Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആടിയും പാടിയും പൂത്തിരുവാതിര: തിരുവാതിര നാളെ

thiruvathira നിലാവിന്റെ തീരത്ത്: തിരുവാതിരക്കളിക്കായി ഭാരതപ്പുഴയുടെ തീരത്ത് ഒരുക്കം നടത്തുന്ന വനിതകൾ.

ആടിയും പാടിയും പൂത്തിരുവാതിര നാളെ. മലയാളികളുടേതു മാത്രമെന്ന് അവകാശപ്പെടാവുന്ന ആഘോഷം. ഐതിഹ്യങ്ങളേറെയുണ്ട് തിരുവാതിരക്ക്. ശിവ–പാർവതി വിവാഹദിനമാണ് തിരുവാതിരയെന്നും ഐതിഹ്യമുണ്ട്. ശ്രീപാർവതിയുടെ ദാസിയായ യുവതിയുടെ വിവാഹദിനത്തിൽ തന്നെ ഭർത്താവ് മരിച്ചു. യുവതിയുടെ വിലാപം സഹിക്കവയ്യാതെ പാർവതിദേവി യുവതിയുടെ ഭർത്താവിനു ജീവൻ നൽകണമെന്ന് പരമശിവനോട് ആവശ്യപ്പെട്ട് കഠിന തപസിലേർപ്പെട്ടു. ശിവൻ യുവതിയുടെ ഭർത്താവിന് ജീവൻ തിരിച്ചു നൽകിയത് ഇൗ ദിവസമാണെന്നും ശ്രീപരമേശ്രന്റെ ജന്മദിനമാണെന്നും ഉൾപ്പടെ തിരുവാതിരയുടെ ഐതിഹ്യങ്ങളിൽപ്പെടുന്നു. 27 നാളുകളിൽ രണ്ട് നാളുകൾക്ക് മാത്രെ ‘തിരു’ എന്ന ബഹുമാന വിശേഷണമുള്ളൂ. വാമന മൂർത്തിയുടെ ജന്മദിനമായ തിരുവോണത്തിനും ശ്രീപരമേശ്വരന്റെ നാളായ തിരുവാതിരക്കും ഭർത്താവിന്റെ ദീർഘായുസിന് വേണ്ടിയാണ് ധനുമാസത്തിലെ തിരുവാതിര വ്രതം. കന്യകമാർ നല്ല ഭർത്താവിനെ കിട്ടുന്നതിനായും തിരുവാതിര വ്രതം നോക്കാറുണ്ട്.  തിരുവാതിര നാളിൽ പുലർച്ചെ ബ്രഹ്മ മുഹൂർത്തത്തിൽ സ്നാനം ചെയ്യണം. ഇതു ഭർത്താവിനു വേണ്ടിയാണ്. പുണർതത്തിന് പുലരും മുൻപെന്ന് പറയാറുണ്ട്. സഹോദരങ്ങളുടെ നന്മക്കായാണത്രെ ഇത്. ഇങ്ങനെ കുടുംബ ബന്ധങ്ങളെ ഉൗട്ടിയുറപ്പിക്കുന്ന മറ്റൊരാഘോഷമില്ലെന്ന് തന്നെ പറയാം. തിരുവാതിര നാളിൽ പുലർച്ചെ മൂന്ന് മണിക്ക് മുൻപ് അഷ്ടമംഗല്യവുമായി വീട്ടമ്മമാർ കുളിക്കാൻ പോകും. 

തിരുവാതിര പാടി വെള്ളത്തിൽ തുടിച്ചു കുളിക്കും. കുളി കഴിഞ്ഞ് കണ്ണെഴുതി ദശപുഷ്പം ചൂടി തിരുവാതിര പാട്ടും കുരവയുമായി വീട്ടിലെത്തിയാൽ പാർവതി– പരമേശ്വരൻമാരെ പൂജിക്കും. എരിക്ക്, കൊന്ന, ദശപുഷ്പങ്ങൾ എന്നിവ ഭഗവാന് ചാർത്തും. പ്രഭാത ഭക്ഷണത്തിന് ശേഷം പാട്ടുപാടിയുള്ള ഉൗഞ്ഞാലാട്ടമാണ്. സന്ധ്യയ്ക്ക് മുൻ‌പ് രാത്രി ഭക്ഷണം കഴിക്കണം. സന്ധ്യക്ക് ശേഷം അഷ്ടമംഗല്യത്തിൽ വാൽകണ്ണാടി വെച്ച് അതിനുചുറ്റുമുള്ള തിരുവാതിരക്കളി പാതിരാവരെ നീളും. പാതിരാ പൂചൂടൽ എന്നൊരു ചടങ്ങുണ്ട്. അടക്കാമണിയൻ, കൊടുവേലി എന്നീ പൂക്കളാണ് അതിന് ഉപയോഗിക്കുന്നത്. പൂവ് നേരത്തെ പടിക്കൽ കൊണ്ടു വന്ന് വെയ്ക്കും. അഷ്ടമംഗല്യവും നിലവിളക്കുമായി പടിക്കൽ നിന്ന് പൂവ് കൊണ്ടുവരും. ശ്രീ പാർവതിയെ പ്രാർഥിച്ച് പ്രദക്ഷിണം വെച്ചശേഷമാണ് പൂചൂടുന്നത്. ചന്ദ്രനെ നോക്കി നമസ്കരിച്ച ശേഷം വെറ്റില മുറുക്കണമെന്നാണ് ചടങ്ങ്. 108 വെറ്റില നിവേദിച്ച് തിരുവാതിര നാൾ തീരും മുൻപായി മുറുക്കണമെന്നാണ് വിശ്വാസം. പുണർതം നാളിൽ പുലരും മുൻപ് കുളിച്ച് പുതുവസ്ത്രം ധരിച്ച് ക്ഷേത്ര ദർശനം നടത്തുന്നതോടെയാണ് വ്രതം അവസാനിക്കുന്നത്. ഒരു പെൺകുട്ടി വിവാഹശേഷം ആദ്യം വരുന്ന ധനുമാസത്തിലെ തിരുവാതിരയെ ‘പൂത്തിരുവാതിര’ എന്നാണ് പറയുക. പൂത്തിരുവാതിര ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് ഗംഭീരമാക്കും. തിരുവാതിര വ്രതമനുഷ്ഠിച്ച് ശിവ–പാർവതിമാരെ പ്രാർഥിച്ചാൽ കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിറഞ്ഞു നിൽക്കുമെന്നാണ് വിശ്വാസം. അനൈക്യം വർധിക്കുകയും കുടുംബ ഭദ്രത ചോർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഇൗ കാലഘട്ടത്തിൽ തിരുവാതിരപോലുള്ള ആഘോഷങ്ങൾക്ക് പ്രസക്തിയേറെയാണ്. 

ലേഖനം തയ്യാറാക്കിയത്

സി. മാധവിക്കുട്ടി

(റിട്ട.മലയാളം അധ്യാപിക, ശ്രീകൃഷ്ണപുരം പ‍ഞ്ചായത്തംഗം) 

തിരുവാതിര സദ്യ

വ്രതാനുഷ്ഠാനങ്ങൾക്കും ഭക്തിക്കുമൊപ്പം തിരുവാതിര ഒരു ആഘോഷം കൂടിയാണ്. തിരുവാതിരയ്ക്ക് ബന്ധുക്കളും സുഹൃത്തുക്കളും പരസ്പരം വീടുകളിൽ ചെന്ന് സൗഹൃദം പങ്ക് വെയ്ക്കുന്നു. തിരവാതിരയ്ക്കും സദ്യയൊരുക്കണം. എന്നാൽ മറ്റ് ആഘോഷങ്ങളെ പോലെയല്ലെന്ന് മാത്രം. വ്രതം അനുഷ്ഠിക്കേണ്ടതിനാൽ അതിന് ഭംഗം വരാത്ത രീതിയിലായിരിക്കും സദ്യവട്ടങ്ങളൊരുക്കുന്നത്. മകയിരം നാളിൽ സന്ധ്യാ സ്നാനത്തിന് ശേഷം അടുപ്പു കൂട്ടി എട്ടങ്ങാടിയുണ്ടാക്കുകയെന്നൊരു പതിവുണ്ട്. അതിൽ കടല, ചെറുപയർ, തുവര, മുതിര, ഗോതമ്പ്, ചോളം, ഉഴുന്ന്, മമ്പയറ്, എന്നീ ധാന്യങ്ങളും ചേമ്പ്, ചേന, കാവത്ത്, കായ, കൂർക്ക, നന കിഴങ്ങ്, മധുരക്കിഴങ്ങ് എന്നി കിഴങ്ങുകളും അടങ്ങിയിരിക്കുന്നു. 

ധാന്യങ്ങൾ വേവിച്ചെടുത്തും കിഴങ്ങുകൾ ചുട്ടെടുത്തുമാണ് ഉപയോഗിക്കേണ്ടത്. ശർക്കരപ്പാവ് കാച്ചി അതിൽ കൊട്ടതേങ്ങ, കരിമ്പ്, ചെറുനാരങ്ങ എന്നിവ ചെറുതായി അരിഞ്ഞിട്ട് എള്ള്, തേൻ, നെയ്യ് എന്നിവ ചേർത്ത് വേവിച്ച ധാന്യങ്ങളും, ചുട്ടെടുത്ത കിഴങ്ങുകളും യോജിപ്പിച്ചെടുക്കുന്നതാണ് ഇൗ വിഭവം. നിവേദിച്ച ശേഷമെ ഇൗ വിഭവം കഴിക്കാവൂ. തിരുവാതിര നാളിൽ ഇളനീർ, ചെറുപഴം, കൂവ പായസം എന്നിവയാണ് പ്രഭാത ഭക്ഷണം. ഉച്ചയ്ക്ക് നിലവിളക്ക് വെച്ച് നാക്കിലയിട്ട് ഭക്ഷണം കഴിക്കണം. വ്രതമായതിനാൽ അരിഭക്ഷണം പാടില്ല. ചാമ, ഗോതമ്പ്, വരിനെല്ലരി ഇവ ഉപയോഗിക്കാം. മുതിര, കായ, ചേമ്പ്, ചേന തുടങ്ങിയവ കൊണ്ടുള്ള പുഴുക്കും പ്രധാന വിഭവമാണ്. പരമശിവന്റെ പിറന്നാളായതിനാൽ പപ്പടവും വറുത്ത ഉപ്പേരിയും ഉപയോഗിക്കാം. ഏഴു ദിവസവും ഏതെങ്കിലും കിഴങ്ങ് വർഗം കൊണ്ടുള്ള വിഭവമുണ്ടാക്കണം. തിരുവാതിരനാൾ ഒഴിച്ച് മറ്റ് ദിവസങ്ങളിൽ ഒരു നേരം അരി ഭക്ഷണം ഉപയോഗിക്കാം. 

ലേഖനം തയ്യാറാക്കിയത്

കെ.വി. രമ 

(അധ്യാപിക, ജിഎച്ച്എസ്.വടശ്ശേരിപ്പുറം)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.