Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർ‌വം വിഷ്ണുമയം

vishnu

വ്യാസ ഭഗവാന്റെ പിതാവായ പരാശരമുനിയും മൈത്രേയനും തമ്മിലുള്ള സംവാദമായിട്ടാണ് ശ്രീവിഷ്ണുപുരാണം ചി‌ട്ടപ്പെടുത്തിയിട്ടുള്ളത്. ഇവരുടെ സംവാദവേളയിൽ സൃഷ്ടിയെക്കുറിച്ച് ആഴത്തിലുള്ള വിവരണം ദർശിക്കാനാകും. സൃഷ്ടിയെക്കുറിച്ചു മൈത്രേയൻ പരാശരനോട് ചോദ്യം ഉന്നയിക്കുന്നു. പരാശരൻ അതിനുള്ള മറുപടിയായി സാരസ്വതനാൽ അദ്ദേഹത്തിന് ഉപദേശിക്കപ്പെട്ട വിഷ്ണുപുരാണം പറഞ്ഞു കേൾപ്പിക്കാനുമാരംഭിക്കുന്നു. മൈത്രേയൻ ചോദിക്കുന്നു-ഭഗവാൻ അങ്ങ് സൃഷ്ടിയെക്കുറിച്ച് വിവരിച്ചാലും?

പരാശരൻ അദ്ദേഹത്തെ സൃഷ്ടി എങ്ങനെ സംഭവിച്ചു എന്ന് പറഞ്ഞു കേൾപ്പിക്കുന്നു. ദേവദേവേശനായ വിഷ്ണുഭഗവാനെ പ്രധാന തത്വമായ സമത്വിക രാജസ താമസമായ മഹത്വം ആവരണം ചെയ്തുവെന്നും അതിൽ നിന്നും ത്രിവിധ ഗുണസ്വരൂപമായ അഹങ്കാരം ഉദ്ഭവിച്ചുവെന്നും അത് ഭൂതേന്ദ്രിയാദികൾക്ക് കാരണമായെന്നും പറയപ്പെടുന്നു. പ്രധാന തത്വത്താൽ മഹത്വം വ്യാപൃതമായതു പോലെ മഹത്വത്താൽ അഹങ്കാരം വ്യാപൃതമായിരിക്കുന്നു. ഭൂതാദി നാമമായ താമസാഹങ്കാരം ശബ്ദ തന്മാത്രയെയും അതിൽ നിന്ന് ആകാശത്തെയും നിർമിച്ചു. പിന്നീട് ശബ്ദ തന്മാത്രസ്പർശ തന്മാത്രയെയും സ്പർശ തന്മാത്ര വായുവിനെ ആവൃതമാക്കി രൂപ തന്മാത്രയെയും സൃഷ്ടിച്ചു. ഇതിൽ നിന്നു തേജസ്സ്‌ രൂപപ്പെട്ടു. പിന്നീട് ഈ തേജസ്സ്‌ വികൃതമായി രസതന്മാത്രയെ ഉൽപാദിപ്പിക്കുകയും അതിൽ നിന്നു രസഗുണമാർന്ന ജലം ഉദ്ഭവിക്കുകയും ചെയ്തു.

ഈ ജലത്തെ തേജസ്സ്‌ ആവരണം ചെയ്യുകയും അതിൽ നിന്നു ഗന്ധതന്മാത്ര ഉണ്ടാകുകയും പൃഥ്വിയുടെ ഉദ്ഭവത്തിനു കാരണമാകുകയും ചെയ്തു. ഈ തന്മാത്രകളെല്ലാം തന്നെ ശാന്തഘോരമൂഢങ്ങളല്ലാത്തതിനാൽ ഭൂതതന്മാത്രാ സ്വരൂപമായ സൃഷ്ടി ഉണ്ടായി പഞ്ചഭൂതങ്ങളെല്ലാം ചേർന്നാണല്ലോ സൃഷ്ടി ഉണ്ടാവുന്നത്. ഇവയെല്ലാം പരസ്പര പൂരകങ്ങളാണ്. പഞ്ചഭൂതങ്ങളെല്ലാം പ്രധാന പുരുഷനാൽ അധിഷ്ഠിതമാകയാൽ അവ പരസ്പരം യോജിച്ച് ഹിരണ്യഗർഭമായി ഭവിച്ചു. ജഗത്പതിയായ വിഷ്ണു ഹിരണ്യഗർഭരൂപത്തിൽ സ്വയം വിരാജിതനായി ഭവിക്കുകയും ചെയ്തു. ഈ ഗർഭത്തിനു സുമേരു മറുപിള്ളയായും മറ്റു പർ‌വതങ്ങൾ ഗർഭാശയമായും സമുദ്രം ഗർഭരസമായും ഭവിച്ചു. അതേ അണ്ഡത്തിൽ തന്നെ പർ‌വത ദ്വീപുസമൂഹങ്ങളും ഗ്രഹഗണാദികളും സമ്പൂർ‌ണങ്ങളായ ലോകങ്ങളും ദേവാസുര മനുഷ്യാദികളും ഉരഗ പ്രാണിവർഗങ്ങളും ഉണ്ടായി. ഈ അണ്ഡം പഞ്ചഭൂതാദികളാൽ ആവൃതമായിരിക്കുന്നു.

ഭൂതാദികൾ മഹത്വത്താൽ വലയം ചെയ്യപ്പെട്ടിരിക്കുന്നു. അതിനുള്ളിൽ സ്വയം വിരാജിതനായ ഭഗവാൻ സ്വയം ബ്രഹ്മാവായി തീർന്നു രജോഗുണാശ്രിതനായി ലോകരചനയിൽ താൽപര്യമുള്ളവനായി ഭവിച്ചു. അങ്ങനെ സൃഷ്ടി നടന്നതിനെ തുടർന്ന് സത്വഗുണപരായണനായ ഭഗവാൻ അതിനെ കൽപാന്തം വരെ പരിപാലിക്കാൻ യോഗ്യനായി. അതുപോലെ തന്നെ യുഗാന്ത്യത്തിൽ തമോഗുണ പ്രധാനമായ രുദ്രരൂപം കൈകൊണ്ടു ഭഗവാൻ സമസ്ത ഭൂതാദികളേയും സംഹരിക്കുന്നു. വീണ്ടും നൈമത്തിക പ്രളയം സംഭവിക്കുകയും ഭഗവാൻ ശേഷശയ്യയിൽ ശയിക്കാനാരംഭിക്കുകയും ചെയ്യുന്നു. ഉണർന്നതിനു ശേഷം ബ്രഹ്മരൂപം കൈക്കൊണ്ട് വീണ്ടും ലോകരചനയിൽ പ്രവൃത്തനായി നിലകൊള്ളുകയും ചെയ്യുന്നു. അങ്ങനെ ഭഗവാൻ സൃഷ്ടി സ്ഥിതി സംഹാരത്തിനായി ബ്രഹ്മാവിഷ്ണു മഹേശ്വര സംഞ്ജകൾ ധരിക്കുന്നവനായി ഭവിക്കുന്നു.

‘സ്രഷ്ടാ സൃജതി ചാത്വാനം

വിഷ്ണു പാല്യം ച പാതിച

ഉപസംഹ്രിയതേ ചാന്തേ

സംഹർത്താ ച സ്വയം പ്രഭു’

സർ‌വസ്വരൂപനായ ഭഗവാൻ തന്നെ സർ‌വതിന്റെയും സൃഷ്ടിസ്ഥിതി സംഹാരങ്ങൾ നടത്തി സ്വയം പ്രഭുവായി വിരാജിക്കുന്നു. സർ‌വം വിഷ്ണുമയം. ലോകത്തെ തറവാടായും സകല ചരാചരങ്ങളെയും തന്നെ പോലെയും സർ‌വവും ഈശ്വരമയവുമായി കാണാൻ സാധിച്ചാൽ മുക്തി എന്നതു സാധിതമാകാത്ത ഒന്നല്ല.

ലേഖകന്റെ വിലാസം :‌

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം ) കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646 Email - pramodpanickerpgd87 @gmail .com

Your Rating: