Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമ്മുടെ ദുരിതാനുഭവങ്ങൾക്ക് മറ്റുള്ളവരെന്തു പിഴച്ചു...?

Do not blame others for our badluck

നല്ല കാലം വന്നു നല്ല ഫലങ്ങൾ അനുഭവിക്കുമ്പോൾ, ‘അതെല്ലാം എന്റെ കഴിവു കൊണ്ട്’ എന്നു പറയും. കഷ്ടകാലം വന്നു ദുരിതഫലങ്ങൾ അനുഭവിക്കുമ്പോൾ, ‘അവനാണ് അല്ലെങ്കിൽ അവളാണ് എന്റെ എല്ലാ കഷ്ടതകൾക്കും കാരണം’ എന്നാകും ചിന്ത. സ്വന്തം കഷ്ടാനുഭവങ്ങളുടെ കാരണം മറ്റുള്ളവരാണെന്നു ചിന്തിക്കുന്നവർ ഇക്കാലത്തും കുറവല്ല. എന്നാൽ അത്തരം ചിന്ത ശരിയല്ലെന്നാണു രാമായണം നമ്മോടു പറയുന്നത്.

പണ്ടു രാമനും സീതയ്ക്കുമൊക്കെ കഷ്ടകാലം വന്നു. യുവരാജാവാകേണ്ടിയിരുന്ന രാമന്റെ അഭിഷേകം മുടങ്ങി, കാട്ടിലേക്കു പോകേണ്ടിവന്നു, പിന്നീട് ഒരുപാടു ദുരിതങ്ങൾ വേറെയും. എല്ലാറ്റിനും കാരണം ആ മന്ഥരയാണെന്നു ചിലർ. കൈകേയിയാണു നാശം വിതച്ചത് എന്നു വേറെ ചിലർ. മറ്റാരുമല്ല ദശരഥ മഹാരാജാവു തന്നെയാണു ദുരിതങ്ങൾക്കു മുഴുവൻ കാരണക്കാരൻ എന്നായി ചിലരുടെ ചിന്ത.

ഏതായാലും രാമന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായതിൽ എല്ലാവരും ക്രുദ്ധരാണ്. എന്നാൽ എല്ലാവരെയും ആശ്വസിപ്പിക്കുകയാണു വാമദേവൻ: ‘‘രാവണനിഗ്രഹാർഥം വിപിനത്തിനു

ദേവഹിതാർഥം ഗമിക്കുന്നിതിന്നതിൻ

കാരണം മന്ഥരയല്ല കൈകേയിയല്ലാരും ഭ്രമിക്കായ്ക രാജാവുമല്ലല്ലോ’’ എന്ന്.

രാമനു കാട്ടിലേക്കു പോകേണ്ടിവരുന്നത് ഈശ്വരനിശ്ചയമാണ്. മന്ഥരയും കൈകേയിയും രാജാവുമൊന്നുമല്ല കാരണക്കാർ എന്നാണു വാമദേവൻ പറയുന്നത്. അവർ വിധിയുടെ ഉപകരണങ്ങൾ മാത്രം.

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നല്ലതും ചീത്തയുമായ അനുഭവങ്ങൾ ഉണ്ടാകും. അതെല്ലാം ഈശ്വരനിശ്ചയമാണെന്നാണു രാമകഥ നമ്മോടു പറയുന്നത്. എന്നാൽ ചീത്ത അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അതു മറ്റുള്ളവർ കൂടോത്രം ചെയ്തിട്ടാണെന്നു വരെ ചിലരെങ്കിലും ഇപ്പോഴും ചിന്തിക്കുന്നു. അതും കടന്ന്‌, മറുകൂടോത്രത്തിനും അവർ മുതിരുന്നു.

അങ്ങനെയങ്ങനെ ദുർമന്ത്രവാദങ്ങളുടെ പരമ്പര തന്നെ ഈ സാക്ഷരകേരളത്തിൽ പോലും ഇപ്പോഴും നടക്കുന്നു. ഇവിടെയാണ്, അവനവനു കഷ്ടകാലം വരുമ്പോൾ അതു മറ്റുള്ളവർ എന്തെങ്കിലും ചെയ്തിട്ടാണെന്ന ചിന്ത വിവരക്കേടാണെന്ന ആദികാവ്യത്തിന്റെ ഈരടികൾക്കു പ്രസക്തി.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.