Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹപ്രശ്നത്തിൽ‌ വധുവിനാണു പ്രാധാന്യം...

marriage Representative image

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ടേണിങ് പോയിന്റാണ്. കൗമാരം കഴിഞ്ഞു യൗവനാരംഭം കുറിക്കുന്നതോടെ കുമാരന്മാരും കുമാരികളും തന്റെ ഭാവിവധുവിനെക്കുറിച്ചും വരന്മാരെക്കുറിച്ചും ദിവസ്വപ്നം കാണുന്നതു പതിവാണ്. എന്നാൽ വിവാഹസംബന്ധമായ കാര്യത്തിനു പ്രശ്നമായാലും ജാതകം നോക്കാനായാലും ശരി സമീപിക്കുന്ന വ്യക്തിയെ അയാൾക്ക് അനുയോജ്യമായ ഒരു ബന്ധം ഊട്ടി ഉറപ്പിക്കുന്നതിൽ ജ്യോത്സ്യന്‌ അതിപ്രധാന സ്ഥാനമാണുള്ളത്.

ദൈവജ്ഞോത്തമൻ ആദ്യമായി കന്യകയുടെയും പുരുഷന്റെയും ആയുസ്സും പിന്നെ അപ്രകാരം മറ്റുള്ള സന്താനാദികളായ എല്ലാ കാര്യങ്ങളും പ്രശ്നലഗ്നം കൊണ്ടും ഭാവി കാര്യങ്ങളെല്ലാം ചിന്തിച്ച് സന്താനലബ്ധിക്കു വേണ്ടി വിവാഹം ചെയ്യിക്കണം. വിവാഹത്തിന്റെ മുഖ്യ ഉദ്ദേശ്യം തന്നെ സന്തത്യുല്പാദനമാണ്. വംശവർധനയാണു ലക്ഷ്യം.സന്താനങ്ങളിൽ കൂടി മാത്രമേ പിതൃപ്രീതി നേടാൻ സാധിക്കുകയുള്ളൂ. ജാതകവശാലും പ്രശ്നവശാലും ആയുസ്സ്, സന്താനം, സൗഭാഗ്യം ഇവ അനുകൂലമായാൽ ആ സ്ത്രീപുരുഷന്മാർ തമ്മിൽ വിവാഹം ചെയ്യാമെന്നു തീരുമാനിക്കാം. വിവാഹസംബന്ധമായ പ്രശ്നം ചിന്തയുടെ ആവശ്യകത ഒഴിച്ചുകൂടാൻ പാടില്ല.

പൃച്ഛകൻ ഭക്തിപൂർ‌വം ദൈവഞ്ജനെ സമീപിച്ചു കാഴ്ചദ്രവ്യം സമർപ്പിച്ചു സ്ത്രീപുരുഷന്മാരുടെ നക്ഷത്രവും പേരും തന്റെ ആഗമനോദ്ദേശ്യവും ശാന്തമായും വ്യക്തമായും പറയണം. ഒരു പ്രാവശ്യം മാത്രമേ പറയാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ പ്രാവശ്യം പറയുന്നതു പുനർ‌വിവാഹലക്ഷണമാണ്. ഈ കന്യക ഇവനാൽ വിവാഹിതനായാൽ ഭർതൃസന്തതികളോടു കൂടിയാൽ ആകുമോ? ഇല്ലയോ? ഇപ്രകാരമാണു വിവാഹപ്രശ്നം.

വിവാഹപ്രശ്നത്തിൽ‌ വധുവിനാണു പ്രാധാന്യം. അതുകൊണ്ട് ലഗ്നത്തിൽ നിന്നു വധുവിന്റെ ഗുണദോഷങ്ങൾ ചിന്തിക്കണം. വധുവിന്റെ ഏഴാം ഭാവം ഭർതൃസ്ഥാനമാണല്ലോ. അതുകൊണ്ടുതന്നെ ഏഴാം ഭാവത്തിൽ നിന്നു തന്നെ ഭർതൃചിന്ത നടത്തണം. വധൂവരന്മാരുടെ സ്വഭാവ ചിന്ത ആദ്യമായി നടത്തണം. രത്യാദി മനോവികാരങ്ങൾക്കു സ്വഭാവം എന്നു പറയാം. ഗുണമെന്നാൽ ജ്ഞാനം, വിനയം, ഔദാര്യം, ശൗര്യം, സംസ്കാരം, ശരീരസ്ഥിതി, സത്വരജസ്തമോ ഭേദങ്ങൾ മുതലായവയാണ്. ഏതൊരു പ്രശ്നവും നിമിത്തപ്രധാനമെന്നതു പോലെ വിവാഹ പ്രശ്നവും അങ്ങനെതന്നെ ചിന്തിക്കണം. സദസ്സിൽ കൂടി നിന്നവരുടെ ചേഷ്ടകൾ പോലും ചിലപ്പോൾ അതിനിർ‌ണായക ഫലപ്രവചനത്തിനു ദൈവജ്ഞനെ സഹായിച്ചേക്കാം.

പ്രശ്നസമയത്ത് പൃച്ഛകൻ വലതുകയ്യ്, നെഞ്ച്, ശിരസ്സ് എന്നിവ തൊടുന്നതു വിവാഹലബ്ധി ഉണ്ടാക്കുന്നു. കാൽമുട്ട്, പാദം, എന്നിവ സ്പർശിച്ചാൽ ബന്ധത്തിനു കാലതാമസവും ഇടതുകയ്യിലോ പുറത്തോ അരക്കെട്ടിലോ സ്പർശിക്കുന്നതു വിവാഹവിഘ്നവും വരുത്തുന്നു. ഏഴാം ഭാവാധിപനും ലഗ്നാധിപനും അഥവാ ലഗ്നാധിപനും ശുക്രനും പരസ്പരം മാറി നിൽക്കുകയോ ബന്ധു ക്ഷേത്രത്തിൽ നിൽക്കുകയോ ഉച്ചത്തിൽ നിൽക്കുകയോ ഇരുവരും യോഗസ്ഥന്മാരായി തീരുകയോ ചെയ്താൽ വിവാഹം നടക്കുമെന്നു പറയാം. ഈ ഭാവാധിപന്മാർ ദുസ്ഥരാവുകയോ പാപയോഗദൃഷ്ട്യാദികളും മൗഢ്യം മുതലായവ ദോഷങ്ങളും വരുകയോ ചെയ്താൽ ദമ്പതീവിരഹം, അകാലമൃത്യു, രോഗബാധാ ഇത്യാദികളും സന്താനക്ലേശവും അനുഭവിക്കാനിടയുണ്ട്. പ്രശ്നസമയത്ത് പക്ഷി, മൃഗം, പാമ്പ് മുതലായവർ ഇണചേരുന്നതായി കണ്ടാൽ വധു ജാരസംസർ‌ഗമുള്ളവളായി തീരുമെന്ന് പറയണം.

രണ്ടു സ്ത്രീകളോടു കൂടിയ പുരുഷനെക്കൊണ്ടോ യൗവനം പിന്നിട്ട ദമ്പതികളെക്കൊണ്ടോ പശുവും കാളയും ഒരുമിച്ചു വരുന്നതുകൊണ്ടോ രണ്ട് ആളുകൾ കൂടി ഒന്നിച്ചു ചെയ്യുന്ന ചക്രലേഖനാദി പ്രശ്നക്രിയകൾ കൊണ്ടോ അപ്രകാരം പുനർ‌വിവാഹത്തെക്കുറിച്ചു പ്രശംസിക്കുന്ന വാക്കുകൾ കൊണ്ടോ പുനർവിവാഹം ഉണ്ടാകുമെന്നു ദൈവജ്ഞൻ പ്രവചിക്കണം. ശുഭകാര്യങ്ങളെക്കൊണ്ടും മംഗളവസ്തുക്കളുടെ ദർശനം സുഗന്ധം എന്നിവ അനുഭവപ്പെട്ടാലും വിവാഹത്തിന് തടസ്സമില്ലെന്നും മറിച്ചായാൽ തടസ്സമുണ്ടാകും എന്നും പറയാം. ഇത്തരം അനേകം ലക്ഷണം കൊണ്ട് വധൂവരന്മാരുടെ ഗുണദോഷങ്ങൾ ചിന്തിച്ചു ഫലപ്രവചനം നടത്തണം.

ഇതിൽ നിന്നെല്ലാം ജാതകം മാത്രം പോരാ ശുഭഭാവിക്ക് എന്നും പ്രശ്നവും കൂടിയേ തീരൂ എന്നും വ്യക്തമാകുന്നു. ജാതകപ്രകാരമുള്ള ദോഷദുരിതങ്ങൾക്ക് (ചൊവ്വാദോഷം മുതലായവ ഇതിൽപെടും) വിധിപ്രകാരമുള്ള പരിഹാരങ്ങൾ ചെയ്താൽ ശുഭഭാവി കൈവരുമെന്ന് മാത്രമല്ല, വംശാഭിവൃദ്ധിയും കുടുംബഭദ്രതയും ഉണ്ടാകുകയും ചെയ്യും. അകാലത്തിലുള്ള മൃത്യുഭയാരിഷ്ടകങ്ങൾ‌, ദമ്പതികൾ വേർപിരിയൽ തുടങ്ങിയ ദോഷങ്ങൾ‌ എന്നിവയിൽ നിന്നു മുക്തരാകുമെന്നു പറയാൻ സാധിക്കും.

ലേഖകന്റെ വിലാസം :‌

ഒ.കെ പ്രമോദ് പണിക്കര്‍ പെരിങ്ങോട് (സൂര്യഗായത്രി ജ്യോതിഷ ഗവേഷണകേന്ദ്രം ) കൂറ്റനാട് -വഴി

പാലക്കാട് -ജില്ല ഫോണ്‍-9846 309646 8547 019646 Email - pramodpanickerpgd87 @gmail .com

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.