Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹം ധനു കഴിഞ്ഞ്

marriage

മണ്ഡലവ്രതം അവസാനിക്കുകയും ക്ഷേത്രങ്ങളിൽ മണ്ഡലപൂജ നടക്കുകയും ചെയ്യുന്ന ധനുമാസം പുണ്യമാസമാണെങ്കിലും വിവാഹത്തിനു പറ്റിയ മാസമല്ലെന്നു ജ്യോതിഷമതം. വർഷത്തിൽ നാലു മാസങ്ങളാണു വിവാഹത്തിനു പറ്റാത്തതായി ജ്യോതിഷത്തിലെ മുഹൂർത്തഗ്രന്ഥങ്ങൾ പറയുന്നത്. കന്നി, ധനു, കുംഭം, കർക്കടകം എന്നിവയാണവ. മീനമാസത്തിന്റെ രണ്ടാംപകുതിയിൽ വിവാഹം നടത്തരുതെന്നും നിർദേശമുണ്ട്. ധനുമാസം കഴിഞ്ഞുവരുന്ന മകരമാസം വിവാഹത്തിന് ഏറ്റവും ഉത്തമമായ മാസമാണ്. 

ആഴ്ചകളിൽ എല്ലാം വിവാഹത്തിനു നല്ലതാണ്. വിവാഹത്തിനു ചൊവ്വാഴ്ചയോ ശനിയാഴ്ചയോ പോലും ദോഷമല്ല. “കൊള്ളുന്നൂ ആഴ്ചയൊക്കവേ...” എന്നു ഭാഷാപ്രമാണവുമുണ്ട്. 

മണ്ഡലവ്രതത്തിലൂടെ വർഷം മുഴുവൻ പുണ്യം

ചിട്ടയോടെയുള്ള 41 ദിവസത്തെ മണ്ഡലവ്രതാനുഷ്ഠാനം തീരുന്ന ദിവസങ്ങളാണിത്. ഡിസംബർ 26നു തിങ്കളാഴ്ചയാണു ധനു 11. വൃശ്ചികമാസം മുഴുവനും ധനു 11 വരെയുമുള്ള 41 ദിവസമാണു മണ്ഡലവ്രതം അനുഷ്ഠിക്കുന്നത്. 

ശബരിമല തീർഥാടകർക്കു മാത്രമല്ല, എല്ലാവർക്കും അനുഷ്ഠിക്കാവുന്നതാണു മണ്ഡലവ്രതം. മത്സ്യമാംസാദികളും ലഹരിവസ്തുക്കളും ഉപേക്ഷിച്ച്, ശരീരശുദ്ധിയും മനശ്ശുദ്ധിയും പാലിച്ച്, ഈശ്വരനിൽ മനസ്സ് അർപ്പിച്ച്, നല്ല കാര്യങ്ങൾ മാത്രം വിചാരിച്ചു കഴിയുന്ന 41 ദിവസങ്ങളാണിത്. ഒരു മണ്ഡലകാലം മുഴുവൻ ചിട്ടയോടെ വ്രതമനുഷ്ഠിച്ചാൽ ഒരു വർഷത്തേക്കുള്ള പുണ്യം മുഴുവൻ കിട്ടുമെന്നാണു വിശ്വാസം. 

എന്തെങ്കിലുമൊരു ശീലം 41 ദിവസം തുടർച്ചയായി അനുഷ്ഠിച്ചാൽ ശരീരവും മനസ്സും അതുമായി പൊരുത്തപ്പെടുമെന്ന് ആധുനിക വൈദ്യശാസ്ത്രവും പറയുന്നു. 41 ദിവസത്തെ മണ്ഡലകാലത്തു ശരീരത്തെയും മനസ്സിനെയും സാത്വികഭാവത്തിൽ നിലനിർത്തി വർഷം മുഴുവൻ നല്ല വ്യക്തിയായി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുക എന്നതു തന്നെയാണു മണ്ഡലവ്രതത്തിന്റെ പൊരുൾ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.