Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അശക്തയല്ല സ്ത്രീ; ഇവളാണു പുരുഷന്റെ ശക്തി

Sitha Rama

കണ്ണുനീർത്തുള്ളിയെ സ്ത്രീയോട് ഉപമിച്ചതു കാവ്യഭാവന. എന്നും കരയാനും ദുഃഖം അനുഭവിച്ചുതീർക്കാനും മാത്രമുള്ളതാണു സ്ത്രീജന്മം എന്ന ധാരണ കാവ്യഭാവനയ്ക്കപ്പുറത്തും ചിലരിലെങ്കിലും ഇന്നുമുണ്ട്. സ്ത്രീ അബലയാണെന്നും അശക്തയാണെന്നും കരുതുന്നവർ ഇന്നുമുണ്ട്. അതുകൊണ്ടാണല്ലോ സ്ത്രീശാക്തീകരണത്തിനു പദ്ധതി തന്നെ വേണ്ടിവരുന്നത്.

എന്നാൽ സ്ത്രീ അശക്തയല്ല എന്നു മാത്രമല്ല, സ്ത്രീയാണു പുരുഷന്റെ ശക്തി എന്നു പോലും ഉറക്കെപ്പറയാൻ തയാറാകുന്നു, രാമായണത്തിലെ സീത. സ്ത്രീയില്ലാതെ പുരുഷന് എന്തിനു കഴിയും? സീത രാമനോടു ചോദിച്ചതാണത്. സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണാൻ കഴിയുകയാണു വേണ്ടതെന്നും സീത പറയുന്നു.അയോധ്യയിൽ രാമന്റെ അഭിഷേകം മുടങ്ങിയ അവസരം. അച്ഛന്റെ വാക്കു പാലിക്കാനായി കാട്ടിലേക്കു പോകാൻ ഒരുങ്ങിനിൽക്കുകയാണു രാമൻ. സീതയെ കൊട്ടാരത്തിൽ നിർത്തി ഒറ്റയ്ക്കു കാട്ടിൽ പോകാനായിരുന്നു രാമന്റെ പരിപാടി. സ്ത്രീയായതു കൊണ്ടു സീതയെ കൊണ്ടുപോകാനാകില്ലെന്നായിരുന്നു രാമന്റെ വാദം. എന്നാൽ ഇതു കേട്ട സീത പൊട്ടിത്തെറിക്കുകയാണ്:

‘‘ഉണ്ടോ പുരുഷൻ പ്രകൃതിയെ വേറിട്ടു? രണ്ടുമൊന്നത്രേ വിചാരിച്ചു കാൺകിലോ...’’ എന്ന്. സ്ത്രീയില്ലാതെ പുരുഷന് ഇവിടെ നിലനിൽപുണ്ടോ എന്നു ചോദിക്കുന്ന സീത സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമില്ല എന്നു വ്യക്തമാക്കുകയും ചെയ്യുന്നു.

വിവാഹം കഴിച്ചാൽ ഭാര്യയും ഭർത്താവും ഒരുമിച്ചു ജീവിക്കണം എന്ന തത്വവും സീത രാമനെ ഓർമിപ്പിക്കുന്നു: ‘‘പാണിഗ്രഹണമന്ത്രാർഥവുമോർക്കണം പ്രാണാവസാനകാലത്തും പിരിയുമോ?’’ വിവാഹച്ചടങ്ങിൽ ചൊല്ലുന്ന മന്ത്രത്തിന്റെ അർഥം ഓർക്കണം എന്നാണു സീത രാമനോടു പറയുന്നത്. സ്ത്രീയുടെ ശക്തി എന്തെന്നറിയാവുന്ന രാമായണത്തിലെ സീത അബലയല്ല, അശക്തയുമല്ല.അതുകൊണ്ടുതന്നെ, സ്ത്രീശാക്തീകരണത്തിനും സ്ത്രീസമത്വത്തിനും വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രസക്തമാണു സീതയുടെ വാക്കുകൾ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.