Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരിഞ്ഞുകളയണം ശൂർപ്പണഖമാരെ

ramasudha-shoorpanakha

ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെന്നും പഠിപ്പുള്ളവരുടെ സമൂഹമാണെന്നും പരിഷ്കൃതലോകമാണെന്നുമൊക്കെ വിചാരിച്ചു വഴിനടക്കാനിറങ്ങുന്ന മാന്യന്മാരും കരുതിയിരിക്കണം. തക്കംപാർത്തിരിക്കുന്ന ചിലരുണ്ട്. അവർ നല്ല വേഷം ധരിച്ചു ചുണ്ടിലൊരു ചിരിയുമായി വന്ന്, ഒളിഞ്ഞും തെളിഞ്ഞും പ്രലോഭിപ്പിച്ച്, മാന്യന്മാരെയും തന്റെ വഴിക്കാക്കിയെന്നിരിക്കും.
പക്ഷേ, ഇങ്ങനെ വരുന്നവരെ എന്തുചെയ്യണമെന്നു യുഗങ്ങൾക്കു മുൻപേ രാമായണം നമ്മോടു പറയുന്നുണ്ട്.

വനവാസത്തിനിടെ രാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം പഞ്ചവടിയിൽ കഴിഞ്ഞിരുന്ന കാലം. ഗൗതമീനദിയുടെ തീരത്തെത്തിയപ്പോൾ പെട്ടെന്നൊരു സുന്ദരി മുന്നിൽ. രാവണന്റെ സഹോദരി ശൂർപ്പണഖയാണു കക്ഷി. ‘‘കാമരൂപിണി കണ്ടാൾ കാമിനി വിമോഹിനി’’ എന്നാണു പൈങ്കിളി വിവരിക്കുന്നത്. തപോധനന്മാരുടെ വേഷത്തിലാണെങ്കിലും സുന്ദരന്മാരായ രാമലക്ഷ്മണന്മാരെ കണ്ടപ്പോൾ സുന്ദരിക്കു കാമാവേശം.

‘‘എന്നോടു കൂടെപ്പോന്നു രമിച്ചുകൊള്ളേണം നീ...’’ എന്നായി രാമനോടുള്ള അഭ്യർഥന. എല്ലാമറിയുന്ന തികച്ചും മാന്യനായ രാമൻ പറഞ്ഞു: ‘‘എനിക്കു ഭാര്യയുണ്ട്, നിന്റെ ആവശ്യമില്ല. ലക്ഷ്മണനോടു പറഞ്ഞുനോക്ക്’’ എന്ന്. ലക്ഷ്മണനും സുന്ദരിയെ ഏറ്റെടുത്തില്ല. രണ്ടു പേരും തന്നെ വകവയ്ക്കുന്നില്ലെന്നു കണ്ടപ്പോൾ ശൂർപ്പണഖയുടെ രൂപം മാറി. ഉത്തമസ്ത്രീത്വത്തിന്റെ പ്രതീകമായ സീതാദേവിയെ കടന്നാക്രമിക്കാനായി ശ്രമം. ലക്ഷ്മണൻ പിന്നെ ഒന്നും ചിന്തിച്ചില്ല. വാളെടുത്തു വേണ്ടതെല്ലാം അരിഞ്ഞുവീഴ്ത്തി.

‘‘വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം ഛേദിച്ച നേരമവളലറി മുറയിട്ട നാദത്തെക്കൊണ്ടു ലോകമൊക്കെ മാറ്റൊലിക്കൊണ്ടു’’ എന്നു കിളിമകൾ പാടുന്നു. അന്നു ശൂർപ്പണഖയുടെ കളി രാമലക്ഷ്മണന്മാരുടെ അടുത്തു നടന്നില്ല.

എന്നാൽ, ഇന്നുമുണ്ടു ശൂർപ്പണഖമാർ. മാന്യന്മാരെപ്പോലും വീഴ്ത്തി കാമവെറി തീർക്കാൻ തക്കം പാർത്തു നടക്കുന്നവർ. നല്ലവരായ സ്ത്രീകൾക്കു പോലും നാണക്കേടുണ്ടാക്കുന്നവർ. അവരെ എന്തു ചെയ്യണമെന്നു ലക്ഷ്മണനിലൂടെ പറഞ്ഞുതരികയാണു മാമുനി.

നമ്മൾ ഓരോരുത്തരുടെയും ഉള്ളിന്റെ ഉള്ളിൽ തന്നെ ദുഷ്ടചിന്തകളായ ശൂർപ്പണഖമാർ ചിലപ്പോൾ വഴിമുടക്കി വന്നെന്നിരിക്കും. അത്തരം ദുഷ്ടചിന്തകളെ ഉടൻ അരിഞ്ഞുകളയണമെന്നു കൂടിയാണു മാമുനി നമ്മോടു പറയുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.