Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയുടെ പവിത്രത നിലനിർത്തണ്ടേ...?

Sabarimala

ശബരിമലയിൽ യുവതികൾക്കു പ്രവേശിക്കാമോ എന്ന ചർച്ച നടക്കുമ്പോൾ‌ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. യുവതികൾക്കു പ്രവേശനമില്ലാത്ത ക്ഷേത്രങ്ങൾ കേരളത്തിൽ തന്നെ വേറെയുമുണ്ട്. കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിനു പിന്നിൽ വരെ മാത്രമേ യുവതികൾക്കു പ്രവേശനമുളളൂ. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ രാത്രി 7.30 നുശേഷം നെയ്യമൃതുമായി മാത്രം കയറാം. വൈക്കം മഹാദേവ ക്ഷേത്രത്തിൽ സ്ത്രീകൾ‌ക്കു നിർ‌മാല്യദര്‍ശനത്തിന് അനുവാദമില്ല. പുരുഷന്മാർ‌ക്കു പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളും ഉണ്ട്.

ചില ക്ഷേത്രങ്ങളിൽ മാത്രമേ പിതൃക്കൾ‌ക്കു വേണ്ടി വഴിപാടുകൾ ചെയ്യാൻ പറ്റുകയുള്ളൂ. ഒട്ടു മിക്ക ക്ഷേത്രങ്ങളിലും അതു പാടില്ല. അതുപോലെ പൊതുവായി നടത്തപ്പെടുന്ന പൂജകളിൽ ചിലതു ചില ക്ഷേത്രങ്ങളില്‍ ചെയ്യാറില്ല. ചെമ്പരത്തിപ്പൂവു കൊണ്ടു ശിവലിംഗത്തില്‍ അർച്ചന നടത്താറില്ല. ക്ഷേത്രങ്ങളിലെ പൂജാക്രമങ്ങളും പലേടത്തും വ്യത്യസ്തമാണ്. എന്തുകൊണ്ട്?

ഓരോ ക്ഷേത്രത്തിനും അതിന്റേതായ ആചാരാനുഷ്ഠാനങ്ങൾ ഉണ്ട്. ആചാരാനുഷ്ഠാനങ്ങൾ വെറും കീഴ് വഴക്കം മാത്രമല്ല. അതിന് അവിടത്തെ ദേവചൈതന്യമായി ബന്ധമുണ്ട്. ചൈതന്യത്തിനു ഗ്ലാനി സംഭവിപ്പിക്കുന്ന ഒരു അനുഷ്ഠാനവും ആചാരവും ക്ഷേത്രത്തിൽ പാടില്ല. ഓരോ ക്ഷേത്രവും താന്ത്രികമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന മൂർത്തികളുടെ ചൈതന്യപ്രഭാവത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുളളതാണ്. പൂജാക്രമങ്ങളിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും ചൈതന്യം വർധിപ്പിക്കുകയാണു ചെയ്യുന്നത്. ആ ചൈതന്യപ്രസരമാണ് അവിടെ വരുന്ന ഭക്തർക്കും ദേശത്തിനും ശുഭാനുഭവങ്ങൾ ഉണ്ടാക്കുന്നത്‌. ഇതു തികച്ചും ശാസ്ത്രീയമാണ്. ചൈതന്യത്തിനു ഗ്ലാനി സംഭവിക്കും എന്നുളളതു തന്നെയാണു ശബരിമലയിലെ യുവതീസാന്നിധ്യ വിലക്കിനു മുഖ്യ കാരണം. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ് എന്നാണു വിശ്വാസം.

പ്രകൃതിയിൽ രണ്ടു ജാതി മാത്രമേയുളളൂ– ആണും പെണ്ണും. ശാരീരികവും മാനസികവും ചൈതന്യപരവുമായി ഈ തരംതിരിവു പ്രകടമാണ്. എല്ലാ ജീവജാലങ്ങൾക്കും ചൈതന്യമുണ്ട്. അതു പ്രസരിക്കുന്നുമുണ്ട്. ശബരിമല അയ്യപ്പൻ ബ്രഹ്മചാരി ചൈതന്യമൂർത്തിയാണ്. ഇവിടെ സ്ത്രീചൈതന്യ സാന്നിധ്യം പൊരുത്തപ്പെടില്ല.

രണ്ട്– ശബരിമലയിലെ മുഖ്യ ആചാര അനുഷ്ഠാനം ഒരു മണ്ഡലകാലം മനസാ വാചാ കർ‌മണാ സ്ത്രീസംഗരഹിത ബ്രഹ്മചര്യ വ്രതത്തോടെ ഉളള അയ്യപ്പദർശനമാണ്. വളരെ തിരക്കുളള ശബരിമലയിലെ യുവതീസാന്നിധ്യം നൈഷ്ഠികവൃത്തത്തിലെ വ്രതനിഷ്ഠ തെറ്റാനിടയാകും. അവിടെ വരുന്ന പുരുഷന്മാർ അടിസ്ഥാന പ്രകൃതി നിയമങ്ങളെ അതിജീവിക്കുവാൻ കഴിവുളള യോഗിമാരല്ലല്ലോ. ശബരിമലയിൽ യുവതീസാന്നിധ്യം അനുവദിച്ചാൽ വ്യഭിചാരാദി അനാശാസ്യ പ്രവർത്തനങ്ങൾ അവിടെയും ഉണ്ടാകും എന്നുളളതിനു സംശയമില്ല. ഏറ്റവും കൂടുതൽ അത്തരം പ്രവർത്തനങ്ങൾ നടക്കുന്നതു തീർ‌ഥാടന കേന്ദ്രങ്ങളിലാണ് എന്നുളളതു പരസ്യമായ രഹസ്യമല്ലേ. ഇനി ചിന്തിക്കൂ– ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തണമോ? യുവതികളെ ശബരിമല തീർഥാടനത്തിന് അനുവ ദിക്കണമോ?

ലേഖകൻ

ജയശങ്കർ മണക്കാട്ട് (ജില്ലാ പ്രസിഡന്റ്‌, അഖില കേരള ജ്യോതിശ്ശാസ്ത്ര മണ്ഡലം, കോട്ടയം)

തുരുത്തി പി.ഒ, ചങ്ങനാശ്ശേരി

ഫോൺ : 9496946008

Your Rating: