Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രഹബലമില്ലെങ്കിൽ മനുഷ്യനും മരം പോലെ

Graham

ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെക്കുറിച്ച് അറിയുന്നതിനും അവയെ മറികടക്കുന്നതിനും ഒരേ ശാസ്ത്രമായ ജ്യോതിഷത്തിൽ നിരവധി ഗ്രന്ഥങ്ങളും അതിൽ അനവധി തത്വങ്ങളും അടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ജ്യോതിഷത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒരു സുപ്രധാന താത്വിക ഗ്രന്ഥമാണ് ‘വരാഹമിഹിരൻ’ രചിച്ച ഹോരാശാസ്ത്രം വളരെ അർഥവ്യാപ്തിയുള്ള ഈ പുസ്തകത്തിലെ സംസ്കൃതശ്ലോകങ്ങൾക്ക് പല മഹാപണ്ഡിതന്മാരും പലതരത്തിൽ അർഥം പറഞ്ഞിട്ടുണ്ട്. സവിശേഷമായ അർഥമുള്ള ഹോരാശാസ്ത്രത്തിലെ ഒരു ശ്ലോകം നോക്കാം.

‘‘ഹോരേന്ദുസുരീരവിഭിർവ്വിബലൈസ്തരൂണാം തോയേ സ്ഥലേ തരുഭവോംശകൃതഃപ്രഭേദഃ ലഗ്നാദ്ഗ്രഹസ്ഥലജലർക്ഷപതിസ്തു യാവാം- സ്താവന്ത ഏവ തരവഃ സ്ഥലതോയജാതാഃ (3-6)

ഈ ശ്ലോകത്തിലെ ആദ്യപാദത്തിന് വളരെയേറെ അർഥവ്യാപ്തിയുണ്ട്. ജാതകത്തിൽ, ലഗ്നത്തിനും ചന്ദ്രനും വ്യാഴത്തിനും സൂര്യനും ബലമില്ലാ എങ്കിൽ വൃക്ഷങ്ങളുടെ ജനനത്തെ പറയണമെന്നാണ് സാമാന്യമായ അർഥം. എന്നുവച്ചാൽ അങ്ങനെ യോഗമുള്ള വ്യക്തി വൃക്ഷത്തെ പോലെ ആത്മപ്രഭാവം ഇല്ലാത്തവനും മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കേണ്ട ഗതിവരുമെന്നും സൂചിപ്പിക്കുന്നു. എന്നാൽ ഇതിൽ വേറെയും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ജന്തുക്കളുടെയും വിശേഷിച്ച് മനുഷ്യരുടേയും ശരീരത്തിൽ മൂന്ന് തരം ശക്തികൾ സ്ഥിതി ചെയ്യുന്നുണ്ട്, അവ കൽപന, ജ്ഞാനം, ക്രിയ ഈ മൂന്ന് ശക്തികളെയും താങ്ങി നിർത്തുന്ന ആത്മശക്തി എന്ന ഒന്നുമുണ്ട്. ആത്മശക്തി മറ്റ് മൂന്ന് ശക്തികളെയും ഭരണം ചെയ്ത് നിൽക്കുന്നു. ഇങ്ങനെ വരുമ്പോൾ ആത്മ ശക്തിക്ക് ഒന്നാം സ്ഥാനവും കൽപനാശക്തിക്ക് രണ്ടാംസ്ഥാനവും ജ്ഞാനശക്തിക്ക് മൂന്നാം സ്ഥാനവും ക്രിയാശക്തിക്ക് നാലാം സ്ഥാനവും കൊടുക്കാം.

ജാതകത്തിൽ പ്രധാനമായി ചിന്തിക്കേണ്ട കാര്യങ്ങളാണ് ആത്മശക്തി, കൽപനാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി. മനുഷ്യന് ഏറ്റവും പ്രധാനമായി വേണ്ട ആത്മശക്തിയെ സ്വശക്തിയെന്നും പറയാം. ഈ ശക്തി മനുഷ്യന്റെ ആത്മപ്രഭാവത്തെ അല്ലെങ്കിൽ വ്യക്തിപ്രഭാവത്തെ ഉണ്ടാക്കുന്നു. കാര്യങ്ങൾ കൃത്യമായി നിശ്ചയിക്കുന്നതിനുള്ള ശക്തിയാണ് കൽപനാശക്തി അല്ലെങ്കിൽ മനശക്തി. ഇത് മനസിന്റെ ഉറപ്പിനെ ഉണ്ടാക്കുന്നു. ജ്ഞാനശക്തി അറിവുകൊണ്ടുള്ളതാണ്. ഈ ശക്തി ഓരോ കാര്യങ്ങൾ വേണ്ടപോലെ പ്രവർത്തിക്കുന്നതിന് വേണ്ട വഴി കണ്ട് പിടിക്കുകയാണ് ചെയ്യുന്നത്. ക്രിയാശക്തി അഥവാ കർമ്മശക്തിയാകട്ടെ കാര്യങ്ങൾ പ്രവൃത്തിപ്പിക്കുന്നു. ഈ നാല് ശക്തികളിലും വച്ച് അധികം ബലം ആത്മശക്തിക്ക് ഉണ്ടായിരിക്കണം (ലഗ്നം). അതിനേക്കാൾ അൽപം ബലം കുറവായിരിക്കണം കൽപനാശക്തിക്ക് (ചന്ദ്രൻ). അതിനേക്കാൾ ബലം കുറവായിരിക്കണം ജ്ഞാനശക്തിക്ക്(വ്യാഴം). ജ്ഞാനശക്തിയേക്കാൾ ബലം കുറവായിരിക്കണം ക്രിയാശക്തിക്ക് (സൂര്യൻ) ഇങ്ങനെ ക്രമത്തിൽ ശക്തികളെ നിർണയിക്കുന്നതിനുള്ള ഗ്രഹങ്ങളുടെ ബലം വരുമ്പോൾ ഏത് കാര്യവും ഒരു വ്യക്തിക്ക് അനായാസം സാധിപ്പിച്ചെടുക്കാം. ഒരാളുടെ ജാതകത്തിൽ ഏറ്റവും പ്രധാനമായി ചിന്തിക്കേണ്ട കാര്യങ്ങളാണിത്. ലഗ്നം കൊണ്ട് ആത്മശക്തിയെയും ചന്ദ്രനെകൊണ്ട് കൽപനാശക്തിയെയും വ്യാഴത്തെക്കൊണ്ട് ജ്ഞാനശക്തിയെയും സൂര്യനെക്കൊണ്ട് ക്രിയാശക്തിയെയും ചിന്തിക്കുമ്പോൾ, ശാസ്ത്രനിയമപ്രകാരം ലഗ്നത്തിന്റെയും ചന്ദ്രന്റെയും വ്യാഴത്തിന്റെയും സൂര്യന്റെയും ബലാബലം നിർണയിച്ച് ഓരോ ശക്തിയേയും കുറിച്ച് കൃത്യമായി അറിയണം. മേൽപ്പറഞ്ഞ ഗ്രഹങ്ങളുടെ ബലവും ശക്തികളും മുൻപറഞ്ഞ ക്രമത്തിൽ നിന്ന് വിപരീതമായാൽ ഒരു കാര്യം വേണ്ടപോലെ നടത്താൻ പ്രയാസമായിരിക്കുമെന്നും കരുതാം.

ആത്മശക്തി

ക്ഷമ(സ്ഥിരത) എല്ലാവർക്കും ഏത് കാര്യത്തിനും അത്യാവശ്യമാണല്ലോ ഇതിനെ ഉദ്ദേശിച്ചും സ്വശക്തിയെ ഉദ്ദേശിച്ചുമാണ് ലഗ്നത്തിന് സൂര്യ-ചന്ദ്ര-വ്യാഴന്മാരെ അപേക്ഷിച്ച് കൂടുതൽ ബലം വേണമെന്ന് പറഞ്ഞിരിക്കുന്നത്.. സ്ഥിരതയും സ്വശക്തിയുമില്ലാത്തവർക്ക് ഒരു കാര്യം സാധിപ്പിച്ചെടുക്കാൻ വിഷമമാണ്. മറ്റ് ഭാവങ്ങളിൽ നിന്നും ഭാവാധിപന്മാരിൽ നിന്നും വന്നുചേരുന്ന ഫലങ്ങൾ ജാതകത്തിലെ പ്രധാന ഭാവമായ ലഗ്നത്തേയും ലഗ്നാധിപനേയും ആശ്രയിച്ച് നിലനിൽക്കുന്നു. തന്നിമിത്തം ലഗ്നത്തിനും ലഗ്നാധിപനും ബലമുണ്ടെങ്കിൽ ആത്മശക്തി ഉണ്ടാകുമെന്നും, ലഗ്നത്തിന് ബലമില്ലാതെ ലഗ്നാധിപൻ ബലഹീനനായി അനിഷ്ടഭാവത്തിൽ നിന്നാൽ ഒരു ഫലവും വേണ്ടപോലെ അനുഭവത്തിൽ വരികയുമില്ല എന്നും പറയാവുന്നതാണ്

കൽപനാശക്തി

സ്വശക്തിയും സ്ഥിരതയും കഴിഞ്ഞാൽ പിന്നീട് വേണ്ടത് കൽപനാശക്തിയാണ്. ഇത് മനസിന്റെ ഒരു സ്ഥിരനിശ്ചയമാകുന്നു. മനസിന് എത്രവേഗമുണ്ടെന്നും ഏതെല്ലാം തരത്തിൽ ചലിക്കുമെന്നുള്ള കാര്യങ്ങളെല്ലാം നിശ്ചയിക്കാൻ പ്രയാസമുള്ളതാണ്. മനസ് സ്വശക്തിയുടെ (തന്റെ) കീഴിൽ നിൽക്കണം. എന്ന് വച്ചാൽ ലഗ്നത്തിനെ അപേക്ഷിച്ച് ചന്ദ്രന് ബലം കുറഞ്ഞിരിക്കണം. എന്നാൽ യോഗ്യതയും പൂജ്യതയുമുണ്ടാകും.

ജ്ഞാനശക്തി

സ്വശക്തി, മനശക്തി മുതലായവ കഴിഞ്ഞാൽ പിന്നീട് ജ്ഞാനം (അറിവ്) ആണ് വേണ്ടത്. ഇത് വ്യാഴത്തിനിൽ നിന്നാണ് വന്നുചേരുന്നത്. ജ്ഞാനശക്തിയിൽ നിന്ന് കവിഞ്ഞ് പോകരുത്. മനശക്തിയിൽ നിന്ന് കവിഞ്ഞുള്ള ജ്ഞാനം നിശ്ചയത്തെ ഇല്ലാതാക്കും. അതുകൊണ്ട് നിശ്ചയവും ജ്ഞാനവും തമ്മിൽ യോജിച്ച് ഫലപ്പെടുന്നതിനാണ് ചന്ദ്രനെക്കാൾ വ്യാഴത്തിന് അൽപം ബലം താന്നിരിക്കണമെന്ന് പറഞ്ഞിട്ടുള്ളത്. അതിർത്തി കവിഞ്ഞുള്ള അറിവും നല്ലതല്ലല്ലോ.

ക്രിയാശക്തി

കർമശക്തി, ബുദ്ധികൊണ്ടും ജ്ഞാനേന്ദ്രിയം കൊണ്ടും കർമ്മേന്ദ്രിയം കൊണ്ടും സാധിക്കുന്നതാണ് ഈ ശക്തി ജ്ഞാനത്തിൽ നിന്ന് ഒരംശം കുറവായിരിക്കും. അറിവിൽ നിന്ന് കവിഞ്ഞുള്ള പ്രവൃത്തിയായാൽ വിഫലമായോ വിപരീതമായോ വരും. വ്യാഴത്തിന്റെ ബലത്തെ അപേക്ഷിച്ച് സൂര്യന് ബലം കുറവായിരുന്നാൽ ജ്ഞാനശക്തിയെ അപേക്ഷിച്ച് കർമ്മശക്തിക്ക് ബലം കുറവായിരിക്കുമെന്ന് കരുതാം. ജീവിതത്തിൽ സകല സുഖദുഃഖങ്ങളും കർമ്മത്തെ അപേക്ഷിച്ചാണല്ലോ നിലനിൽക്കുന്നത്. തൻനിമിത്തം ഈ വിഷയം ഫലഭാഗത്തിൽ പ്രധാനമാകുന്നു.

മേൽപ്പറഞ്ഞ ശക്തികളെ എല്ലാം ക്രമത്തിൽ ചേർത്ത് കൊണ്ടുള്ള ഒരു ഉദാഹരണം നോക്കാം. ഒരാൾ കൈലാസത്തിലേക്ക് പോകണമെന്ന് വിചാരിക്കുന്നു. ഇത് തീരുമാനിക്കുന്നത് കൽപനാശക്തിയാകുന്നു. നിശ്ചയിക്കുന്നതിന്റെ ശക്തിപോലെയാണ് പോകുവാൻ സാധിക്കുന്നത്. കൽപനാശക്തിക്ക് നിശ്ചയിക്കുകയല്ലാതെ വേറെ തൊഴിലില്ല. ഇത് പ്രകാരം കൈലാസത്തിൽ ചെന്ന് ചേരുന്നതിനുള്ള മാർഗ്ഗങ്ങളെ ആലോചിച്ച് കണ്ട് പിടിക്കുന്നത് ജ്ഞാന ശക്തിയുടെ തൊഴിലാകുന്നു. ജ്ഞാനശക്തി കൽപനാശക്തി നിശ്ചയിക്കുന്ന കാര്യങ്ങളുടെ സാധ്യത്തിനുവേണ്ട മാർഗങ്ങളെ കണ്ടുപിടിക്കുക മാത്രമാണ് ചെയ്യുന്നത്. മേൽപ്പറഞ്ഞ പ്രകാരം കൽപനാശക്തി നിശ്ചയിക്കുകയും ജ്ഞാനശക്തി വഴി കണ്ടുപിടിക്കുകയും ചെയ്ത് ക്രിയാശക്തിക്ക് വിട്ട് കൊടുക്കുന്നു. പിന്നീട് ക്രിയാശക്തിയുടെ സാമർഥ്യം പോലെ ഉദ്ദിഷ്ടസ്ഥലത്ത് എത്തിച്ചേരുന്നു. ഇതുപോലെ കൽപനാശക്തി നിശ്ചയിക്കുകയും ജ്ഞാന ശക്തി വഴികണ്ടുപിടിക്കുകയും ക്രിയാശക്തി പ്രവൃത്തിക്കുകയും ചെയ്താൽ മാത്രമേ ആർക്ക് ഏതു കാര്യവും സാധിപ്പിച്ചെടുക്കുവാൻ കഴിയുകയുള്ളൂ. മേൽപ്പറഞ്ഞ മൂന്ന് ശക്തികളും ശരീരത്തിലായതു കൊണ്ട് മൂന്നിനെയും താങ്ങാനുള്ള ശക്തി ശരീരത്തിനുവേണം. അതായത് ലഗ്നത്തിനും ലഗ്നാധിപനും. ഒരു വ്യക്തിയുടെ സകലഗുണദോഷങ്ങളെയും കുറിച്ച് ജാതകത്തിലൂടെ അറിയുവാൻ സാധിക്കുമെന്ന് പറയുന്നത്. ഈ ന്യായങ്ങളെയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ്.

ഒരു ജാതകത്തിൽ ലഗ്നാധിപൻ, ചന്ദ്രൻ, വ്യാഴം, സൂര്യൻ എന്നീ ഗ്രഹങ്ങളിൽ വച്ച് ചന്ദ്രൻ ഏറ്റവും ബലവാനായി അനുകൂല ഭാവത്തിൽ വന്നാൽ അയാൾക്ക് കൽപനാശക്തി അധികം ഉണ്ടെന്നും വ്യാഴം കൂടുതൽ ബലവാനായി ഇഷ്ടഭാവത്തിൽ വന്നാൽ ജ്ഞാനശക്തിയാണ് അധികമെന്നും, സൂര്യൻ അധികം ബലവാനായി ഇഷ്ടഭാവത്തിൽവന്നാൽ ക്രിയാശക്തിയാണ് ഏറ്റവും കൂടുതലെന്നും, ലഗ്നത്തിനും ലഗ്നാധിപനും ബലമുണ്ടായി ലഗ്നാധിപൻ അനുകൂല ഭാവത്തിൽ ആയാൽ ആത്മശക്തിയാണ് കൂടുതലെന്നും ഒറ്റനോട്ടത്തിൽ പറയാം.

ഈ വിഷയങ്ങളെല്ലാം ചേർത്താണ് വരാഹമിഹിരാചാര്യൻ ഗൂഢാർഥമായിട്ട് പറഞ്ഞിട്ടുള്ളത് ഹോരേന്ദുസൂരി രവിഭിർവിബലൈസ്തരൂണാം..... എന്ന്

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.