Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമായണമാസാചരണം എങ്ങനെ?

astro-ramayanam

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന മാസമാണ് കർക്കടകം. തുള്ളിക്കൊരുകുടം മഴ പെയ്യുന്നതിനാൽ കള്ളകർക്കടകം, പഞ്ഞമാസം എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ആധ്യാത്മിക കാര്യങ്ങൾക്ക് ഉത്തമമായിട്ടാണ് ഈ മാസത്തെ കണക്കാക്കുന്നത്.

ദുരിതം നിറയുന്ന കർക്കടകത്തിൽ ഈശ്വര ഭജനത്തിലൂടെ കുടുംബൈശ്വര്യം വർധിപ്പിക്കാൻ സാധിക്കും എന്നതാണ് രാമായണ മാസാചരണത്തിന്റെ പിന്നിലെ വിശ്വാസം. ശരീരശുദ്ധിയോടെ നിലവിളക്ക് കൊളുത്തി അതിനു മുന്നിൽ ചമ്രം പടഞ്ഞിരുന്ന് രാമായണത്തെ തൊട്ട് വന്ദിച്ച് കർക്കടകം ഒന്നാം തീയതി മുതൽ പാരായണം തുടങ്ങുന്നു. കർക്കടകത്തിലെ എല്ലാ ദിവസവും ഇതു തുടരുകയും കർക്കടകം അവസാനിക്കുമ്പോൾ ശ്രീരാമപട്ടാഭിഷേകം വായിച്ച് പുഷ്പങ്ങൾ വിളക്കിനു മുന്നിൽ അർപ്പിച്ചു പാരായണം പൂർത്തിയാക്കുകയും ചെയ്യുന്നു. കർക്കടകത്തിലെ എല്ലാ ദിവസവും നിലവിളക്കു കൊളുത്തുമ്പോൾ കിണ്ടിയിൽ ശുദ്ധജലത്തോടൊപ്പം ദശപുഷ്പം വയ്ക്കുന്നത് അത്യുത്തമമാണ്. ഒന്നാം തീയതി വായന ആരംഭിച്ചാൽ കർക്കടകം അവസാനദിവസം വരെ മുടങ്ങാതെ വായിക്കുന്നതു നല്ലതാണ്. എല്ലാ ദിവസവും ഒരാൾ‍ തന്നെ വായിക്കണമെന്നില്ല.

കർക്കടകത്തിലാണ് പ്രധാനമായ നാലമ്പലദർശനം നടത്തുന്നത്. തൃശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, പായമ്മേൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവിടങ്ങളിൽ ഉച്ചപൂജയ്ക്കു മുൻപു തൊഴുന്നത് അതിവിശേഷമാണ്. കോട്ടയം ജില്ലയിൽ രാമപുരത്ത് ശ്രീരാമക്ഷേത്രവും കൂടപ്പുലത്ത് ലക്ഷ്മണക്ഷേത്രവും അമനകരയിൽ ഭരതക്ഷേത്രവും മേതിരിയിൽ ശത്രുഘ്നക്ഷേത്രവും ഉണ്ട്. ഇവ മൂന്നു കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്നതിനാൽ ദർശനം എളുപ്പമാണ്.

പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടകത്തിലേത്. ഓരോ അമാവാസിക്കും പിണ്ഡമൂട്ടാന്‍ കഴിയാത്തവര്‍ കർക്കടകവാവിനു ബലിയിട്ടാല്‍ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണു വിശ്വാസം. തലേന്ന് ഒരിക്കൽ എടുത്ത് കർക്കടകവാവു ദിവസം കുളിച്ചു ഈറനണിഞ്ഞു ഏതെങ്കിലും തീര്‍ഥഘട്ടങ്ങളിലോ ബലിതര്‍പ്പണാദികള്‍ അനുഷ്‌ഠിക്കുന്ന ക്ഷേത്രത്തിലോ ബലിയിടാം. എള്ളും പൂവും ചന്ദനവും ഉണക്കലരിയും കൊണ്ടാണ് ബലിതർപ്പണം നടത്തുക. മത്സ്യമാംസാദികൾ, ലഹരിപദാര്‍ഥങ്ങള്‍ ഇവ വര്‍ജിക്കുക. പകലുറക്കം പാടില്ല. പിതൃക്കളെ സ്മരിച്ചു കൊണ്ടുള്ള കർക്കടകവാവ് ദിനത്തിലെ ബലിതർപ്പണം കുടുംബഅഭിവൃദ്ധിയും ഐക്യവും ദീർഘായുസ്സും പ്രദാനം ചെയ്യും. കർക്കടകവാവ് ബലിതർപ്പണം ഇത്തവണ ഓഗസ്റ്റ് 02 ചൊവ്വാഴ്ചയാണ്.

Your Rating: