Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ തള്ളി കണ്ഠര് രാജീവര്

sabarimala-0011

ശബരിമലയിൽ നിത്യദർശനം ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവച്ച നിർദേശങ്ങളെ തള്ളി തന്ത്രി കണ്ഠര് രാജീവര്. ഒരുകാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ആർക്കും കഴിയില്ലെന്നും സർക്കാരിന്റെ നിലപാടുകൾക്കപ്പുറം ദേവഹിതം നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

തൊട്ടടുത്ത ക്ഷേത്രങ്ങളിൽ പോകാത്തവരാണു ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. വരേണ്ടവർക്ക് 50 വയസ്സുവരെ കാത്തിരുന്നുകൂടെയെന്ന് അദ്ദേഹം ചോദിച്ചു. വിഷയം ഇനി കോടതി തീരുമാനിക്കട്ടെ. 

ശബരിമലയെ സംബന്ധിച്ചു വിവാദങ്ങൾ ഇപ്പോൾ കൂടുതലാണ്. അതിനു പിന്നിൽ പ്രത്യേക താൽപര്യം ഉണ്ടോ എന്നു സംശയം തോന്നുന്നതു സ്വാഭാവികമാണ്. ശബരിമല സീസണിൽ മാത്രമേ മുല്ലപ്പെരിയാർ വിവാദം കത്തിനിൽക്കാറുള്ളൂ. ഭക്തരുടെയിടയിൽ ഇത്തരം വിവാദങ്ങളെ സംബന്ധിച്ചു സംശയങ്ങൾ ഉയരാം. 

എല്ലാദിവസവും ദർശനം എന്നതു ദേവഹിതം നോക്കി മാത്രമേ പറയാൻ പറ്റൂ. തന്ത്രശാസ്ത്രം, ജ്യോതിശാസ്ത്രം, ശിൽപശാസ്ത്രം എന്നിവ ചേർന്നതാണു ക്ഷേത്രഘടന. അതിൽ ജ്യോതിശാസ്ത്രത്തിന്റെ പങ്ക് വലുതാണ്. 

എല്ലാദിവസവും ദർശനം എന്നതു നിങ്ങൾക്കോ എനിക്കോ തീരുമാനിക്കാവുന്ന കാര്യമല്ല. കഴിഞ്ഞ മൂന്നു ദേവപ്രശ്നങ്ങളിലും ദർശനം ഇതേപോലെ തുടർന്നാൽ മതിയെന്നും ഒരു നിമിഷം പോലും അധികം പറ്റില്ല എന്നുമാണ് കണ്ടത്. അതു മാനിക്കാതിരിക്കാൻ കഴിയില്ല. മണ്ഡല മകരവിളക്കുകാലത്തുതന്നെ ദർ‍ശനത്തിനെത്താനാണു ഭക്തർ ഏറെയും താൽപര്യപ്പെടുന്നത്. 

ആ സമയത്തു മാത്രമേ വലിയ തിരക്ക് ഇപ്പോഴും അനുഭവപ്പെടുന്നുള്ളൂ. മാസപൂജകൾക്കു പല ദിവസങ്ങളിലും തിരക്കനുഭവപ്പെടാറില്ല. പണം ഈടാക്കി ദർശനം എന്നതു ശബരിമലയിലെന്നല്ല, കേരളത്തിലെ ഒരു ക്ഷേത്രത്തിലും പ്രായോഗികമാവുമെന്നു കരുതുന്നില്ല. ഇതിനോടു യോജിപ്പില്ല– രാജീവര് പറഞ്ഞു.

Your Rating: