Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇല്ലംനിറ, വല്ലംനിറ...പൊന്നിൻചിങ്ങം എത്തി!

ഓഗസ്റ്റ് 17നു ചിങ്ങം ചിങ്ങം പിറക്കുന്നു, കള പറിച്ചെറിഞ്ഞ് പാടം ഒരുക്കുകയാണെങ്ങും. ഇനി പ്രതീക്ഷയുടെ നല്ല നാളുകൾ. കോട്ടയം കല്ലറയ്ക്കടുത്തുനിന്നുള്ള കാഴ്ച. ചിത്രം: റിജോ ജോസഫ്

കർക്കടകം പെയ്തൊഴിഞ്ഞ് പൊന്നിൻചിങ്ങം വരികയായി. ചിങ്ങമാസപ്പിറവി മലയാളിക്കു പുതുവർഷത്തിന്റെ വേള കൂടിയാണ്. ചിങ്ങമാസം ഒന്നിനു മലയാളികളുടെ സ്വന്തം വർഷമായ കൊല്ലവർഷം പിറക്കുകയാണല്ലോ. ചിങ്ങം ഒന്ന് കർഷകദിനമായി സർക്കാർ പ്രഖ്യാപിച്ചത് അടുത്ത കാലത്താണെങ്കിലും ചിങ്ങപ്പിറവിയുടെ നാളുകൾ പണ്ടും മലയാളിക്ക് കാർഷികാചാരങ്ങളുടെ ആഘോഷവേളകളായിരുന്നു. കർക്കടകമാസം രാമായണപാരായണവും ശീവോതി വയ്ക്കലുമായി കഴിയുമെങ്കിലും ചിങ്ങമാസം പിറക്കുന്നതോടെ വീടുകളിൽ ഇല്ലംനിറയും പുത്തരിയൂണും ആഗ്രയാണവും പോലുള്ള വിളവെടുപ്പിന്റെ ആചാരങ്ങളാണ്.  

    

വിഷു കൃഷിയിറക്കലിന്റെ ആഘോഷമാണെങ്കിൽ ഓണം ആ കൃഷിയുടെ വിളവെടുപ്പിന്റെ ഉത്സവമാണ്. അതുകൊണ്ടുതന്നെ, വിളവെടുപ്പുമായി ബന്ധപ്പെട്ട ചില ആചാരങ്ങളും ചിങ്ങമാസപ്പിറവിയോട് അടുത്ത ദിവസങ്ങളിൽ മലയാളി കുടുംബങ്ങളിൽ പണ്ടുണ്ടായിരുന്നു. കർക്കടകമാസത്തിന്റെ അവസാനവും ചിങ്ങമാസത്തിൽ ഓണത്തിന്റെ മുൻപുള്ള ദിവസങ്ങളിലുമായിട്ടാണ് ഈ ആചാരങ്ങൾ അനുഷ്ഠിച്ചിരുന്നത്. 

     

Astrology

ചിങ്ങപ്പിറവിക്കു മുന്നോടിയായുള്ള ആചാരങ്ങളിൽ പ്രധാനം ഇല്ലംനിറ തന്നെ. വിഷു കഴിഞ്ഞു വിതച്ച പാടത്തു നിന്നു വിളഞ്ഞ നെൽക്കതിരുകൾ വീട്ടിനകത്തേക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ കൊണ്ടുവരുന്ന ചടങ്ങാണ് ഇല്ലംനിറ. പുന്നെല്ലിൻകതിരുകൾ കൊണ്ട് ഇല്ലം അഥവാ വീട് നിറയ്ക്കൽ തന്നെ ഇല്ലംനിറ. പാടത്തുനിന്ന് ആദ്യത്തെ കതിർക്കറ്റകൾ വീട്ടിലേക്കു കൊണ്ടുവരുന്നതിനു മുന്നോടിയായി വീടും പരിസരവും അടിച്ചുതെളിച്ചു വൃത്തിയാക്കും. “ഇല്ലംനിറ വല്ലംനിറ പത്തായംനിറ... “ തുടങ്ങിയ വായ്ത്താരികളോടെയാണു പുന്നെല്ലിൻകതിരുകളെ വീട്ടിലേക്കു കൊണ്ടുവരിക. കത്തിച്ച നിലവിളക്കുമായി ഗൃഹനാഥ നെൽക്കതിരുകളെ വരവേൽക്കും. പൂമുഖത്ത് അരിമാവു കൊണ്ടു കോലമെഴുതി അതിൽ നാക്കിലയിൽ നെൽക്കതിർ വയ്ക്കും. ഈ കതിരിനെ പൂജിക്കുന്ന ചടങ്ങുമുണ്ട്. അതുകഴിഞ്ഞാൽ കതിരുകൾ കുറച്ചുവീതം എടുത്ത് വാതിൽപ്പടിയിൽ തൂക്കും. മച്ചിലും പടിപ്പുരയിലുമെല്ലാം നെൽക്കതിരു വയ്ക്കും. ഇതാണ് വീടുകളിൽ നടന്നിരുന്ന ഇല്ലംനിറയുടെ പ്രധാന ചടങ്ങുകൾ. 

      

ഇപ്പോൾ വീടുകളിൽ ഇല്ലംനിറ ചടങ്ങു നടത്തുന്നതു വളരെ കുറവാണ്. എങ്കിലും പ്രധാന ക്ഷേത്രങ്ങളിൽ ഇപ്പോഴും ഇല്ലംനിറ ചടങ്ങുകൾ ആചാരനിഷ്ഠയോടെ നടക്കുന്നുണ്ട്.ഇതുപോലെ ഒട്ടേറെ ആചാരങ്ങൾ കർക്കടകമാസത്തിന്റെ ഒടുവിലും ചിങ്ങമാസപ്പിറവിയിലുമായി പണ്ടു കേരളീയ കർഷകകുടുംബങ്ങളിൽ നടന്നിരുന്നു. ഈ ആചാരങ്ങളെല്ലാം മണ്ണിൽ പൊന്നു വിളയിച്ചിരുന്ന കർഷകന്റെ ജീവിതത്തുടിപ്പുകൾ തന്നെയായിരുന്നു.

Your Rating: