Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരമാണു പരമധർ‌മം

Sabarimala Sabarimala

കേരളത്തിലെ ക്ഷേത്രങ്ങളിലെ ആചാര-അനുഷ്ഠാനങ്ങൾ തികച്ചും വ്യത്യസ്തമാണ്. അതതു സ്ഥലത്തെ പ്രാദേശികമായ പ്രത്യേക ആചാരമനുസരിച്ചുള്ള രീതികൾ പല ക്ഷേത്രങ്ങളിലും സ്വീകരിക്കാറുമുണ്ട്. ശബരിമല ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കും അതിന്റേതായ പ്രത്യേകതയും പവിത്രതയും ഉണ്ട്. അതു ശാസ്ത്രത്തിന്റെയോ മറ്റു നിയമങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രമാകണമെന്നില്ല.

ശബരിമലയിൽ യുവതികൾക്കു പ്രവേശനം നിഷേധിക്കുന്നത് അവിടത്തെ ആചാരത്തിന്റെ ഭാഗമാണ്. ഈ ആചാരം നിലനിൽക്കുമ്പോഴും ക്ഷേത്രത്തിൽ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും കുറവുമില്ല. എല്ലാം വർധിച്ചു വർധിച്ചു വരുന്നുമുണ്ട്.

ക്ഷേത്രകാര്യങ്ങളിൽ ശാസ്ത്രത്തെക്കാളും പ്രാധാന്യം ധർ‌മത്തിനു കൊടുക്കണമെന്നാണു പറയപ്പെടുന്നത്. ആചാരഃ പരമോ ധർ‌മഃ.... ആചാരമാണു പരമമായ ധർ‌മമെന്നു പറയുന്നു. ധർ‌മത്തിൽ എല്ലാം നിലനിൽക്കുന്നു. ശാസ്ത്രം കൊണ്ടു പോലും ധർ‌മത്തെ ഒരു കാരണവശാലും നിഷേധിക്കുവാൻ പാടില്ല എന്നതിനു ജ്യോതിഷ ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു.

‘ന ശാസ്ത്രദൃഷ്ട്യാ വിദുഷാ കദാചി–

ദുല്ലഘനീയാഃ കുലദേശധർ‌മാഃ

മൂലം ഹി തേഷാം ച്യുതവേദശാഖാ

ബ്രൂയാദ് ഹി ധർമസ്ഥിതിഭംഗദോഷഃ’’

ധർ‌മത്തിനു ഭംഗം വരുന്നതിനാൽ ശാസ്ത്രത്തെക്കൊണ്ടു വിദ്വാൻ ഒരിക്കലും കുല-ദേശ ആചാരങ്ങളെയും ധർ‌മങ്ങളെയും ലംഘിക്കരുത് എന്നർഥം. ഈ വിഷയത്തെക്കുറിച്ചു പരാമർശിക്കുന്ന മറ്റൊരു ശ്ലോകവുമുണ്ട്:

‘ ന ശാസ്ത്രമാത്ര ശരണഃ

ന ചാനാലോചിതാഗമഃ

തസ്മാൽ സത്യപി നിർ‌ദേശേൽ

കുര്യാദൂഹ്യം സ്വയം ധിയാ’ (അഷ്ടാംഗസംഗ്രഹം)

ശാസ്ത്രത്തിൽ പറയുന്നതിനെ അങ്ങനെതന്നെ അനുവദിക്കരുത്. എന്നാൽ ശാസ്ത്രനിർ‌ദേശങ്ങളെ അനുസരിക്കുകയും വേണം. ശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങൾ സത്യമാണെങ്കിൽ കൂടി താൻ ചെയ്യുന്നതിന്റെ ഔചിത്യത്തെക്കുറിച്ചു നല്ലവണ്ണം ആലോചിക്കുകയും വേണം എന്നർഥം.

ഏതൊരു ക്ഷേത്രത്തിലും കാലോചിതമായി പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുകയും അനാവശ്യവും പ്രാകൃതവുമായി തോന്നുന്ന ആചാരങ്ങൾ നിർത്തലാക്കുകയും ചെയ്യണം. എന്നാൽ ഏതെങ്കിലും ധർ‌മത്തിന്റെ അടിസ്ഥാനത്തിൽ വളരെ കാലങ്ങൾക്കു മുൻപു പൂർവികരായ സുകൃതികൾ തുടങ്ങിവച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ആലോചിക്കേണ്ടതുണ്ട്.

ലേഖകന്റെ വിലാസം :‌

A.S. രമേഷ് പണിക്കർ, കളരിക്കൽ വീട്

ചിറ്റഞ്ഞൂർ. പി.ഒ., കുന്നംകുളം, തൃശൂർ ജില്ല

Mob: 9847966177, Resi : 04885 220886

Email : remeshpanicker17@gmail.com

Your Rating: