Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാർഥനയ്ക്കൊപ്പം പുത്രീയപ്പായസവും

Ramayana bala kanda

സമ്പത്തും സൗഭാഗ്യവും വേണ്ടുവോളം. ദശരഥ മഹാരാജാവിനു, പക്ഷേ മക്കളില്ല. രാമായണത്തിൽ ആദ്യ അധ്യായമായ ബാലകാണ്ഡത്തിൽത്തന്നെ ചർച്ച ചെയ്യുന്ന പ്രധാന വിഷയം ദശരഥമഹാരാജാവിന്റെ മക്കളില്ലായ്മയാണ്. മക്കളില്ലെങ്കിൽ പിന്നെ എന്തിന് എനിക്ക് ഈ രാജ്യവും സമ്പത്തുമൊക്കെ എന്നു പോലും അദ്ദേഹം കുലഗുരുവായ വസിഷ്ഠനോടു ചോദിക്കുന്നു. മക്കളുണ്ടാകാൻ എന്തു ചെയ്യണമെന്നും വസിഷ്ഠനോട് ഉപദേശം തേടുന്നു.

ഋശ്യശൃംഗമഹർഷിയെ വരുത്തി പുത്രകാമേഷ്ടി യാഗം നടത്താനായിരുന്നു വസിഷ്ഠന്റെ ഉപദേശം. അങ്ങനെ യാഗഹോമാദികൾ തുടങ്ങി. ആ ഹോമകുണ്ഡത്തിൽ നിന്നു സ്വർണപാത്രവുമായി അഗ്നിദേവൻ ഉയർന്നുവന്നു.

‘‘താവകം പുത്രീയമിപ്പായസം കൈക്കൊൾക നീ ദേവനിർമിതമെന്നു പറഞ്ഞു പാവകനും.....’’ എന്നാണ് എഴുത്തച്ഛൻ ആ നിമിഷങ്ങളെ വിവരിക്കുന്നത്.

(മക്കളുണ്ടാകാൻ ശക്തിയുള്ള ദേവനിർമിതമായ പായസമാണ് ഇതിനകത്തുള്ളത്. ഇത് അങ്ങയുടെ ഭാര്യമാർക്കു കഴിക്കാൻ നൽകൂ.)

മക്കളില്ലാത്തവർക്കു മക്കളുണ്ടാകാൻ സഹായിക്കുന്ന പുത്രീയപ്പായസമാണ് അഗ്നിദേവൻ നൽകുന്നത്. സന്താനഭാഗ്യത്തിനു പ്രാർഥന മാത്രമല്ല, ഔഷധവും നിർബന്ധമാണെന്നു ഋശ്യശൃംഗനറിയാം. അതുകൊണ്ടുതന്നെ, യാഗവും ഹോമവും മറ്റും ചെയ്തതു കൊണ്ടു മാത്രമായില്ല, ഈ ഔഷധപ്പായസം കഴിക്കുക കൂടി ചെയ്താൽ മാത്രമേ മക്കളുണ്ടാകൂ എന്നു വളരെ വ്യക്തമായിത്തന്നെ പറയുന്നു.

ഋശ്യശൃംഗന്റെ വാക്കുകൾ യുഗങ്ങൾക്കിപ്പുറം, ഇന്നും, പ്രസക്തമാണ്. വിവാഹം കഴിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞിട്ടും മക്കളില്ലാത്തവർക്ക് പൂജയും ഹോമവും നടത്തിയും തകിട് എഴുതിക്കെട്ടിയും ഉടനടി സന്താനഭാഗ്യം നേടിത്തരാമെന്നു വാഗ്ദാനം ചെയ്യുന്നവർ ഒരുവശത്ത്. മക്കളില്ലാത്ത എല്ലാവർക്കും മരുന്നു കൊണ്ടു മാത്രം മക്കളെ നൽകും എന്നു വാഗ്ദാനം ചെയ്യുന്ന വന്ധ്യതാനിവാരണക്കാർ മറുവശത്ത്. ഇവിടെയാണ്, സന്താനലബ്ധിക്കു പ്രാർഥനയുടെയും ഔഷധത്തിന്റെയും പ്രാധാന്യം ഓർമിപ്പിച്ച്‌ ആദികാവ്യത്തിന്റെ ഈരടികൾ നമ്മിലേക്കെത്തുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.