Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രദോഷദിനത്തിലെ സന്ധ്യയ്ക്ക് നടരാജന് അഭിഷേകം...

ജ്യോതിഷം

വാടിത്തളർന്ന കൂവളമാലകൾ മാറ്റി ശിവലിംഗത്തിൽ ധാര തുടങ്ങുമ്പോൾ കണ്ണടച്ചു നിൽക്കരുത്. നിർമാല്യം കണ്ടുതന്നെ തൊഴണം. പ്രത്യേകിച്ചു പ്രദോഷ ദിനത്തിലെ പൂജകൾ. ജലധാരയും പാലഭിഷേകവും നെയ്യഭിഷേകവും ഒടുവിൽ ജലാഭിഷേകവും ഭസ്മാഭിഷേകവും കൂവള ഇലകൊണ്ട് ആരാധനയും കഴിഞ്ഞ ശേഷം ഗോളക (അങ്കി) വച്ച രൂപം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുമ്പോൾ മുന്നിൽ മഹാദേവൻ നൃത്തം വയ്ക്കുന്നതു പോലെ തോന്നും.

ദേവതാപ്രീതിക്കായി ഭക്തർ വ്രതങ്ങൾ എടുക്കാറുണ്ട്. മഹാവിഷ്ണുവിന് ഏകാദശിയും ദേവിക്ക് പൗർണമി വ്രതവും പോലെ ശൈവ ഭക്തർക്കുള്ളതാണ് പ്രദോഷ വ്രതം. ഇതിനുപിന്നിൽ അതിമനോഹരമായ ഒരു കഥയുണ്ട്. സന്ധ്യയ്ക്ക് മഹാദേവന്റെ നൃത്തം കാണാൻ സാക്ഷാൽ ശ്രീപാർവതി മണ്ഡപത്തിൽ ഉണ്ടാകും എന്നാണ് വിശ്വാസം. ദേവിയെ സന്തോഷിപ്പിക്കാനുള്ള നൃത്തമായും ഇതിനെ പലരും പറയാറുണ്ട്. നടരാജനായ മഹാദേവന്റെ നൃത്തം കാണാൻ ദേവിയെ കൂടാതെ ഈ സമയത്തു ദേവന്മാരും മഹർഷിമാരും കാത്തിരിക്കുമത്രേ. അതുകൊണ്ടാണ് പ്രദോഷസന്ധ്യയ്ക്ക് ഇത്ര പ്രാധാന്യമുള്ളത്. അസ്തമയത്തിനു മൂന്നേമുക്കാൽ നാഴിക മുമ്പു മുതൽ അസ്തമിച്ചു മൂന്നേമുക്കാൽ നാഴിക വരെയുള്ള ഒരു യാമമാണ് പ്രദോഷം. ആ സമയത്താണ് ക്ഷേത്രങ്ങളിൽ പ്രദോഷ പൂജകൾ നടക്കാറുള്ളതും. 

ത്രയോദശി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ ദിനം. പ്രദോഷ വ്രതം എടുക്കുന്നവർ അതിരാവിലെ എഴുന്നേറ്റു ദേഹശുദ്ധി വരുത്തി വെളുത്ത വസ്ത്രവും ഭസ്മവും ധരിച്ചു ശിവക്ഷേത്രദർശനം നടത്തണം. ശിവപഞ്ചാക്ഷരിയും ശിവസഹസ്രനാമവും ഗായത്രി മന്ത്രവും ജപിക്കാം. ഈ ദിവസം ഗായത്രിമന്ത്രം പത്തു തവണ ജപിച്ചാൽ പോലും അതിനു 108 തവണ ജപിക്കുന്നതിന്റെ ഫലമുണ്ടെന്ന് പറയപ്പെടുന്നു. പ്രദോഷ ദിനത്തിൽ ഉപവാസമാണ് പറയുന്നത്. പച്ചവെള്ളം പോലും കുടിക്കാതെ സന്ധ്യ വരെ ശിവഭജനവുമായി കഴിയുക. പ്രദോഷ സന്ധ്യയ്ക്ക് അഭിഷേകം ഉൾപ്പെടെയുള്ള പൂജകൾ കണ്ടു തൊഴുതശേഷം അഭിഷേകം ചെയ്ത പാല് കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. തുടർന്ന്, ദേവനു നേദിച്ച ചോറ് ഏറ്റവും സാത്വികമായ ഉപദംശങ്ങൾ കൂട്ടി കഴിക്കാം. ഇതോടെ പ്രദോഷ വ്രതം അവസാനിപ്പിക്കാം. 

ഇന്ന് മിഥുനം അവസാന പ്രദോഷ ദിനമാണ്, കൃഷ്ണപക്ഷത്തിലെ ശനിയാഴ്ചയും. ശനിയാഴ്ചകളിലും തിങ്കളാഴ്ചകളിലും പ്രദോഷ വ്രതം എടുക്കുന്നത് ഏറ്റവും ശിവപ്രീതികരമാണെന്ന് കരുതപ്പെടുന്നു. ദാരിദ്യ്ര ദുഃഖശമനം, കീര്‍ത്തി, ശത്രുനാശം, സന്താനലബ്ധി, രോഗശാന്തി, ആയുസ്സ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദോഷ വ്രതത്തിന്റെ ഫലങ്ങളായി എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട്. വ്രതങ്ങളുടെ പ്രസക്തി ശാരീരികം എന്നതിനേക്കാൾ മാനസികമാണ്. സന്ധ്യയുടെ മനോഹാരിതയ്‌ക്കൊപ്പം വിശപ്പു പോലും അറിയാതെ നൊയമ്പിന്റെ തീക്ഷ്ണതയിൽ അഭിഷേകം കാണുമ്പോൾ സാക്ഷാൽ ശ്രീപാർവതി ഓരോ ഭക്തന്റെയും കണ്ണുകളിൽ തുടിക്കുന്നുണ്ട്. മഹാദേവന്റെ നൃത്തം കാണുവാനുള്ള മോഹം അതറിയുന്നവരിലും ഉണ്ടാകുമെന്നു സാരം. പൂജയ്ക്കു ശേഷം ദീപാരാധനയും കഴിഞ്ഞു നട തുറക്കുമ്പോൾ സർവാഭരണ വിഭൂഷിതനായി നിൽക്കുന്ന മഹാദേവന്റെ രൂപം നൽകുന്ന ശാന്തി വിവരണാതീതമാണ്. വ്രതാവസാനത്തിൽ കണ്ണടച്ചു നിൽക്കേണ്ട സമയവും അതാണ്. അപാരമായ ആ സൗന്ദര്യ സങ്കൽപ്പത്തെ ആത്മാവിലേക്ക് ആവാഹിക്കാനുള്ള സമയം. ദിനം മുഴുവൻ നീണ്ട ഉപവാസത്തിന്റെ ക്ഷീണം പോലും മറന്ന് ആ ആനന്ദത്തിൽ മതിമറന്നു നിൽക്കുക, അതാണ് വ്രതത്തിന്റെ ഏറ്റവും വലിയ നേട്ടവും.

Your Rating: