Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാര്യയെക്കുറിച്ചു ചിന്തിക്കുമ്പോൾ...

ജ്യോതിഷം

വിവാഹകാലത്ത് അനുയോജ്യയായ ഭാര്യയെക്കുറിച്ചു ചിന്തിക്കുമ്പോൾ പുരുഷജാതകത്തിലെ 7–ാം ഭാവം, 7–ാം ഭാവാധിപൻ, ഏഴാമിടത്തേക്ക് വീക്ഷിക്കുന്ന ഗ്രഹങ്ങൾ, ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹം, ദാമ്പത്യകാരകനായ ശുക്രൻ എന്നീ കാര്യങ്ങളാണ് ആദ്യം പരിഗണിക്കേണ്ടത്.

1. പുരുഷജാതകത്തിലെ 7–ാം ഭാവം, ചിങ്ങം രാശിയായി വന്നാൽ ഭാര്യയ്ക്ക് ഹോമം, പൂജ, മാന്ത്രിക ക്രിയകൾ എന്നിവ ചെയ്യുന്നതിനും ചെയ്യിക്കുന്നതിനും വളരെ താല്പര്യം ഉണ്ടാകും. ഭർത്താവിനെ പ്രതിസന്ധികളിൽ സഹായിക്കുന്നവളും ആയിരിക്കും. ഭർത്താവിന്റെ ശ്രേയസ്സിനായി നിരന്തരം പ്രയത്നിക്കുന്നവൾ ആകും.

2. പുരുഷ ജാതകത്തിലെ 7–ാം ഭാവം കന്നി രാശിയായി വന്നാൽ സുഗന്ധ ദ്രവ്യങ്ങൾ, സൗന്ദര്യവർ‌ധക വസ്തുക്കൾ എന്നിവയിൽ താല്പര്യമുളളവൾ ആകും. തന്നെപ്പോലെ ഭർത്താവിനെയും സുന്ദരനാക്കിയായിരിക്കും  പുറത്തു കൊണ്ടുപോകുക. കൂടാതെ ധാരാളം ഗൃഹോപകരണങ്ങളും പാത്രങ്ങളും വിശേഷിച്ച്, കുടം പോലുളള പാത്രങ്ങളിൽ താല്പര്യമുളളവൾ ആകും. വീടു മുഴുവനും വിവിധ ഗൃഹോപകരണങ്ങളാൽ നിറയ്ക്കുന്നവളും ആയിരിക്കും. 

3‌. തുലാം രാശി പുരുഷ ജാതകത്തിലെ 7–ാം ഭാവം ആയി വന്നാൽ ഭാര്യ നല്ല വാക്സാമർഥ്യക്കാരിയായിരിക്കും. സംസാരം ഒഴിഞ്ഞ് ഒരു നേരം ഉണ്ടാകില്ല. തന്റെ കുടുംബത്തിന്റെ മാഹാത്മ്യം പറയാൻ കൂടുതൽ‌ സമയം ചെലവഴിക്കും. അല്പസ്വല്പം ഏഷണി കൂട്ടുന്നതിലും താലൽപര്യം ഉണ്ടാകും. 

4. പുരുഷജാതകത്തിലെ 7–ാം രാശി വൃശ്ചികം ആയി വന്നാൽ പലവിധത്തിലുളള ഭക്ഷണങ്ങൾ പാകം ചെയ്ത് തന്റെ പാചക നൈപുണ്യം പ്രകടിപ്പിക്കും. പാചക പരീക്ഷണങ്ങൾ നടത്തും. തന്റെ പാചകത്തിലെ മിടുക്ക് പൊതുവേദികളിൽ പ്രകടിപ്പിക്കുകയും ചെയ്യും. ഭർത്താവ് ഭക്ഷണപ്രിയൻ കൂടിയായാൽ‌ ദാമ്പത്യസൗഖ്യം ഉറപ്പ്.

5. പുരുഷ ജാതകത്തിലെ 7–ാം ഭാവം ധനുവായാൽ പുരാണപാരായണം, ശാസ്ത്രപരിജ്ഞാനം ശാസ്ത്രവിഷയങ്ങൾ‌ എന്നിവയിലും ‌  സപ്താഹം പോലുളള ക്ഷേത്രകാര്യങ്ങളിലും താല്പര്യം ഉണ്ടായിരിക്കും. സുവിശേഷ മത കാര്യങ്ങളിൽ താൽപര്യം ഉണ്ടാകും. എന്തെങ്കിലും  ലക്ഷ്യം വച്ചു പ്രവർത്തിക്കും. ലക്ഷ്യങ്ങളിൽ എത്തും.

6. ഏഴാം ഭാവം മകരമായി വന്നാൽ എപ്പോഴും ഭര്‍ത്താവിന്റെ സ്പർശനതാല്പര്യമുളളവളും മാർ‌ദവമുളള ശയ്യോപകരണങ്ങളിൽ താൽപര്യമുളളവളായും ഭവിക്കും. സുഖഭോഗതാൽപര്യത്തിനു പ്രാധാന്യം. വസ്ത്രാലങ്കാരപ്രിയയും ആയിരിക്കും.

7. ഏഴാംഭാവം കുംഭം ആയാൽ ധാന്യങ്ങൾ സംഭരിച്ചു സൂക്ഷിക്കുന്നതിലാണു ഭാര്യയ്ക്കു താല്പര്യം ഉണ്ടാവുക. ധാന്യങ്ങൾ പലവിധ പാത്രങ്ങളിൽ ആക്കി പരിപാലിക്കുന്നവൾ ആകും. ഭക്ഷണകാര്യത്തിൽ കൃത്യത പുലർത്തും. അരി, നെല്ല് ഗോതമ്പ്, പയർ വർ‌ഗങ്ങൾ എന്നിവയിൽ താല്‍പര്യം.

8. മീനമാണ് പുരുഷ ജാതകത്തിലെ 7–ാം ഭാവമായി വരുന്നത് എങ്കിൽ ഭാര്യ നല്ല വാക്സാമർഥ്യക്കാരിയായിരിക്കും. അവരെ സംസാരിച്ചു തോൽ‌പിക്കാൻ കഴിയില്ല. എതിർ‌വാദമുഖങ്ങള്‍ അവതരിപ്പിക്കാൻ ഉളള വിജ്ഞാനം ഉണ്ടായിരിക്കും. പൗരാണിക പാത്രങ്ങൾ, ഓട്, പിച്ചള തുടങ്ങിയ പാത്രങ്ങളിൽ താൽപര്യം പ്രകടിപ്പിക്കും. അവയെ നന്നായി പരിപാലിക്കും. മത്സ്യവിഭവങ്ങളില്‍ അതീവ താൽപര്യമുണ്ടാകും. 

9. മേടം ആണ് ഏഴാം ഭാവം ആയി വരുന്നത് എങ്കില്‍ ഭാര്യ ദേവാലയപ്രിയ ആയിരിക്കും. തനിക്കും ഭർത്താവിനും മക്കൾക്കും ബന്ധുക്കൾക്കും വേണ്ടി ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തി സായുജ്യമടയും. നിഷ്ഠയോടെ ദേവാലയദർശനം, ഭക്തിമാർ‌ഗ ചിന്തകൾ എന്നിവയിൽ താൽപര്യമുണ്ടാകും. ക്ഷേത്രത്തിലെ നിവേദ്യങ്ങൾ കഴിക്കുന്നതിൽ താല്പര്യം ഉളളവൾ ആകും. 

10. ഇടവം ഏഴാംഭാവം ആയി വന്നാൽ അന്നദാനത്തിൽ തൃപ്തി കണ്ടെത്തുന്ന ഭാര്യയെ ലഭിക്കും. വീട്ടിൽ ഉളള അംഗങ്ങൾക്കു തൃപ്തി വരുത്തും വിധം ഭക്ഷണ പാനീയങ്ങൾ തയാറാക്കി നൽകുകയും കൂടെയിരുന്ന് അവ ധാരാളമായി കഴിപ്പിക്കുകയും ചെയ്യും. കുറച്ചു കൂടി കഴിക്കൂ എന്നു നിർബന്ധിച്ചു കഴിപ്പിക്കും. താനുണ്ടാക്കിയ ഭക്ഷണത്തിന്റെ ഗുണമേന്മകൾ ഉദ്ഘോഷിക്കുകയും ചെയ്യും.

11. മിഥുനം ഏഴാം ഭാവം ആയി വന്നാല്‍ സംഗീത ഉപകരണ താല്പര്യം. വിവിധങ്ങളായ പാത്രങ്ങളില്‍ താല്പര്യം. വാസഗൃഹം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ താല്പര്യം എന്നിവ ഫലം.

12. ഏഴാം ഭാവം കർക്കടക രാശിയായി വന്നാൽ ഭാര്യ സ്നാനപ്രിയ ആയിരിക്കും. എണ്ണ തേച്ചു കുളി, പലവിധ സുഗന്ധദ്രവ്യ താല്പര്യം, സൗന്ദര്യ സംരക്ഷണ വിഷയത്തിൽ വലിയ താല്പര്യം എന്നിവ ഫലം.

പുരുഷ ജാതകത്തിലെ ലഗ്നാൽ 7–ാം ഭാവവുമായി ബന്ധപ്പെട്ടാണ് ഈ ഫലങ്ങൾ ചിന്തിക്കേണ്ടത്. ലഗ്ന ചന്ദ്രരാശികളുടെ ബലം അനുസരിച്ച് ജനിച്ച കൂറിന്റെ 7–ാം ഭാവാധിപനെയും കൂടി ഈ വിഷയത്തിൽ ചിന്തിക്കാവുന്നതാണ്. നല്ലൊരു ഏഴാമിടം (ഭാര്യ) വന്നുചേരാനായി പ്രാർ‌ഥിക്കുക.

ലേഖകൻ

‌R.Sanjeev Kumar P.G.A

Jyothis Astrological Research Centrre

Lulu Appartments, Opp. Thycaud Police Ground

Thycaud P.O. Trivandrum-14

Phone: 0471-2324553, Mob: 9526480571, 9447251087

E-mail: jyothisgems@gmail.com

Your Rating: