- ദേശ ആചാരങ്ങൾ പാലിക്കുമ്പോൾ ജാതകത്തിൽ നിന്നുള്ള ഗുണഫലം പൂർണമായും അനുഭവത്തിൽ വരുന്നു എന്നു സാരം.

ദീർഘായുസ്സ്, െഎശ്വര്യം, സന്താനങ്ങൾക്ക് ഉയർച്ച, സാമ്പത്തിക പുരോഗതി തുടങ്ങിയ ഗുണങ്ങൾ ഉണ്ടാകുവാൻ പിതൃകർമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ബലികർമം ‘ഏകോദിഷ്ട’ മെന്നും ‘പാർ‌വണ’മെന്നും രണ്ടു തരത്തിലുണ്ട്. രണ്ടു തരത്തിലുള്ള ബലികർമവും ഓരോരുത്തരും ചെയ്യേണ്ടതാണ്. ഒരു വ്യക്തിയെ അടിസ്ഥാനപ്പെടുത്തി ചെയ്യുന്ന കർമത്തിന് ‘ഏകോദിഷ്ട’മെന്നും (ഉദാ: ശ്രാദ്ധം ) കുടുംബത്തിൽ മരിച്ചു പോയ എല്ലാവരെയും ഉദ്ദേശിച്ച് ചെയ്യുന്ന കർമത്തിന് ‘പാർവണ’ മെന്നും പറയും (ഉദാ:– അമാവാസിക്കുള്ള ബലിതർപ്പണം) ‘തത്ര ത്രിപുരുഷോദ്ദേശേന യൽ ക്രിയതേ തൽ പാർവണം, ഏക പുരുഷോദ്ദേശേന ക്രിയമാണേകോദിഷ്ടം .’‌‌ ബലികർമത്തിനുള്ള സ്ഥലം, സാധനങ്ങൾ ഇതിനെക്കുറിച്ചെല്ലാം ഗ്രന്ഥങ്ങളിൽ വിസ്തരിച്ചു പറയുന്നുണ്ട്.

‘‘ദേശ കാലേ ച പാത്രേ ച

വിധിനാ ഹവിഷാ ച യത്

തിലൈർ ദർ‍ഭൈശ്ച മന്ത്രൈശ്ച

ശ്രാദ്ധം തത് ശ്രദ്ധയായുതം ’’

           (പരാശരസ്മൃതി)

യോജിച്ച ദേശത്തിലും കാലത്തിലും പാത്രത്തിലും ഹവിസ്സു കൊണ്ട് (ഉണക്കലരി വേവിച്ചത്) വിധിയനുസരിച്ചു ശ്രദ്ധയോടെ എള്ള്, ദര്‍ഭ, മന്ത്രം ഇവ എല്ലാംകൂടി ചെയ്യുന്ന കർമമാണു പിതൃകർമം. പിതൃകർമത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾക്കും സ്ഥലത്തിനും കാര്യകാരണസഹിതമാണു പ്രാധാന്യം കൊടുത്തിട്ടുള്ളത്. എല്ലാ സ്ഥലത്തും പിതൃകർമങ്ങൾ നടത്തുവാന്‍ പാടുള്ളതല്ല. പൗരാണികമായി നടത്തിവരുന്ന സ്ഥലത്തും ശുദ്ധിയുള്ള സ്വന്തം ഗൃഹത്തിന്റെ തെക്കു ഭാഗത്തും ബലികർമം ചെയ്യാം. പിതൃകർമം ചെയ്യുന്ന ആൾ വളരെ ശുദ്ധിയോടു കൂടി വ്രതം എടുക്കേണ്ടതുമാണ്.

പിതൃകർമത്തിന് ഉപയോഗിക്കുന്ന സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ‘ദർഭ’ പുല്ല്. പിതൃലോകത്തു നിന്നു പിതൃക്കളെ ആവാഹിച്ചിരുത്തേണ്ട ആസനമാണത്രേ ദർഭപ്പുല്ല്. ദേവകർമങ്ങളിലും വളരെ പവിത്രമായി ഉപയോഗിക്കുന്ന പുല്ലാണ് ‘ ദർഭ ’. മറ്റൊരു പ്രധാനപ്പെട്ട സാധനമാണ് ‘എള്ള്’. പിതൃക്കളെ സംരക്ഷിക്കുന്ന സോമന്റെ (ചന്ദ്രൻ) ധാന്യമാണ് എള്ള്. അതാണത്രേ പിത്യകർമങ്ങളിൽ എള്ളിനു പ്രാധാന്യമേറിയത്. എള്ള് അസുരശക്തിയെ അകറ്റുകയും ചെയ്യുന്നു. മറ്റൊരു സാധനം ഉണക്കല്ലരിയാണ്. പിതൃകർമത്തിന് ഉണക്കല്ലരി മാത്രമാണ് ഉപയോഗിക്കുന്നത്. നെല്ല് പുഴുങ്ങുമ്പോൾ അതിലുള്ള ജൈവാംശം നശിക്കുന്നു. അതിനാൽ പുഴുങ്ങാത്ത നെല്ല് കുത്തി ഉണ്ടാക്കുന്ന ഉണക്കല്ലരിയാണ് പിത്യകർമത്തിന് ഉപയോഗിക്കേണ്ടത്. ‘ചെറുള ’ പുഷ്പത്തിനും പിതൃകർമത്തിൽ പ്രത്യേകസ്ഥാനമുണ്ട് . ദശപുഷ്പങ്ങളിൽ യമന്റെ പുഷ്പമാണത്രേ ‘ചെറുള ’ . അതുകൊണ്ടാണ് ഇൗ പുഷ്പം പ്രധാനമായി ഉപയോഗിക്കുന്നത്. മറ്റു ദേവകർമങ്ങള്‍ക്കൊന്നും ‘ചെറുള ’ ഉപയോഗിക്കാറുമില്ലെന്നും പറയുന്നു.

ചുരുക്കിപ്പറഞ്ഞാൽ മാതാ-പിതാ- ഗുരു- ദൈവം എന്ന മഹത്തരമായ ഭാരതീയതത്വമനുസരിച്ചു ദേവാരാധനയെക്കാൾ പ്രാധാന്യമേറിയ പിതൃകർമം എല്ലാവരും ചെയ്യേണ്ടത് കുടുംബസുഖത്തിനും രോഗനിവാരണത്തിനും അത്യാവശ്യമാണ്.

ലേഖകന്റെ വിലാസം:

എ.എസ്. രമേഷ് പണിക്കർ,

കളരിക്കൽ, ചിറ്റഞ്ഞൂർ, കുന്നംകുളം, തൃശൂർ ജില്ല.

ഫോൺ: 9847966177

email :- remeshpanicker17@gmail.com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.