Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഹൂർത്തം ഏറെ പ്രധാനം

auspicious-time

‘‘സുഖദുഃഖകരം കർമ ശുഭാശുഭമുഹൂർത്ത‌ജം

ജന്മാന്തരേ /പി തത് കുര്യാത് ഫലം

തസ്യാന്വയേ /പി വാ’’

പ്രശ്നമാർഗം ഒന്നാം അധ്യായത്തിലെ പ്രസിദ്ധമായ ഈ ശ്ലോകം മുഹൂർത്തം നോക്കലിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. കേരള ജനതയുടെ, അല്ലെങ്കിൽ ഹിന്ദുക്കളുടെ ഇടയിൽ മുഹൂർത്തത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. ജ്യോതിഷത്തോടുള്ള വിശ്വാസവും അതിനെക്കാളുപരി തന്റെ ഭാവിയെക്കുറിച്ചും ഭാവി തലമുറയെക്കുറിച്ചും ഉള്ള അടങ്ങാത്ത അഭിനിവേശവുമായിരിക്കണം ഏതൊരു വ്യക്തിയെയും ശുഭകർമങ്ങൾക്കായി ഇറങ്ങിത്തിരിക്കുമ്പോൾ മുഹൂർത്തം നോക്കാൻ പ്രേരിപ്പിക്കുന്നത്.

മുഹൂർത്തം എന്നു പറഞ്ഞാൽ എന്താണ്? ‘‘മുഹൂർത്തശബ്ദസ്യ ശുഭകർമസ്യ യോഗ്യകാല ഇത്യർഥ:’’ മുഹൂർത്തമെന്നാൽ ശുഭകർമങ്ങൾ ചെയ്യാൻ അനുയോജ്യമായ കാലം അല്ലെങ്കിൽ സമയം ആണ്‌.

ശുഭസമയത്തോ അശുഭസമയത്തോ ചെയ്യുന്ന കർമം സുഖകരമോ അസുഖകരമോ ആകുന്നു എന്ന് ആചാര്യൻ പറഞ്ഞതിന്റെ പൊരുൾ ഇതാണ്: നല്ല സമയത്തു ചെയ്യുന്ന കർമം സുഖമുണ്ടാക്കുന്നു, ചീത്ത സമയത്തു ചെയ്യുന്ന കർമം ദുഃഖവുമുണ്ടാക്കുന്നു.

സത്കർമങ്ങൾ ചെയ്യാൻ നല്ല മുഹൂർത്തം അനിവാര്യമാണ്. അതായത് ഒരു കുട്ടി ജനിച്ചാൽ അതിന്റെ ഇരുപത്തിയെട്ടാം പിറന്നാൾ മുതൽ ജീവിതാന്ത്യം വരെയുള്ള യാത്രയിൽ നമ്മൾ എത്ര തവണ മുഹൂർത്തങ്ങൾ നോക്കുന്നുണ്ട്? മുഹൂർത്തം നോക്കാനായി ഒരു ജ്യോത്സ്യനെ സമീപിക്കുന്ന വ്യക്തിക്ക് ഒരുപക്ഷേ ഇതിന്റെ പ്രാധാന്യം മനസ്സിലായിട്ടില്ലായിരിക്കാം. എല്ലാവരും ചെയ്യുന്നു, താനും അതുപോലെ ചെയ്യുന്നു എന്നാണു പലരുടെയും നിലപാട്‌.

മുഹൂർത്തത്തിന്റെ പ്രാധാന്യം എന്താണെന്നു നോക്കാം. ‘തത് ജന്മാന്തരേ അപി തസ്യ അന്വയേ അപി ഫലം കുര്യാത്’ അതു ജന്മാന്തരത്തിലും അവന്റെ വംശത്തിലും ഫലം ചെയ്യുന്നു എന്നതിനാൽ ഇതിന്റെ പ്രാധാന്യം വ്യക്തമാണ്. സത്കർമം ശുഭമുഹൂർത്തത്തിൽ ചെയ്താൽ മാത്രമേ അതിന്റെ ഗുണാനുഭവം സിദ്ധിക്കൂ. രണ്ടു മണിക്കൂർ നേരത്തേക്കു മാത്രം ഉദിക്കുന്ന ഒരു രാശിയിൽ നാലു മിനിറ്റു മാത്രമാണു മുഹൂർത്തമായി കണക്കാക്കുന്നത്. മുഹൂർത്തം നാഡികാദ്വയം എന്ന് ആചാര്യമതം.

ജ്യോതിഷമെന്ന മഹാശാസ്ത്രം ഗണിതം, സംഹിത, ഹോര എന്നീ മൂന്നു സ്കന്ധങ്ങളോടും ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നീ ആറ് അംഗങ്ങളോടും കൂടിയതാണ്. ജനനസമയത്തെ ആധാരമാക്കിയുള്ള ഫലപ്രവചനത്തിനു ജാതകമെന്നും ഗ്രഹനക്ഷത്രാദികളെ വിശകലനം ചെയ്യുന്ന വിഭാഗത്തെ ഗോളമെന്നും തൽക്കാല ശകുനവിഷയാദികളെ ആസ്പദമാക്കി വിശകലനം ചെയ്യുന്നതിനെ നിമിത്തമെന്നും ഷഡാരൂഢാദികളാൽ ഫലനിരൂപണം ചെയ്യുന്നതിനെ പ്രശ്നമെന്നും ഷോഡശക്രിയകളെ നിർണയിക്കാനുള്ള ഉപാധിയെ മുഹൂർത്തമെന്നും സൂര്യാദി ഗ്രഹങ്ങളുടെ ഗതിവിഗതികൾ തിരിച്ചറിയാനുള്ള ഉപാധിയെ ഗണിതമെന്നും ഉള്ള ആറ് അംഗങ്ങളായി ആചാര്യൻ ഈ മഹാശാസ്ത്രത്തെ വേർതിരിച്ചിരിക്കുന്നു.

ഇതിൽ ഗോളവും ഗണിതവും ഗണിതസ്കന്ധത്തിലും നിമിത്തം ഹോരാസ്കന്ധത്തിലും സംഹിതാസ്കന്ധത്തിലും ജാതകം, പ്രശ്നം, മുഹൂർത്തം എന്നിവ ഹോരാസ്കന്ധത്തിലും ഉൾപ്പെടുന്നു. ജ്യോതിഷമാകുന്ന ഈ മഹാശാസ്ത്രത്തിനു മുഹൂർത്തമെന്ന അംഗമില്ലാതെ പൂർത്തീകരണമില്ല എന്നതിൽ നിന്നു തന്നെ മുഹൂർത്തത്തിന്റെ പ്രാധാന്യം വ്യക്തമാണ്.

ലേഖകന്റെ വിലാസം:

ഒ.കെ. പ്രമോദ് പണിക്കർ‌, പെരിങ്ങോട്

കൂറ്റനാട്‌, പാലക്കാട് ജില്ല

ഫോൺ: 9846309646 / 8547019646.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.