Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്തിയുടെ തെളിനീരിനൊപ്പം കർക്കടകക്കഞ്ഞി

Karkkidakam

കർക്കടകം ഭക്തിയുടെ മാസം തന്നെ. രാമായണം വായനയും ശീവോതി വയ്ക്കലുമൊക്കെ കർക്കടകത്തിലെ പ്രധാന ആചാരങ്ങൾ. എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിലുമുണ്ടു കർക്കടകത്തിനു പ്രസക്തി. കർക്കടകക്കഞ്ഞിയിലൂടെയും പത്തിലക്കറികളിലൂടെയുമൊക്കെ ആയുരാരോഗ്യം കാത്തുസംരക്ഷിക്കേണ്ടതിന്റെ പാഠം കൂടിയാണു പഴമക്കാർ നമുക്കു പറഞ്ഞുതന്നത്. കടുത്ത വേനലിനൊടുവിൽ മഴക്കാലം വന്ന് ശരീരം പല വിധ വെല്ലുവിളികളെയും നേരിടുന്ന കാലം. പനിയായും തലവേദനയായും ശരീരവേദനയായുമൊക്കെ മഴക്കാലം നമ്മിൽ പിടിമുറുക്കും. ശരീരത്തിന്റെ പ്രതിരോധശക്തി കുറയുന്നതു തന്നെ കാരണം. രോഗാണുക്കളോടു പൊരുതിനിൽക്കാൻ ശരീരത്തിനു കഴിയുന്നില്ല. മഴക്കാലരോഗങ്ങൾ വന്നാൽ തൽക്കാലം നാലോ അഞ്ചോ ദിവസം കുത്തിവയ്പും ഗുളികകളുമൊക്കെയായിക്കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കുന്നതാണു പുതിയ മെഡിക്കൽ രീതി. എന്നാൽ, നമ്മുടെ പഴമക്കാർ ചിന്തിച്ചത് അങ്ങനെയല്ല. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ആരോഗ്യമാണ് അവർ ആഗ്രഹിച്ചത്. രോഗങ്ങളെ ചെറുക്കാൻ എന്നും പ്രതിരോധശക്തിയുള്ള ശരീരമായിരുന്നു അവരുടെ മനസ്സിൽ. അങ്ങനയെയാണു കർക്കടകക്കഞ്ഞിയും പത്തിലക്കറികളുമൊക്കെ അവർ നമുക്കു തന്നത്. ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടി ആരോഗ്യം നിലനിർത്താൻ ഇത് ഏറ്റവും നല്ല വഴിയാണെന്ന് ആധുനികവൈദ്യശാസ്ത്രവും പറയുന്നു.

കർക്കടകക്കഞ്ഞി

കർക്കടകമാസത്തിൽ കഴിക്കുന്ന കഞ്ഞിയാണു കർക്കടകക്കഞ്ഞി. എന്നാൽ വെറുതെ കഞ്ഞിവച്ചാൽ അതു കർക്കടകക്കഞ്ഞിയാകില്ല. അതിനു ചില മരുന്നുകൂട്ടുകളുണ്ട്. കർക്കടകക്കഞ്ഞി എന്നാൽ കർക്കടകത്തിൽ കഴിക്കുന്ന മരുന്നുകഞ്ഞിയാണ്‌. നവര അരി കൊണ്ടാണു കഞ്ഞി ഉണ്ടാക്കുന്നത്. അരിയാറ്, ചെറുപയർ, കരിംജീരകം, പെരുംജീരകം, ഉലുവ, കൊത്തമല്ലി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതിപത്രി, കരയാമ്പൂ, തക്കോലം, നന്നാറി, ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽച്ചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ തുടങ്ങി ഒട്ടേറെ സാധനങ്ങൾ ചേർത്തുണ്ടാക്കുന്ന കഷായത്തിലാണു കർക്കടകക്കഞ്ഞി ഉണ്ടാക്കുന്നത്. ഇവ ഓരോന്നും ഒന്നാന്തരം മരുന്നുകളാണ്. ഈ കഷായത്തിൽ നവര അരി വേവിച്ചെടുത്ത് ആട്ടിൻ പാൽ ചേർത്താണു കഞ്ഞി കഴിക്കേണ്ടത്. രാവിലെയും വൈകുന്നേരവും കർക്കടകക്കഞ്ഞി കഴിക്കാം. രാവിലെ വെറുംവയറ്റിൽ കഴിക്കണം. കർക്കടകമാസം മുഴുവൻ ഇത്തരത്തിലുള്ള മരുന്നുകഞ്ഞി കുടിച്ചാൽ വാതപിത്തകഫ ദോഷങ്ങളെല്ലാം മാറി ശരീരത്തിന്റെ പ്രതിരോധശക്തി കൂടുമെന്നാണ് ആയുർവേദം പറയുന്നത്.

പത്തിലക്കറി

ഇലക്കറി ശരീരത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണെന്ന് ആധുനിക ഡയറ്റിഷ്യൻമാരും സമ്മതിക്കുന്ന കാര്യമാണ്. ശരീരത്തിന് ആവശ്യമായ വിറ്റമിൻ എയും ഇരുമ്പിന്റെ അംശവുമൊക്കെ ഇലക്കറികളിൽ ധാരാളം ഉണ്ടായിരിക്കും. ഭക്ഷണത്തിൽ നിർബന്ധമായും ഇലക്കറി ഉൾപ്പെടുത്തണമെന്ന് ആധുനികവൈദ്യശാസ്ത്രവും നിർദേശിക്കുന്നുണ്ട്. എന്നാൽ, ഒരുപടി കൂടി കടന്ന്, കർക്കടകത്തിൽ പത്തു തരം ഇലക്കറികൾ ദിവസവും ഭക്ഷണത്തിനൊപ്പം കഴിക്കണമെന്നാണു പഴമക്കാർ നമ്മോടു പറഞ്ഞത്.

താള്, തകര, ചീര, ചേമ്പ്, ചേന, മത്തൻ, കുമ്പളം, വെള്ളരി, ആനക്കൊടിത്തൂവ, നെയ്യുരുണി എന്നിവയാണു പൊതുവെയായി പത്തിലകൾ എന്ന് അറിയപ്പെടുന്നത്. ചില പ്രദേശങ്ങളിൽ പത്തെണ്ണം ഏതൊക്കെയെന്ന കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ട്. ഏതായാലും കർക്കടകമാസത്തിൽ നാട്ടിൻപുറങ്ങളിൽ സുലഭമായി ലഭിക്കുന്നവയാണു താള്, തകര, ചീര, ചേമ്പ്, ചേന തുടങ്ങി പത്തുതരം ഇലകൾ.

ചേമ്പ്, ചേന എന്നിവയുടെ ഇലയും തണ്ടും കിഴങ്ങുമെല്ലാം കഴിക്കാം. താള് ചേമ്പുവർഗത്തിൽ പെടുന്ന ചെടികൾ തന്നെ. ഇല കറി വയ്ക്കാൻ പറ്റും. തകര പലതരത്തിലുണ്ട്. വട്ടത്തകരയാണു പൊതുവെ കറി വയ്ക്കാൻ ഉപയോഗിക്കുന്നത്. തഴുതാമ പ്രമേഹരോഗികൾക്ക് ഒന്നാന്തരം മരുന്നു കൂടിയാണ്. ഇതിനു പുറമെ ഏതു തരം ഇലക്കറികളും ശരീരത്തിനു നല്ലതാണ്. മുരിങ്ങയില പൊതുവെ നല്ലതാണെങ്കിലും കർക്കടകമാസത്തിൽ കഴിക്കരുത് എന്നു പഴമക്കാരിൽ ചിലർ പറയുന്നു.

കർക്കടകക്കഞ്ഞിയായും പത്തിലക്കറികളായും പ്രകൃതിയിൽ നിന്നു തന്നെ ആരോഗ്യം വീണ്ടെടുത്തവരാണു നമ്മുടെ പഴമക്കാർ. രോഗം വന്നു ചികിത്സിക്കുന്നതിനെക്കാൾ ഭേദം രോഗം വരാതിരിക്കുകയാണ് എന്ന ആധുനിക മുദ്രാവാക്യം നൂറ്റാണ്ടുകൾക്കു മുൻപേ സ്വന്തം ജീവിതത്തിലൂടെ അവർ നമുക്കു കാണിച്ചുതന്നിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.