Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റ അമ്പിന് ഏഴു മരങ്ങൾ; അസാധ്യമായി എന്തുണ്ട്?

Ramasudha-August07

സഹസ്രാബ്ദങ്ങൾക്കു മുൻ‍പേ പിറന്ന ആദികാവ്യം ഇന്നും വിസ്മയങ്ങളുടെ കലവറയാണ്. ആദികവിയുടെ ഭാവനകൾ പലതും ലോകത്തെ വിസ്മയിപ്പിച്ചു. ഭാരതത്തിൽ നിന്നു ലങ്കയിലേക്കും തിരിച്ചും സമുദ്രത്തിനു മീതേ പുഷ്പകവിമാനം പറത്തിയ ആദികവി ജീവിച്ചതു വിമാനത്തെക്കുറിച്ചു ശാസ്ത്രലോകം ചിന്തിക്കാൻ തുടങ്ങുന്നതിനും ആയിരക്കണക്കിനു കൊല്ലം മുൻപാണെന്നോർക്കണം.

വട്ടത്തിൽ നിൽക്കുന്ന ഏഴു വൻമരങ്ങളെ ഒറ്റ അമ്പ് എയ്തു വീഴ്ത്തുകയെന്ന വിസ്മയവും രാമായണം നമുക്കു മുന്നിൽ വയ്ക്കുന്നു. സീതയെ അന്വേഷിച്ചു കാട്ടിലൂടെ നടക്കുന്ന രാമലക്ഷ്മണന്മാർ യാദൃച്ഛികമായി ഹനൂമാനെയും സുഗ്രീവനെയും കാണുന്നു. ജ്യേഷ്ഠനായ ബാലിയെ പേടിച്ച് അവിടെ കഴിയുകയാണു സുഗ്രീവൻ. സീതയെ കണ്ടെത്താൻ സുഗ്രീവനും ബാലിയെ വധിക്കാൻ രാമനും സഹായിക്കാമെന്നേറ്റു സഖ്യം ചെയ്തു. എന്നിട്ടും രാമന്റെ കഴിവിൽ സുഗ്രീവനു സംശയം. സുഗ്രീവൻ രാമനു മുന്നിൽ യോഗ്യതാപരീക്ഷ വയ്ക്കുകയാണ്:

‘‘വട്ടത്തിൽ നിൽക്കുമിവറ്റെയൊരമ്പെയ്തു പൊട്ടിക്കിൽ ബാലിയെക്കൊല്ലായ്‌വരും ദൃഢം’’ എന്ന്. ഏഴു വന്മരങ്ങൾ വട്ടത്തിൽ നിൽക്കുകയാണ്. ഒരൊറ്റ അമ്പ് എയ്ത് ഏഴു മരങ്ങളും വീഴ്ത്തണം. അതായിരുന്നു പരീക്ഷ. സുഗ്രീവന്റെ പരീക്ഷയ്ക്കു രാമൻ തയാറായി.
‘‘ചാപം കുഴിയെക്കുലച്ചൊരു സായകം ശോഭയോടേ തൊടുത്തെയ്തരുളീടിനാൻ സാലങ്ങളേഴും പിളർന്നു പുറപ്പെട്ടു ശൈലവും ഭൂമിയും ഭേദിച്ചു പിന്നെയും...’’

വട്ടത്തിൽ നിൽക്കുന്ന ആ ഏഴു വന്മരങ്ങളും പിളർത്തി വീഴ്ത്തി എന്നു മാത്രമല്ല എല്ലാം കഴിഞ്ഞ് ആ അമ്പ് തന്റെ ആവനാഴിയിൽ തിരിച്ചുവന്നുവീഴുന്ന വിസ്മയം കൂടി രാമൻ സുഗ്രീവനു കാണിച്ചുകൊടുത്തു.

അസാധ്യമെന്നു ചിന്തിച്ചേക്കാവുന്ന പല വിസ്മയങ്ങളും ആയിരക്കണക്കിനു കൊല്ലങ്ങൾക്കു മുൻപു തന്നെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച ആദികവിയുടെ പ്രതിഭ ഇന്നും വിസ്മയം തന്നെ. ആത്മാർഥതയും സമർപ്പണബുദ്ധിയുമുണ്ടെങ്കിൽ, അസാധ്യമെന്നു കരുതുന്ന ഒട്ടേറെ കാര്യങ്ങൾ ഒറ്റയടിക്കു വിജയകരമായി ചെയ്തുതീർക്കാൻ കഴിയുമെന്നു നമ്മെ ഓർമിപ്പിക്കുകയാണു രാമകഥ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.