Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റക്കെട്ടായ കുടുംബം കെട്ടിപ്പടുക്കാന്‍ ഒരുത്തമ മന്ത്രം

കുടുംബം

പ്രാചീന ഭാരതത്തിലെ ഋഷികളിലൂടെ ഉയര്‍ന്നുകേട്ട വേദങ്ങൾ അറിവിന്റെ വിശാലസമുദ്രങ്ങളാണ്. മനുഷ്യർ എപ്പോഴും വിജയത്തിന് വേണ്ടി കൊതിക്കുന്നവരാണ്. എന്ത് കാര്യം ചെയ്യുമ്പോഴും അതിന്റെ വിജയത്തെക്കുറിച്ച് മാത്രമാണ് നമ്മുടെ ചിന്ത. അതില്‍ ഒരിക്കലും തെറ്റ് പറയാനുമില്ല. നല്ലതും സുഖലോലുപതയും തേടിയുള്ളതാണ് മനുഷ്യന്റെ യാത്ര. നമ്മുടെയെല്ലാം വീടുകളും ആഗ്രഹിക്കുന്നത് വിജയം മാത്രമാണ്. കൂടുതല്‍ പണം സമ്പാദിക്കുക, നന്നായി ജീവിക്കുക, നല്ല കാര്യങ്ങള്‍ ചെയ്യുക...ഇതെല്ലാം ഓരോ കുടുംബത്തിന്റെയും സ്വപ്‌നമാണ്. എന്നാല്‍ പലര്‍ക്കും ഇതൊന്നും സാധിക്കാറില്ല. കുടുംബത്തിലുള്ള ഓരോ അംഗവും പല വഴിക്ക് ചിന്തിക്കുകയും പല വഴിക്ക് സഞ്ചരിക്കുകയും ചെയ്യുന്നു. ഒരു കൂട്ടായ്മയെന്ന നിലയ്ക്ക് കുടുംബത്തിന് ഒന്നും നേടാന്‍ സാധിക്കില്ല.

നെടും തൂണായ അച്ഛനും അമ്മയ്ക്കും സങ്കടം മാത്രം ബാക്കിയാകും. ഇതിനുള്ള ഉത്തമ പ്രതിവിധിയാണ് ഋഗ്വേദത്തിലെ സംഘടനാ സൂക്തം, ഐക്യമത്യസൂക്തം എന്നും ഇത് അറിയപ്പെടുന്നു....

ഓം സംസമിദ്യുവസേ വൃഷന്നഗ്നേ വിശ്വാന്യര്യ ആ ​ ഇളസ്വദേ സമിധ്യസേ സ നോ

വസൂന്യാ ഭര

സം ഗച്ഛധ്വം സം വദധ്വം സം വോ മനാംസി ജാനതാം ​ ദേവാ ഭാഗം യഥാ

പൂർവേ സഞ്ജാനാനാ ഉപാസതേ

സമാനോ മന്ത്ര: സമിതി: സമാനീ സമാനം മന: സഹ ചിത്തമേഷാം​

സമാനം മന്ത്രമഭി മന്ത്രയേ വ: സമാനേന വോ ഹവിഷാ ജൂഹോമി​​​

സമാനീ വ ആകൂതി: സമാനാ ഹൃദയാനി വ: ​ സമാനമസ്തു വോ മനോ യഥാ

വ: സുസഹാസതി 

കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ചേര്‍ന്നിരുന്ന് ചെല്ലേണ്ട മന്ത്രമാണിത്. എങ്കില്‍ മാത്രമേ ഫലവത്താകൂ. ഒരുമിച്ച് ചേര്‍ന്ന് നടക്കാനും ഒരുമിച്ച് സംസാരിക്കാനും ഇത് ആഹ്വാനം ചെയ്യുന്നു. നമ്മള്‍ ഒരുമയോടെ സംവാദം ചെയ്ത് മുന്നേറും എന്ന് സ്വയം ഓര്‍മപ്പെടുത്തുന്നു ഇത്. ഒന്നിച്ചു ചേര്‍ന്ന് ഒരേ മനസോടെ നാം അറിവ് സമ്പാദിക്കുമെന്ന് സ്വയം പറയുമ്പോള്‍ അനന്യസാധാരണമായ ഊര്‍ജ്ജമാണ് കൈവരുക. 

എല്ലാവരുടെയും വിചാരം സമാനമാകട്ടെ, സമിതിയും സഭയും ഒന്നാകട്ടെ. സമാനമായ ഹവിസും യജ്ഞഭാവനകളാലും യജ്ഞം ചെയ്യുന്നവരാകട്ടെ. ഇതാണ് ഈ മന്ത്രം ചൊല്ലുന്നതിലൂടെ നാം പ്രാര്‍ത്ഥിക്കുന്നത്. എല്ലാവരുടെയും വിചാരം ഒരുപോലെ ആയാല്‍ മാത്രമേ ഐക്യമുണ്ടാകൂ. എന്ത് കാര്യവും നേടാന്‍ സാധിക്കൂ, വലിയ ലക്ഷ്യങ്ങള്‍ കീഴ്‌പ്പെടുത്താന്‍ സാധിക്കൂ. ഈ ലളിതമായ സന്ദേശമാണ് ഐക്യമത്യസൂക്തം പകര്‍ന്ന് നല്‍കുന്നത്. ഒരു കുടുംബത്തിന് ഒത്തൊരുമയോടെ മുന്നോട്ട് പോകാന്‍ ഐക്യമത്യസൂക്തം എന്നും രാവിലെ കുളി കഴിഞ്ഞ് പുത്തന്‍ ഊര്‍ജ്ജത്തോടെ ചെയ്യുന്നത് ഉപകരിക്കും. കുടുംബാംഗങ്ങള്‍ കൂട്ടമായിരുന്ന് ഒരേ മനസ്സോടെ ചൊല്ലിയാല്‍ മനസ് കണ്ടീഷന്‍ ചെയ്യപ്പെട്ട് അല്‍ഭുതകരമായ മാറ്റങ്ങളാകും സംഭവിക്കുക. 

കുടുംബങ്ങള്‍ക്കെന്ന പോലെ പല ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഏതൊരു ടീമിന്റെയും ബിസിനസ് കൂട്ടായ്മകളുടെയുമെല്ലാം വിജയത്തിനു ഉപകരിക്കുന്നതാണ് സംഘടനാ സൂക്തം. ഏതൊരു സ്ഥാപനത്തിന്റെയും വിജയത്തിന്റെ ആധാരം സമാനമനസ്‌കരായ കുറച്ചു പേരുടെ കൂട്ടായ്മയും ഒരേ ലക്ഷ്യത്തിലേക്കുള്ള അവരുടെ പ്രയാണവുമാണ്. സംഘടനാ സൂക്തം ദിവസവും ചൊല്ലുന്നതിലൂടെ അത് കൂടുതല്‍ ലളിതമാക്കാനും വിദ്വേഷങ്ങളും വിഘടനവാദങ്ങളും ഇല്ലാതാക്കാനും സാധിക്കുന്നു. നമ്മുടെ സങ്കല്‍പ്പം സമാനമാകട്ടെ, നമ്മുടെ ഹൃദയങ്ങള്‍ പരസ്പരം ഒന്നു ചേരട്ടെ, നമ്മുടെ മനസ് സമാനമായി തീരട്ടെ. അതില്‍ നിന്ന് നമ്മള്‍ പരസ്പരം ഒന്നായി തീരട്ടെ. ഏകതയുടെ മന്ത്രം ചൊല്ലിയാകട്ടെ ഓരോ ദിവസവും നിങ്ങളുടെ തുടക്കം. 

Your Rating: