Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ലോകത്തു ഞാനല്ലാതെ വേറെ മിടുക്കനോ...?

parasuraman വര: ബേബി ഗോപാൽ

സീതാപരിണയം കഴിഞ്ഞ് രാമൻ അച്ഛൻ ദശരഥനോടും സംഘത്തോടുമൊപ്പം അയോധ്യയിലേക്കു തിരിച്ചുവരികയാണ്. മടക്കവഴിയിൽ സാക്ഷാൽ പരശുരാമൻ എതിരെ വരുന്നു. അദ്ദേഹം വളരെ ക്രുദ്ധനാണ്.

ജനകന്റെ കൊട്ടാരത്തിലെ ശൈവചാപം ഏതോ ഒരു രാമൻ മുറിച്ചെന്നും ജനകന്റെ മകളെ ആ രാമൻ വിവാഹം കഴിച്ചെന്നുമൊക്കെയുള്ള വർത്തമാനങ്ങൾ പരശുരാമൻ അറിഞ്ഞിട്ടുണ്ട്. ആ രാമനെയാണു തന്റെ മുന്നിൽ കിട്ടിയിരിക്കുന്നതെന്നും പരശുരാമനു മനസ്സിലായി.

ശ്രീരാമനെ കണ്ടപാടേ പരശുരാമൻ ക്രുദ്ധനായി ചോദിക്കുകയാണ്: ‘‘ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കൽ?’’ ഞാനല്ലാതെ ഈ ലോകത്തു വേറെ രാമനോ എന്ന്. തുടർന്നൊരു വെല്ലുവിളിയും: ‘‘നീയല്ലോ ബലാൽ ശൈവചാപം ഖണ്ഡിച്ചതെന്റെ കയ്യിലുണ്ടൊരു ചാപം വൈഷ്ണവം മഹാസാരം’’.

ശൈവചാപം നീ മുറിച്ചുവല്ലേ, എങ്കിൽ കഴിവുണ്ടെങ്കിൽ എന്റെ കയ്യിലുള്ള ഈ വൈഷ്ണവചാപം മുറിക്ക് എന്ന്.

പക്ഷേ, ഈശ്വരന്റെ ശക്തിക്കു മുന്നിൽ അഹങ്കാരത്തിന്റെ ശക്തിക്ക് എന്തു കഴിയും? സാക്ഷാൽ ശ്രീരാമൻ പരശുരാമന്റെ വൈഷ്ണവചാപം മുറിച്ചുകൊടുത്തു. ഇതു വെറും രാമനല്ല, ഭഗവാൻ തന്നെയെന്നു തിരിച്ചറിഞ്ഞ പരശുരാമൻ തന്റെ ശക്തി കൂടി ശ്രീരാമനു സമർപ്പിച്ച് വിനയാന്വിതനായി മടങ്ങി. അതോടെ യഥാർഥ പരശുരാമൻ ചിരഞ്ജീവിയായി, ഉത്തമ വ്യക്തിയായി മാറി.

പക്ഷേ, അഹങ്കാരത്തിനു കയ്യും കാലും മുളച്ച പരശുരാമന്മാർ ഇന്നുമുണ്ട്. ഞാനാരെന്ന് അവനറിയില്ല, എന്റെയടുത്താണ് അവന്റെ കളി, എന്നെയൊന്നു തൊട്ടുനോക്ക്, എന്റെയടുത്ത് അവനൊരു ചുക്കും കഴിയില്ല എന്നൊക്കെ വീരവാദം മുഴക്കുന്നവർ. അസൂയയും അസഹിഷ്ണുതയുമാണ് അവരെ ഭരിക്കുന്നത്. ഏതൊരു സൗമ്യനായ വ്യക്തിയുടെയും ഉള്ളിന്റെ ഉള്ളിൽ അഹങ്കാരത്തിന്റെ പരശുരാമന്മാർ ചില സമയങ്ങളിൽ തല പൊക്കിയെന്നുവരും. ഞാനല്ലാതെ വേറെ മിടുക്കനോ എന്നു ചിന്തിക്കുമ്പോൾ നാമോർക്കണം, നമ്മെക്കാൾ മിടുക്കന്മാർ വേറെയും ഉണ്ടെന്ന്. ഏതായാലും, ആത്മീയതയുടെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അഹങ്കാരത്തിന്റെ വീരവാദങ്ങൾക്കു കഴിയില്ലെന്നു രാമന്മാർ തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലിലൂടെ ആദികാവ്യം നമുക്കു പറഞ്ഞുതരികയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.