Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ദ്രജിത്തിന്റെ ജനനവും ശനിഗ്രഹവും

ravana

മണ്ഡോദരി ഗർഭിണിയായി. രാവണൻ നാടടക്കി വിരാജിക്കുകയാണ്. ഇന്ദ്രനും ചന്ദ്രനും രാവണനെ ഭയം. തിരുവായ്ക്കു മറുവാക്കില്ലാതെ ലോകം പഞ്ചപുച്ഛമടക്കി കഴിയുന്നു. ഗുരുതുല്യരായ മാരീചനും ജ്യേഷ്ഠനായ വൈശ്രവണനും മറ്റും രാവണന്റെ ആട്ടും തുപ്പും സഹിച്ചു കഴിയുന്നു.

ഞാനെന്ന ഭാവം തലയ്ക്കു പിടിച്ച രാവണൻ നവഗ്രഹങ്ങളെ ബന്ധിച്ചു ഭീഷണിപ്പെടുത്തി. ‘ഭാര്യ പ്രസവിക്കാൻ പോകുന്നു. നിങ്ങളെല്ലാവരും ഞാൻ പറയുന്ന രാശിയിൽത്തന്നെ നിന്നുകൊള്ളണം. അനുസരിച്ചില്ലെങ്കിൽ ഭവിഷ്യത്ത് അറിയാമല്ലോ’ എന്നൊരു മുന്നറിയിപ്പും.

മണ്ഡോദരിക്കു പ്രസവവേദന തുടങ്ങി. പ്രസവ സമയമടുത്തു. രാവണൻ അതീവ ശ്രദ്ധയോടെ ഗ്രഹങ്ങളെ ശ്രദ്ധിച്ചു. എല്ലാം നിർത്തിയിടത്തുതന്നെ ഉണ്ടല്ലോ എന്ന്. ഈ നിലയിൽ ആണെങ്കിൽ തന്നെക്കാളും പ്രതാപിയായ ഒരു മകൻ ഉടൻ ജനിക്കും എന്ന് വിചാരിച്ചു ശിവപ്രാർഥന ശക്തമാക്കി. ശിവൻ രാവണന്റെ ആരാധ്യമൂർത്തിയാണല്ലോ.

മണ്ഡോദരിയുടെ ഗർഭപാത്രത്തിൽനിന്ന് ഇന്ദ്രജിത്ത് പുറത്തു വരുന്ന സമയം ശരിയായി ശ്രദ്ധിച്ച ശനി പ്രസവസമയത്തു രാശി മാറിയാടി നിന്നു. രാവണനു കോപം വന്നു. രാവണൻ ശനിയെ വെട്ടി. അതു കാലിൽ കൊണ്ടു. അതാണ് ശനി രൂപത്തിന്റെ കാലിന് ഒരു ഏന്തൽ ഉള്ളത്. അന്നു മുതലാണത്രേ ശനിയുടെ പക്ഷിക്കു നടക്കാനറിഞ്ഞു കൂടാതായത്. കാക്ക നടക്കാറില്ലല്ലോ. ചാടിയല്ലേ പോകൂ..

ഇന്ദ്രജിത്തിന്റെ കഥ സൂചിപ്പിക്കുന്നത് ശനിയും മറ്റു ഗ്രഹങ്ങളും തമ്മിലുള്ള ഒരു വലിയ വ്യത്യാസമാണ്. ശനി സത്യം പരിപാലിക്കുന്നവനാണ്. ശിവനോടും ദശരഥനോടും പോലും ശനി തന്റെ കർത്തവ്യത്തിൽ ഇളവു കാട്ടിയിട്ടില്ല. തന്റെ ഡ്യൂട്ടി ഏതു സന്ദർഭത്തിലും ആരെതിർത്താലും കർക്കശമായി ചെയ്യും എന്ന പ്രകൃതമുള്ളവരെ നിഷേധികളായും ലോകം കാണുമല്ലോ. അടി കൊടുത്തോ ഭീഷണിപ്പെടുത്തിയോ അനുനയിപ്പിച്ചോ അനുസരിപ്പിക്കാൻ പറ്റാത്ത സ്വഭാവം. അത് രാവണനായാലും ബ്രഹ്മാവായാലും കീഴടങ്ങാത്ത ശനിയുടെ ഈ പ്രകൃതമാണ് ഇന്ദ്രജിത്തിന്റെ ജനനസമയത്ത് രാശിമാറി ചവിട്ടിയതു തെളിയിക്കുന്നത്.

ലേഖകൻ

Prof. DESIKOM REGHUNADHAN

DESICOM

Near Sastha Temple Arasuparambu

Nedumangad, TVM-Dist.

Kerala, South India

Pin- 695 541, Tel: 0472 2813401

Your Rating: